അത്‌ലറ്റിക്കൊ താരത്തിന്റെ ഗോളില്‍ ബാഴ്‌ലോണക്ക് ജയം

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ മുന്‍നിരപ്പോരാട്ടത്തില്‍ ബാഴ്‌ലോണ 1-0 ന് അത്‌ലറ്റിക്കൊ മഡ്രീഡിനെ തോല്‍പിച്ചു. ജോ ഫെലിക്‌സാണ് ഇരുപത്തെട്ടാം മിനിറ്റില്‍ ഗോളടിച്ചത്. അത്‌ലറ്റിക്കോയുടെ കളിക്കാരനായ ഫെലിക്‌സ് കഴിഞ്ഞ സീസണില്‍ ക്ലബ്ബുമായി ഉരസുകയായിരുന്നു. തുടര്‍ന്ന് താരത്തെ ലോണില്‍ ബാഴ്‌സലോണക്ക് കൈമാറുകയായിരുന്നു. ഗോള്‍കീപ്പറുടെ തലക്കു മുകളിലൂടെ പോര്‍ചുഗീസ് താരം അത്‌ലറ്റിക്കൊ വലയിലേക്ക് പന്തുയര്‍ത്തുകയായിരുന്നു. 
കഴിഞ്ഞ സീസണില്‍ താന്‍ അനുഭവിച്ച എല്ലാ ദുരിതങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഈ ഗോള്‍ എന്നാണ് ഫെലിക്‌സ് പ്രതികരിച്ചത്. 2019 ല്‍ വലിയ പ്രതീക്ഷയോടെയാണ് ഫെലിക്‌സ് 12 കോടി യൂറോയുടെ കരാറില്‍ അത്‌ലറ്റിക്കോയിലെത്തിയത്. 
ഒന്നാം സ്ഥാനം പങ്കിടുന്ന റയല്‍ മഡ്രീഡിനും ജിരോണക്കും നാല് പോയന്റ് പിന്നിലെത്തി ബാഴ്‌സലോണ. റയല്‍ 2-0 ന് ഗ്രനാഡയെയും ജിരോണ 2-1 ന് വലന്‍സിയെയും തോല്‍പിച്ചു. ബാഴ്‌സലോണക്കും മൂന്ന് പോയന്റ് പിന്നിലാണ് അത്‌ലറ്റിക്കൊ. 
 

Latest News