ദോഹ- ഗാസയിലെ ക്രൂരമായ ഇസ്രായിൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കുന്നതിനായി ഖത്തറിലെ മുൻ ഫുട്ബോൾ താരങ്ങളും നിലവിലെ താരങ്ങളും ഡിസംബർ 15 ന് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഒരുമിക്കുമെന്ന് ഖത്തർ ഫൗണ്ടേഷന്റെ ഖത്തർ അക്കാദമി ദോഹ അറിയിച്ചു.
ഫുട്ബോൾ അക്കാദമി ദോഹ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന 'സ്റ്റാൻഡ് വിത്ത് ഫലസ്തീൻ' ചാരിറ്റി മത്സരത്തെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
അൽ മയാസ്സ ബിൻത് തമീം അൽതാനി, മറിയം അഹമ്മദ് അൽ ഹജ്രി, നായിഫ് റാഷിദ് അൽ കുബൈസി, മഹ്ദി ഹുസൈൻ അൽ അഹ്ബാബി, അസ്മ അൽ ജൈദ എന്നിവരുൾപ്പെടെ അക്കാദമിയിലെ വിദ്യാർഥികൾ ആരംഭിച്ച ഒരു സംരംഭമാണ് 'സ്റ്റാൻഡ് വിത്ത് ഫലസ്തീൻ' എന്ന ചാരിറ്റി മത്സരം സംഘടിപ്പിക്കുന്നത്. ഫലസ്തീനികളുടെ ഐക്യദാർഢ്യത്തിൽ പ്രാദേശിക സമൂഹത്തെ പരിപാടികളിലും പ്രവർത്തനങ്ങളിലും ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്ന ഗെയിം, 'ഖത്തർ', 'പലസ്തീൻ' എന്നീ പേരുകളിൽ ടീമുകളെ ഒന്നിപ്പിക്കും.






