ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കി ഗോവ ഒന്നാം സ്ഥാനത്ത്

മഡ്ഗാവ് - കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഈ സീസണിലെ രണ്ടാമത്തെ തോല്‍വി. മഡ്ഗാവില്‍ എഫ്.സി ഗോവയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും ബ്ലാസ്റ്റേഴ്‌സിന് നഷ്ടപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ തോല്‍വി മുംബൈ സിറ്റിക്കെതിരെ മുംബൈയിലായിരുന്നു. ഗോവക്ക് ഏഴു കളികളില്‍ ആറ് ജയവും ഒരു സമനിലയുമായി 19 പോയന്റുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന് ഏഴ് കളിയില്‍ അഞ്ച് ജയവും രണ്ട് സമനിലയും രണ്ട് തോല്‍വികളുമായി 17 പോയന്റും. അഞ്ച് കളിയും ജയിച്ച നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനാണ് മൂന്നാം സ്ഥാനത്ത്. 
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ റൗളിന്‍ ബോര്‍ഹസാണ് ഗോവയുടെ വിജയ ഗോളടിച്ചത്. വിക്ടര്‍ റോഡ്രിഗസിന്റെ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. 
തുടക്കം മുതല്‍ ആക്രമിച്ച ഗോവ സന്ദര്‍ശകരെ സ്വന്തം പകുതിയില്‍ തളച്ചിട്ടു. മുപ്പത്തെട്ടാം മിനിറ്റില്‍ ഗോവക്ക് കിട്ടിയ തുറന്ന അവസരം സന്ദേശ് ജിംഗന്‍ തുലച്ചു. ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന്റെ ചാലകശക്തിയായ അഡ്രിയന്‍ ലൂണയെ ഗോവ മധ്യനിര കത്രികപ്പൂട്ടില്‍ നിര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു. പക്ഷെ ഗോവ പ്രതിരോധം ഉറച്ചുനിന്നതോടെ അവരുടെ ആവേശം ക്രമേണ ആവിയായി.
 

Latest News