ബാങ്കുദ്യോഗം രാജിവച്ച് സ്വന്തമായി ബിസിനസ് നടത്തി വിജയം നേടിയ ഒരു വീട്ടമ്മ. എതിർപ്പിന്റെ കൂരമ്പുകൾ തനിക്കുനേരെ ഉയർന്നുവന്നെങ്കിലും അവയെല്ലാം തൃണവൽഗണിച്ച് നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കുകയായിരുന്നു അവർ. പ്രതിബന്ധങ്ങളെ അവഗണിച്ച് ലക്ഷ്യപ്രാപ്തിക്കായി കുതിച്ചപ്പോൾ അവർക്കു പിന്നിൽ അണിനിരക്കാൻ പലരുമെത്തി.
പോഷകസമൃദ്ധമായ മുരിങ്ങയില കൊണ്ട് പലതരം ഭക്ഷ്യവസത്ുക്കൾ നിർമ്മിച്ച് വിജയം കൊയ്യുകയാണ് തൃശൂർ ജില്ലയിലെ മരോട്ടിച്ചാൽ ഗ്രാമത്തിലെ ഈ വീട്ടമ്മ. സ്വകാര്യ ബാങ്കിൽ ഉയർന്ന നിലയിൽ സേവനമനുഷ്ഠിച്ചെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യമാണ് കാര്യാട്ടു പറമ്പിൽ സോമസുന്ദരന്റെ ഭാര്യയായ അംബികയെ ഇന്നത്തെ നിലയിലെത്തിച്ചത്. കോമേഴ്‌സിൽ ബിരുദവും എം.എസ്.ഡബ്ലുയുവും പാസായതിനുശേഷം പതിനേഴു വർഷക്കാലം ഇസാഫ് ബാങ്കിൽ സീനിയർ മാനേജരായിരുന്ന അംബിക നാല്പത്തിയേഴാം വയസ്സിൽ ആ സ്ഥാപനത്തിന്റെ പടികളിറങ്ങുമ്പോൾ മുൻപിൽ ശൂന്യത മാത്രമായിരുന്നു. എങ്കിലും പ്രതിബന്ധങ്ങളെയെല്ലാം തട്ടിമാറ്റി അവർ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം ഇന്ന് നിരവധി പേർക്ക് അത്താണിയായി മാറിയിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ കുറച്ച് സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കാനും സമൂഹത്തിന് നല്ല ഭക്ഷണം നൽകാനും കർഷകരുടെ ഉല്പന്നങ്ങൾ മൂല്യവർദ്ധിത ഉല്പന്നങ്ങളായി മാറ്റി നല്ല വില നൽകാനുമെല്ലാം ലക്ഷ്യമിട്ട് അതിലൂടെ ലാഭകരമായ ഒരു ബിസിനസ് നടത്തുക എന്ന സ്വപ്‌നത്തിന്റെ പരിണതഫലമാണ് കാര്യാട്ട് ഡ്രൈ ഫുഡ്‌സ് എന്ന പേരിൽ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്.
മില്ലറ്റ് വർഷത്തോടനുബന്ധിച്ച് ബീഹാർ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന രണ്ടു ദിവസത്തെ വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ബീഹാറിലെത്തിയിരിക്കുകയാണ് അംബിക. സംരംഭകർക്ക് അവരുടെ വിജയകഥ പങ്കുവയ്ക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്. കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി കേരളത്തിൽനിന്നും തിരഞ്ഞെടുത്ത രണ്ടു പേരിൽ ഒരാളായിരുന്നു അംബിക. കാര്യാട്ട് ഡ്രൈ ഫുഡ്‌സിനും മില്ലറ്റ് ഫാം കമ്പനി ലിമിറ്റഡിനുമായിരുന്നു ക്ഷണം ലഭിച്ചത്. തങ്ങളുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കാനും അവയെക്കുറിച്ച് വിശദീകരിക്കാനും അവസരം നൽകുകയായിരുന്നു. യാത്രാ ചെലവും താമസവും ഭക്ഷണവുമെല്ലാം യൂണിവേഴ്‌സിറ്റിയാണ് വഹിച്ചത്. തിങ്ങിനിറഞ്ഞ വേദിയിൽ തന്റെ അനുഭവം പങ്കുവച്ച് മറ്റുള്ളവരുടെ ആദരവിന് പാത്രമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അംബിക. കൂടാതെ ബീഹാറിലെ വിവിധ സ്റ്റാർട്ടപ്പ് പരിപാടികളിൽ പങ്കെടുക്കാനും അവർക്ക് കഴിഞ്ഞു.
കൗമാരകാലം മുതൽ മനസ്സിലുണ്ടായിരുന്ന മോഹമായിരുന്നു സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നത്. ആഗ്രഹം ശക്തമായതോടെയാണ് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ സമ്മതം തേടുന്നത്. അദ്ദേഹത്തിന്റെ പിന്തുണ ലഭിച്ചതോടെ ജോലി രാജിവയ്ക്കുകയും സംരംഭം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു- അംബിക പറഞ്ഞുതുടങ്ങുന്നു.
ചക്ക കൊണ്ടുള്ള ഉല്പന്നങ്ങളും മസാലക്കൂട്ടുകളും കറി പൗഡറുകളും നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം. ജില്ലാ വ്യവസായ വകുപ്പിന്റെ സഹായത്തോടെ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി എംപ്‌ളോയ്‌മെന്റ് ഗാരന്റി പ്രോഗ്രാമിലൂടെയാണ് സംരംഭം ആരംഭിച്ചത്. ഡ്രൈ മിക്‌സ് എന്ന ബ്രാൻഡ് നെയിമിലായിരുന്നു തുടക്കത്തിൽ ഉല്പന്നങ്ങൾ വിപണിയിലെത്തിച്ചത്. 2018 ലെ ഓണത്തിന് ഉല്പന്നങ്ങളുടെ ലോഞ്ചിംഗും കമ്പനിയുടെ ഉദ്ഘാടനവും നിശ്ചയിച്ചെങ്കിലും ഓഗസ്റ്റ് മാസത്തിലെത്തിയ പ്രളയം പ്രതീക്ഷകളെയാകെ തകർത്തു. പ്രളയദുരിതങ്ങളെ അതിജീവിച്ച് 2019 സെപ്തംബറിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. രവീന്ദ്രനാഥാണ് കാര്യാട്ട് ഡ്രൈ ഫുഡ്്‌സ് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തത്.
നാട്ടിൽ സുലഭമായി ലഭിച്ചിരുന്ന ചക്കയും ഏത്തക്കയും പാവയ്ക്കയും മഞ്ഞളുമെല്ലാം നാട്ടിൻപുറത്തെ കർഷകരിൽനിന്നാണ് വാങ്ങിയത്. കർഷകർക്ക് അതൊരു ആശ്വാസമാകുമെന്ന ചിന്തയാണ് ഇത്തരം നടപടിക്ക് പ്രേരണയായത്. ഗുണനിലവാരം വച്ചുനോക്കുമ്പോൾ ഉല്പന്നങ്ങൾക്ക് വിപണിയിൽ നല്ല വില നൽകേണ്ടിവരും. എന്നാൽ വൻകിട കമ്പനികൾ ചെറിയ വിലയ്ക്കു സാധനങ്ങൾ വിൽക്കുമ്പോൾ അവരോടു കിടപിടിക്കാൻ കഴിയാതെ വന്നതോടെയാണ് നമ്മുടേതായ ചില സവിശേഷ ഉല്പന്നങ്ങൾ വിപണിയിലെത്തിക്കാമെന്ന ചിന്തയുദിച്ചത്.
തുടക്കം പുട്ടുപൊടിയിലൂടെയായിരുന്നു. പത്തിനം പുട്ടു പൊടികളാണ് നിർമ്മിച്ചത്. കാരറ്റ്, ബീറ്റ് റൂട്ട്, ചക്ക, ചക്കക്കുരു, ചോളം, റാഗി, കപ്പലണ്ടി, ചെറുപയർ, ഗോതമ്പ്, ഏത്തക്ക എന്നിവയിൽ അരിപ്പൊടി ചേർത്തായിരുന്നു പത്തു തരത്തിലുള്ള പുട്ടുപൊടി വിപണിയിലെത്തിച്ചത്. നല്ല സ്വീകാര്യതയാണ് ഉല്പന്നങ്ങൾക്ക് ലഭിച്ചത്. തുടർന്നായിരുന്നു പച്ചനിറത്തിലുള്ള പുട്ടുപൊടിയെക്കുറിച്ച് ചിന്തിച്ചത്. മുരിങ്ങയിലയിലെത്തിയത് അങ്ങിനെ. മുരിങ്ങയില പുട്ടുപൊടിയും വിപണിയിലെത്തിച്ചു. മൂവില പുട്ടുപൊടിയാണ് പുതിയ പരീക്ഷണം. പുതിനയും ചീരയും മുരിങ്ങയിലയും ഒന്നിച്ചുചേർത്ത പുട്ടുപൊടിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. കാരറ്റ്, ബീറ്റ് റൂട്ട്, മുരിങ്ങയില കോമ്പിനേഷനിലുള്ള പുട്ടുപൊടിക്ക് വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയായിരുന്നു പുതിയ പരീക്ഷണം. റാഗി, തിന, ചാമ, യവം, മണിച്ചോളം, കമ്പ് തുടങ്ങിയവയുടെ പൊടികളും വിപണിയിലെത്തിച്ചുതുടങ്ങി. റാഗിയും മണിച്ചോളവും കമ്പും മുളപ്പിച്ചാണ് പൊടിച്ചത്. ഈ ന്യൂട്രിമില്ലറ്റ് പൊടികൾക്ക് നല്ല സ്വീകര്യതയാണ് ലഭിച്ചത്. രണ്ട് സ്പൂൺ പൊടിയെടുത്ത് രണ്ടു ഗ്ലാസ് വെള്ളത്തിൽ കുറുക്കിയെടുത്ത് സേവിച്ചാൽ ഒരു നേരത്തെ ആഹാരമായി. ഡയറ്റിംഗ് നടത്തുന്നവർ പലരും ഈ പൊടിയാണ് ഉപയോഗിക്കുന്നത്. കൂടാതെ മുരിങ്ങയിലയും റോസാദളങ്ങളും ചേർത്ത ടീ ബാഗിനും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രഷറും ഷുഗറും കൊളസ്‌ട്രോളും നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും അസിഡിറ്റി കുറക്കാനുമുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്ന കണ്ടെത്തലാണ് പുതിയ പരീക്ഷണങ്ങളിലേയ്ക്ക് നയിച്ചത്. ഏവർക്കും കഴിക്കാവുന്ന തരത്തിലുള്ള ക്യാപ്‌സൂൾ രൂപത്തിലാക്കി വിപണിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. മുരിങ്ങയുടെയും കാന്താരിയുടെയും പാവയ്ക്കയുടെയും ക്യാപ്‌സൂളുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. കൂടാതെ മുരിങ്ങയും മണിച്ചോളവും ചേർത്ത പായസം മിക്‌സും പുറത്തിറക്കിയിട്ടുണ്ട്. ഒരു പാക്കറ്റ് പായസം മിക്‌സ് രണ്ടു ലിറ്റർ വെള്ളത്തിൽ ചേർത്താൽ രണ്ടു ലിറ്റർ പായസം റെഡി.
കർഷകരിൽനിന്നും കിലോയ്ക്ക് മുപ്പതു രൂപ നിരക്കിലാണ് മുരിങ്ങയില ശേഖരിക്കുന്നത്. അവ മഞ്ഞൾ ചേർത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കി ഡ്രയറിൽ ഉണക്കിയെടുത്ത് മെഷിനിൽ പൊടിയാക്കി സൂക്ഷിച്ചുവയ്ക്കുകയാണ് പതിവ്. പത്തു കിലോ മുരിങ്ങയില ഉണക്കിപ്പൊടിച്ചാലാണ് ഒരു കിലോ മുരിങ്ങയിലപ്പൊടി ലഭിക്കുന്നത്. കോവയ്ക്ക കൊണ്ടാട്ടവും പാവയ്ക്ക കൊണ്ടാട്ടവും ഉൾപ്പെടെ മുപ്പത്തഞ്ചോളം ഉല്പന്നങ്ങൾ കാര്യാട്ട് ഡ്രൈ ഫുഡ്‌സിന്റേതായി ഇപ്പോൾ വിപണിയിലുണ്ട്.
ഇതിനിടെ ദുബായിൽ നിന്നും ഒരു കണ്ടെയ്‌നർ മുരിങ്ങയിലപ്പൊടി ആവശ്യപ്പെട്ടുള്ള അന്വേഷണവും എത്തിയിരുന്നു. ആറുമാസംകൊണ്ട് തരാമെന്നു പറഞ്ഞപ്പോൾ അറിയിക്കാമെന്നു പറഞ്ഞു. ഈ സംഭവം ഞങ്ങളുടെ എം.എൽ.എയായ രാജൻ സാറിനോടു പറഞ്ഞു. പിന്നെ കാര്യങ്ങൾ നടന്നത് ദ്രുതഗതിയിലാണ്. അദ്ദേഹം ഒല്ലൂക്കര ബ്‌ളോക്കിലെ കൃഷി ഡയറക്ടറായ സത്യവർമ്മ മാഡത്തെ വിളിച്ചു. അവർ ഇവിടെയെത്തി കാര്യങ്ങൾ അന്വേഷിച്ചു. തുടർന്ന് പുത്തൂർ, മാടക്കത്തറ, പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളിലെ ആയിരം കുടുംബശ്രീ പ്രവർത്തകരെ ഒരുമിച്ചുകൂട്ടി ഒരു കുടക്കീഴിൽ കൊണ്ടുവന്നു. അവർക്ക് വെള്ളാനിക്കര കാർഷിക സർവ്വകലാശാലയിൽനിന്നും മുരിങ്ങയെക്കുറിച്ചുള്ള പഠനത്തിൽ പി. എച്ച്. ഡി നേടിയ ഡോ. പി. അനിത മാഡത്തിന്റെ നേതൃത്വത്തിൽ പരിശീലനവും നൽകി. ഒാരോരുത്തർക്കും അഞ്ച് മുരിങ്ങത്തൈ വിതരണം ചെയ്തു. കൂടുതൽ ഭൂമിയുള്ളവർക്ക് കൂടുതൽ തൈകൾ നൽകി. പതിനായിരത്തോളം മുരിങ്ങത്തൈകളാണ് അന്നവിടെ വിതരണം ചെയ്തത്. അതോടെ മുരിങ്ങയിലയ്ക്ക് പഞ്ഞമില്ലാതായി.
മുരിങ്ങയില പൗഡർ, ക്യാപ്‌സൂൾ, മുരിങ്ങയില അരിപ്പൊടി, മുരിങ്ങയില മില്ലെറ്റ്, ചട്ട്ണി പൗഡർ, മുരിങ്ങക്കായ പായസം മിക്‌സ് തുടങ്ങിയവയാണ് ഉല്പന്നങ്ങൾ. മുരിങ്ങയില സൂപ്പിനാണ് ഏറ്റവും ഡിമാന്റ്. ഏകദേശം 100 കിലോഗ്രാം ഉണങ്ങിയ മുരിങ്ങയില ഒരു മാസം ആവശ്യമായി വരാറുണ്ട്.
ഇനിയും നിരവധി ഉല്പന്നങ്ങൾ മുരിങ്ങയിലയിൽനിന്നും നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതോടൊപ്പംതന്നെ പപ്പായയുടെ ഫാം പ്രൊഡ്യൂസർ ഓർഗനൈസേഷൻ തുടങ്ങാനും അത് പ്രോസസ് ചെയ്ത് ഉല്പന്നങ്ങളാക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. ഭാവിയിൽ കുറച്ചുപേർക്കു കൂടി തൊഴിൽ നൽകാനും പദ്ധതിയുണ്ട്. ഗ്രാമപ്രദേശങ്ങളിലെ വരുമാനമില്ലാത്ത വനിതകൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായം നൽകാനും ആഗ്രഹമുണ്ട്- അംബിക പറയുന്നു.കൃഷിവകുപ്പിന്റെ കീഴിലുള്ള അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ചാണ് കമ്പനി വിപുലീകരിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിലേയ്ക്കുള്ള പ്രവേശനത്തിനും കമ്പനി തുടക്കം കുറിച്ചുകഴിഞ്ഞു. ഹോർട്ടികോർപ് വഴിയാണ് ഉല്പന്നങ്ങൾ വിറ്റഴിക്കുന്നത്. മുരിങ്ങയില ഉല്പന്നങ്ങൾ വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുന്നത് ഫാം പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനായ ഒ.കെ.എസ് ആണ്. കുടുംബശ്രീ ബസാറുകൾ, അഗ്രോ ബസാറുകൾ, എക്‌സിബിഷൻ സ്റ്റാളുകൾ, എക്കോ ഷോപ്പുകൾ എന്നിവ വഴിയും ഓൺലൈൻ വഴിയുമാണ് വില്പന നടത്തുന്നത്. സ്ത്രീസംരഭകത്വമെന്നതിനാൽ സ്ത്രീകൾക്കാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. സാലി, മിനി, ജൂലി, ജയ, വിജിത, രശ്മി എന്നിവരാണ് ജോലിക്കാരായുള്ളത്. വിജയ് മോഹനാണ് മാനേജർ. ഡ്രൈവറും വിതരണക്കാരനുമായി അഭിലാഷും ജോലി നോക്കുന്നു. കൂടാതെ ഭർത്താവും മക്കളും മരുമകളുമെല്ലാം ഈ ദൗത്യത്തിൽ പിന്തുണയുമായി കൂടെയുണ്ട്. ആർക്കിടെക്റ്റ് വിദ്യാർഥിയായ മകൾ ഇന്ദുലേഖയാണ് ലേബലും സ്റ്റിക്കറുമെല്ലാം ഡിസൈൻ ചെയ്യുന്നത്. വെബ് സൈറ്റായ കാര്യാട്ട്‌ഡ്രൈഫുഡ്‌സ്.കോം എന്ന വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നത് എം.ടെക്കുകാരനായ മകൻ ഇന്ദ്രജിത്താണ്. മരുമകൾ ഗ്രീഷ്മയാകട്ടെ ഫുഡ് സേഫ്റ്റി ടെക്‌നിക്കൽ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. ഭർത്താവ് സോമസുന്ദരനാണ് എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം നിർവ്വഹിക്കുന്നത്.
കാർഷികരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾക്ക് നിരവധി അംഗീകാരങ്ങളും ഈ സംരംഭകയെ തേടിയെത്തിയിട്ടുണ്ട്. കാർഷിക മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണ മികവിന് സംസ്ഥാനതല കൃഷിക്കൂട്ടം അവാർഡ്, ആത്മ അവാർഡ്, വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ മികച്ച വനിതാ സംരംഭ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
കമ്പനിയുടെ ഒരു ഔട്ട് ലെറ്റ് തൃശൂർ ഒളരി ഇ.എസ്.ഐക്കു സമീപം ഈയിടെ ആരംഭിക്കാൻ കഴിഞ്ഞതും നേട്ടമായി. തൃശൂർ ടൗൺ കേന്ദ്രീകരിച്ച് ഒരു മില്ലറ്റ് കഫേ തുടങ്ങുകയാണ് അടുത്ത ലക്ഷ്യം. അതിനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. അംബിക പറഞ്ഞുനിർത്തുന്നു. അംബികയുടെ ഫോൺ നമ്പർ: 9539731501.