Sorry, you need to enable JavaScript to visit this website.

ഫ്രം അരീക്കോട് ഇൻ മലപ്പുറം റ്റു ഫിൻലൻഡ്

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആശ്വാസം പകർന്ന രണ്ടു കാര്യങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കേരളത്തെ മുൾമുനയിൽ നിർത്തിയ 21 മണിക്കൂറുകൾക്ക് ശേഷം കൊല്ലം പൂയപ്പള്ളിയിൽ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ തിരിച്ചുകിട്ടി. ഇത് മലയാളികൾക്ക് സന്തോഷവും ആശ്വാസവും പകർന്നു.  അതേദിവസം ഉത്തരകാശിയിൽനിന്നും മറ്റൊരു ശുഭവാർത്ത എത്തി.  നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.05-ഓടെ ആരംഭിച്ച രക്ഷാദൗത്യത്തിന്റെ അവസാനഘട്ടം ഒന്നരമണിക്കൂറിൽ വിജയം കണ്ടു. മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിച്ചു. തുരങ്കത്തിന് പുറത്ത് സജ്ജമാക്കി നിർത്തിയ ആംബുലൻസിൽ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാ തൊഴിലാളികളും ആരോഗ്യവാന്മാരാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും കേന്ദ്രമന്ത്രി വി.കെ. സിങ്ങും ചേർന്നാണ് പുറത്തെത്തിയ തൊഴിലാളികളെ സ്വീകരിച്ചത്.
ദൽഹിയിൽനിന്നുള്ള റാറ്റ് മൈനർ, മുന്ന ഖുറേഷിയാണ് തൊഴിലാളികളുടെ അടുത്തേക്ക് ആദ്യമെത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അവസാനത്തെ പാറ ഞാനാണ് നീക്കം ചെയ്തത്. എനിക്ക് അവരെ കാണാൻ കഴിഞ്ഞു. തുടർന്ന് ഞാൻ മറുവശത്തേക്ക് ചെന്നു. അവർ ഞങ്ങളെ കെട്ടിപ്പിടിക്കുകയും എടുത്തുയർത്തുകയും ചെയ്തു. രക്ഷിക്കാനെത്തിയതിന് അവർ നന്ദി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂർ ഞങ്ങൾ തുടർച്ചയായി ജോലി ചെയ്യുകയായിരുന്നു. എനിക്ക് എന്റെ സന്തോഷം പ്രകടിപ്പിക്കാനാകുന്നില്ല. എന്റെ രാജ്യത്തിനുവേണ്ടിയാണിത് ചെയ്തത്. അവർ (കുടുങ്ങിയ തൊഴിലാളികൾ) ഞങ്ങൾക്ക് നൽകിയ ബഹുമാനം  എന്റെ ജീവിതത്തിൽ മറക്കാൻ കഴിയില്ല, മുന്നയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
കൊല്ലത്തെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാടും നഗരവും കണ്ണിമ ചിമ്മാതെ നടത്തിയ തെരച്ചിലിന്റെ ഫലമായാണ് അക്രമികൾക്ക്  ഉപേക്ഷിച്ചു പോകേണ്ടിവന്നത്. ഒടുവിൽ 21-ാം മണിക്കൂറിലാണ് ആശ്വാസവാർത്തയെത്തിയത്.  പൂയപ്പള്ളി കാറ്റാടിമുക്കിന് സമീപം ഓട്ടുമല റെജി ഭവനിൽ റെജി ജോണിന്റെയും സിജിയുടെയും ഇളയ മകളാണ് അബിഗേൽ. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ഇൻചാർജ്ജാണ് റെജി. സിജി കൊട്ടിയം കിംസിലെ നഴ്സും. വ്യാജ നമ്പർ വച്ച വെള്ള സ്ഫിറ്റ് ഡിസയർ കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പ്രതികളെ  കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തെങ്കാശിയിൽവെച്ച് പിടികൂടുകയായിരുന്നു. വീട്ടിൽനിന്ന് ഒമ്പതുവയസ്സുള്ള സഹോദരന് ഒപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരുമുൾപ്പെടുന്ന സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. വീട്ടിൽ റെജിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാർ ഉടൻ പൊലീസിൽ അറിയിച്ചു. പോലീസ് സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും വിവരം കൈമാറി. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചും വാഹന പരിശോധനയും നടത്തിയും പോലീസ് വിശ്രമമില്ലാത്ത അന്വേഷണത്തിലായിരുന്നു.
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലായ പത്മകുമാർ പുറമേ മാന്യനാണെങ്കിലും ഇടയ്‌ക്കൊക്കെ തനി സ്വഭാവം പുറത്ത് കാണിക്കുമെന്നാണ് അയൽവാസികൾ പറയുന്നത്. എന്തും ചെയ്യാൻ മടിക്കാത്തയാളാണെന്ന് വെളിപ്പെടുത്തി നാട്ടുകാരും രംഗത്തെത്തി.
അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ചോദ്യം ചെയ്ത ചാത്തന്നൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കഴിഞ്ഞ ജനുവരിയിൽ പത്മകുമാർ കാർ ഇടിപ്പിച്ച ശേഷം നിറുത്താതെ പോയി. തൊട്ടടുത്ത ദിവസം ദമ്പതികൾ വീട്ടിലെത്തിയപ്പോൾ പത്മകുമാറും കുടുംബവും ബഹളം വച്ച് തുരത്തി. പിന്നീട് നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കി. റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടും ഇത്തരം തർക്കങ്ങൾ പലരുമായും ഉണ്ടായിട്ടുണ്ട്.  ചാത്തന്നൂരിലെ ആദ്യകാല കേബിൾ ടി.വി ശൃംഖല നടത്തിപ്പുകാരനാണ് പത്മകുമാർ. കല്യാണി കേബിൾസ് എന്നായിരുന്നു പേര്. വൻതുകയ്ക്ക് കുറച്ച് കാലം മുമ്പ് കേബിൾ ടി.വി ശൃംഖല വിറ്റു. പിന്നീടാണ് റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചത്. ചാത്തന്നൂർ ജംഗ്ഷനിലെ ബാറിന് സമീപം ബേക്കറിയുണ്ട്. ഭാര്യ അനിതയാണ് ബേക്കറി നോക്കി നടത്തിയിരുന്നത്.
പത്മകുമാറിന് നായകളോട് വൻ കമ്പമാണ്. വീട്ടിൽ മുന്തിയ ഇനത്തിലുള്ള മൂന്ന് നായകളുണ്ട്. നേരത്തെ നാടൻ ഇനത്തിലുള്ള നായകളെയും വളർത്തിയിരുന്നതായി അയൽവാസികൾ പറയുന്നു.
അടുത്തകാലത്തായി പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ചിലരോട് വൻ തുക കടം ചോദിച്ചതായും നാട്ടുകാർ പറയുന്നു. 
കൊല്ലം സംഭവത്തിൽ ഏറ്റവും പഴികേട്ട ഒരു വിഭാഗം കേരളത്തിലെ ദൃശ്യ മാധ്യമങ്ങളിലെ റിപ്പോർട്ടർമാരും ക്യമറാമാൻമാരുമാണ്. ഇത്രയേറെ ന്യൂസ് ചാനലുകളുള്ള കേരളത്തിൽ ഞാനാദ്യം, ഞാനാദ്യം എന്ന വാശിയോടെയാണ് ഓരോരുത്തരും പ്രവർത്തിക്കുന്നത്. കൊല്ലത്ത് ഇന്നെല്ലാവർക്കും പരമാനന്ദം എന്നു പറഞ്ഞ് റിപ്പോർട്ട് കൊടുത്താൽ ചാനൽ ആരും കാണില്ല. കൊല്ലത്തായാലും കോത്തായത്തായാലും ഉഷിരുള്ള റിപ്പോർട്ടർമാർ അവരുടെ ജോലി ചെയ്യും. സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്നതാണല്ലോ  തത്വം.  മാധ്യമങ്ങളെ തെറി പറയുന്നതിന് പല കാരണങ്ങളുണ്ടാവാം. വിഗ്രഹങ്ങൾ പലതും തകർന്നു വീണത് പ്രതിപക്ഷത്തിന്റെ മിടുക്ക് കൊണ്ടല്ലല്ലോ. കിട്ടിയ ചാൻസിൽ തെറി വിളിച്ച് ആശ്വസിച്ചവരുമുണ്ട്. സമൂഹ മാധ്യമത്തിൽ ഒരാൾ കുറിച്ചത് ഓരോ സമൂഹത്തിനും അവരർഹിക്കുന്ന മാധ്യമ പ്രവർത്തകരെ മാത്രമേ കിട്ടുള്ളുവെന്നാണ്. നല്ല മിടുക്കന്മാരെയും  മിടുക്കികളേയും മെഡിസിനും എൻജിനിയറിംഗിനും മറ്റു ഗ്ലാമർ കോഴ്‌സുകൾക്കും പറഞ്ഞയച്ച് അവശിഷ്ടത്തിൽ നിന്നല്ലേ ജേണലിസ്റ്റുകളുണ്ടാവുന്നതെന്ന തിയറിയും കുറിച്ചിട്ടത് കണ്ടു. 
അതേസമയം, ആറ് വയസുകാരി അബിഗേലിനെ തിരിച്ചറിയാൻ സഹായിച്ചതിൽ മാധ്യമപ്രവർത്തകർ നിർണായക പങ്കുവച്ചിട്ടുണ്ടെന്ന പക്ഷക്കാരനാണ്  നടൻ ഷെയ്ൻ നിഗം.  മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
*** *** ***
ധനമന്ത്രി നിർമ്മല സീതാരാമൻ പിന്നിട്ട വാരത്തിൽ കൊച്ചിയിൽ നിന്ന് വന്ദേഭാരത് ട്രെയിനിൽ സാധാരണക്കാർക്കൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കേന്ദ്ര മന്ത്രിസഭയിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന മന്ത്രി. പോലീസും പട്ടാളവുമൊന്നും ഒപ്പം കാണാനില്ല. സഹയാത്രികയുടെ കുട്ടിയെ ലാളിക്കുന്നു. യാത്രക്കാർ മാറി മാറി ഒപ്പമിരുന്ന് സെൽഫിയെടുക്കുന്നു. കേന്ദ്ര കാബിനറ്റിൽ അഞ്ചാം റാങ്കിലുള്ള മന്ത്രിയുടെ കൊച്ചി-അനന്തപുരി യാത്രയ്ക്ക് രണ്ടായിരം രൂപയിലേറെ ചെലവായിട്ടുണ്ടാവില്ല. അതല്ല കാര്യം. അവർ പത്രസമ്മേളനത്തിൽ കേരളത്തിന്റെ നെടുമുടി സ്റ്റൈലിൽ ഇവിടെ ഒന്നും കിട്ടിയില്ല, ഇവിടെ ആരും ഒന്നും തന്നില്ലായെന്നുള്ള തുടരൻ വിലാപത്തിന് വായടപ്പൻ മറുപടി കൊടുത്തു. ലൈവ് നിർത്തിയ മാധ്യമ പ്രവർത്തകരോട് ക്യാമറ ഓൺ ചെയ്യാൻ പറഞ്ഞു. എല്ലാം എയറിൽ പരക്കട്ടെ. സത്യമെന്തെന്ന് ജനം അറിയട്ടെ. നിർമലയുടെ രാഷ്ട്രീയം എന്തോ ആകട്ടെ. അവർ കേരളത്തെ പറ്റി ചില നല്ല കാര്യങ്ങളും പറഞ്ഞുവെന്നത് ശ്രദ്ധേയമാണ്. മലപ്പുറം കേരളത്തിൽ ഏറ്റവും സൗഹാർദവും സമാധാനവും നിലനിൽക്കുന്ന സ്ഥലമാണെന്ന് അവിടെ ജീവിച്ചവർക്കെല്ലാം അറിയാം. എന്നാൽ പുറത്ത് പ്രചരിപ്പിക്കുന്ന നിറം പിടിപ്പിച്ച നുണകൾ നൽകുന്ന പ്രതിഛായ മറ്റൊന്നും. മികച്ച ഒറേറ്ററായ നിർമല പറഞ്ഞു-' ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് മുതൽ ആറ് വർഷത്തിനിടെ  ആറ് എഡ്‌ടെക്ക് സ്റ്റാർട്ടപ്പുകൾ യൂണികോണുകളായി. കേരളത്തിൽ മലപ്പുറം ജില്ലയിൽ അരീക്കോട് എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള എജുക്കേഷണൽ ടെക്‌നോളജി സ്റ്റാർട്ടപ്പ് ഇന്റർവെൽ 2023 സെപ്തംബറിൽ ഇന്റർവെൽ ഫിൻലൻഡിന്റെ ടാലന്റ് ബൂസ്റ്റ് പ്രോജക്റ്റിനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതാണ് കേരളത്തിന്റെ വലിയ നേട്ടം, ഇന്ത്യയുടേയും. വികസിത രാജ്യമെന്ന് നമ്മൾ കരുതിയ ഫിൻലൻഡിന് പോലും വിവര സാങ്കേതിക മുന്നേറ്റത്തിന് മലപ്പുറത്തിന്റെ സഹായം വേണം. 
മുപ്പത്  രാജ്യങ്ങളിലെ 25,000 വിദ്യാർഥികൾ ഇന്റർവെൽ  ഉപകാരപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ഒരു സംഘം യുവാക്കളുടെ സേവനം എജുക്കേഷണൽ ടാലന്റ് ബൂസ്റ്റ് സ്റ്റാർട്ട് അപ്പിനായി  ഫിൻലാൻഡ് പ്രയോജനപ്പെടുത്തുന്നു. ഈ സാധ്യതയാണ് നമ്മൾ തിരിച്ചറിയേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും-കേന്ദ്ര മന്ത്രി തുടർന്നു. രസമതല്ല, ഫിൻലൻഡിൽ കേരളത്തിന് ലഭിക്കുന്ന സ്വീകാര്യത നിർമല പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ. ഇത്രയും നല്ലൊരു നേട്ടം നേരത്തെ മനസ്സിലാക്കി ഹൈലൈറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇത്രയും പണം മുടക്കി മുഖ്യമന്ത്രിയ്‌ക്കെന്തിനാണൊരു പിആർ ടിം? 
*** *** ***
സാംസ്‌കാരിക മേഖലയിലേക്ക് സംഘപരിവാർ നടത്തുന്ന കടന്നു കയറ്റങ്ങളേക്കുറിച്ച് തുറന്ന് പറഞ്ഞ്  സിനിമ - സീരിയിൽ നടിയും പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകയുമായ ഗായത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടേയോ ദളിത് ജീവിതങ്ങളുടേയെ കഥ പറയാൻ ശ്രമിക്കുന്നുണ്ടോയെന്ന കാതലായ ചോദ്യം ഉയർത്തുന്ന ഗായത്രിയുടെ വിമർശനം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
നമ്മൾ സീരിയിലുകളിലൂടെ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ഒരു ട്രയാങ്കിളാണ്. അദാനിയും അംബാനിയും ടാറ്റയും അടങ്ങുന്ന കോർപ്പറേറ്റുകളാണ് ഈ ട്രയങ്കളിന്റെ ഒരു കോൺ. ഈ ട്രയാങ്കിളിന്റെ മറ്റ് രണ്ട് കോണുകളെ ബന്ധിപ്പിക്കുന്ന ബേസ് തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും ആണെന്നും പ്രസംഗത്തിലൂടെ ഗായത്രി വർഷ പറഞ്ഞു.
ഈ പ്രസംഗം വൈറലായി മാറിയതിന് പിന്നാലെയാണ് നടിക്കെതിരായ സൈബർ അധിക്ഷേപവും ശക്തമായത്. സ്ത്രീ വിരുദ്ധമായ പരാമർശങ്ങളും താരത്തിനെതിരായി നടക്കുന്നത്. ഇതോടെ താരത്തെ പിന്തുണച്ച് നിരവധിയാളുകളാണ് വന്നിരിക്കുന്നത്. ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു.
*** *** ***
വടക്കേ മലബാറിൽ അര നൂറ്റാണ്ട് മുമ്പ് വടകര പട്ടണത്തിന് വലിയ പ്രാധാന്യമൊന്നുമില്ലായിരുന്നു. നഗരസഭയായിട്ട് അപ്പോൾ അധികമൊന്നുമായിട്ടില്ല. തൊട്ടടുത്ത തലശേരി ബ്രിട്ടീഷ് മലബാറിൽ ജുഡീഷ്യറിയുടെ ആസ്ഥാനം. കേരളത്തിൽ ആദ്യം നിലവിൽ വന്ന മൂന്ന് മുനിസിപ്പൽ നഗരങ്ങളിലൊന്ന്. കമ്യൂണിസ്റ്റ് പാർട്ടിയുടെ കൊലകൊമ്പന്മാരുടെ ആസ്ഥാനം. രണ്ടു മുഖ്യമന്ത്രിമാരെ തെരഞ്ഞെടുത്തയച്ച മണ്ഡലം. ഇപ്പോഴും കേരളത്തെ നിയന്ത്രിക്കുന്ന പാർട്ടിയുടെ  പ്രമുഖരെല്ലാം ഇവിടത്തുകാർ. സ്പീക്കർ, കോടിയേരി, ഇപിജെ ഇങ്ങിനെ എണ്ണിയൊലൊടുങ്ങാത്ത പ്രമുഖർ. പറഞ്ഞിട്ടെന്ത് കാര്യം. വടക്കൻ കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ പേടി സ്വപ്‌നമാണ് മാഹിയും തലശ്ശേരിയും വഴിയുള്ള യാത്ര. തീരെ ഇടുങ്ങിയ റോഡുകൾ. ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന അങ്ങാടികൾ. കോഴിക്കോട് നഗരത്തിന്റെ മിനി ബൈപാസ് വരുന്നതിനും മുമ്പ് യാഥാർഥ്യമായതാണ് വടകര ബൈപാസ്. 1970കളിൽ ഭൂമി ഏറ്റെടുത്ത് യാഥാർഥ്യമായ പദ്ധതി 2050ലെ നഗരത്തിലെ തിരക്ക് മുൻകൂട്ടി കണ്ട് നിർമിച്ചത്. എന്നാൽ തലശ്ശേരിയിൽ ഒന്നും സംഭവിച്ചില്ല. ഒടുവിൽ  നോമിനേറ്റഡ് എം.പി റിച്ചാർഡ് ഹേ (2015-2019) വിഷയം പാർലമെന്റിൽ ഉന്നയിച്ചതോടെയാണ് തലശ്ശേരി-മാഹി ബൈപാസിന് ഫണ്ട് അനുവദിച്ചതും ചത്തു കിടന്ന പദ്ധതിയ്ക്ക് ജീവൻ വെച്ചതും. ദശകങ്ങളുടെ കാത്തിരിപ്പിന് ശേഷം പദ്ധതി ഉദ്ഘാടനത്തിന് സമയമായി. അപ്പോഴാണ് നമ്മുടെ പൊതുമരാമത്ത് മന്ത്രി പാലത്തിലൂടെ മാധ്യമ പ്രവർത്തകർക്കൊപ്പം പ്രഭാത സവാരി നടത്തിയത്. തലശ്ശേരിയിൽ നിന്ന് വടകരയെത്താൻ മണിക്കൂറുകൾ വേണ്ടതില്ല, ഇനി പതിനഞ്ചു മിനുറ്റ് കൊണ്ടെത്താമെന്ന് റിയാസ് മന്ത്രി. എതിരാളികളും വെറുതെയിരുന്നില്ല. പദ്ധതിയുടെ ചരിത്രവും ഭൂമി ശാസ്ത്രവും ചികഞ്ഞെടുത്ത് പെരുമാറി. അല്ലേലും റെയിൽവേ സ്റ്റേഷനിലും ദേശീയ പാതയിലും മാത്രമാണല്ലോ ഇപ്പോൾ വികസനം നടക്കുന്നത്? 
*** *** ***
ഏറെ നാളായി കാത്തിരുന്ന പൃഥ്വിരാജ്- ബ്‌ളസി ചിത്രം ആടുജീവിതത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രിൽ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.  മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 160ന് മുകളിൽ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിനു വേണ്ടി വന്നത് .കോവിഡിലും ചിത്രീകരണം നടന്ന ലോകത്തിലെ ഏക സിനിമ എന്ന പ്രത്യേകതയുമുണ്ട്. മലയാള സിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാർച്ചിൽ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.തുടർന്ന് ജോർദാൻ, അൾജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയിൽ കോവിഡ് കാലത്ത് സംഘം ജോർദാനിൽ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.
അമല പോൾ ആണ് നായിക. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ.ആർ. റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 
*** *** ***
സെലിബ്രിറ്റികളുടെ ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നത്  വലിയ പ്രതിഷേധത്തിനിടയാക്കി.  ഒറിജിനൽ വീഡിയോയിൽ നിന്നും എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കുന്നത്. സമീപകാലത്ത് രശ്മിക മന്ദാന, കാജോൾ, കത്രീന കൈഫ് തുടങ്ങി നിരവധി താരങ്ങളാണ് ഡീപ് ഫേക്കിന് ഇരയായത്.ബോളിവുഡ് താരം ആലിയ ഭട്ടും ഡീപ് ഫേക്ക് വീഡിയോക്ക് ഇരയായിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ഒരു യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്ത് ആലിയയുടേതാണെന്ന വ്യാജേന സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ് ഇപ്പോൾ. ഒരു ലക്ഷം വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുറ്റവാളിക്ക് മേൽ ചുമത്തുന്നത്. രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ബീഹാർ യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും പിന്നീട് ഉണ്ടായില്ല. എ ഐ സാങ്കേതികവിദ്യയുടെ ദുരുപയോഗമാണ് ഇത്തരത്തിൽ ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. എല്ലാറ്റിനും നിയന്ത്രണം നല്ലതാണ്. 

Latest News