Sorry, you need to enable JavaScript to visit this website.

VIDEO - സംഗീതമേ, അമൃത സല്ലാപമേ...

കേരള കലാസാഹിതി എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ അതിഥിയായി ഈയിടെ ജിദ്ദയിലെത്തിയ പ്രസിദ്ധ ഗായിക അമൃതാ സുരേഷ്, അക്ഷരാർഥത്തിൽ സദസ്യരുടെ ഹൃദയങ്ങളിൽ ആസ്വാദനത്തിന്റെ രാഗവർഷം പെയ്യിച്ചു. ഓരോ ഗാനവും ഒന്നിനൊന്ന് വിഭിന്നം. അത് കൊണ്ടു തന്നെ ആവേശത്തിൽ നിറഞ്ഞാടിയ സദസ്സിനെ നോക്കി അമൃത ആനന്ദനൃത്തം ചവിട്ടി. ജിദ്ദയേയും ജിദ്ദയിലെ സഹൃദയരേയും എനിക്ക് മറക്കാനാവില്ല - അവർ പറഞ്ഞു.


ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിംഗറിലൂടെ 2007 ൽ രംഗത്തെത്തിയ അമൃത പൊടുന്നനവെയാണ് രാഗനഭസ്സിലെ ഒരു കുഞ്ഞുനക്ഷത്രമായി ഉദിച്ചുയർന്നതും കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളത്രയും അവരെ ശ്രദ്ധിക്കാൻ തുടങ്ങിയതും. തീർച്ചയായും ഒരർഥത്തിൽ, ഐഡിയ സ്റ്റാർ സിംഗറിലെ പെർഫോമൻസാണ് അമൃതാ സുരേഷ് എന്ന ഗായികയെ ഡിസ്‌കവർ ചെയ്തത് എന്നും പറയാം.
എറണാകുളം എളമക്കര സ്വദേശിയായ അമൃതയുടെ സിരകളിൽ സംഗീതമുണ്ട്. അച്ഛൻ പി.ആർ.സുരേഷ് അറിയപ്പെടുന്ന ഫഌട്ടിസ്റ്റായിരുന്നു. അമ്മ ലൈലയും സംഗീതത്തിൽ കമ്പമുള്ളവർ. അച്ഛൻ അടുത്ത കാലത്ത് അന്തരിച്ചു. അഞ്ചു വയസ്സിന് ഇളപ്പമുള്ള സഹോദരി അഭിരാമി സുരേഷും അറിയപ്പെടുന്ന സംഗീതജ്ഞയാണ്. അമൃതയും അഭിരാമിയും ചേർന്ന് തുടങ്ങിയ 'അമൃതംഗമയ' എന്ന പ്രസിദ്ധമായ മ്യൂസിക് ബാൻഡ് നൂറുക്കണക്കിന് വേദികളെ പുളകമണിയിക്കുന്നു.  

അമൃതാ സുരേഷ്- സംഗീതത്തിനായി സമർപ്പിക്കപ്പെട്ട ജീവിതം. പാട്ടിന്റെ വഴിയിലൂടെയുള്ള യാത്രക്കിടെ കലയിലും ജീവിതത്തിലും നേരിടേണ്ടി വന്ന എല്ലാ വെല്ലുവിളികളേയും സുധീരം അതിജീവിച്ച അമൃത ഈയിടെ ജിദ്ദയിലെ പ്രേക്ഷകരേയും ഗാനലഹരിയിലാറാടിച്ചു. അനിയത്തി അഭിരാമിയോടൊപ്പം ചേർന്ന് അമൃത നടത്തുന്ന മ്യൂസിക് ബാൻഡ് - അമൃതം ഗമയ - ഏറെ ശ്രദ്ധിക്കപ്പെട്ടു. അമൃത പിന്നിട്ട ആലാപന വഴികളിലൂടെ...

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നാദിർഷായുടെ സ്‌റ്റേജ് ഷോയിൽ വന്നതോടെയാണ് അമൃതയിലെ പാട്ടുകാരിക്ക് ഐഡിയ സ്റ്റാർ സിംഗറിന്റെ മൽസരവേദിയിലേക്കൊരു എൻട്രിയായത്. പാട്ടിന്റെ രാഗഭാവങ്ങളത്രയും ഉൾക്കൊള്ളാനുള്ള ജന്മസിദ്ധമായ അവരുടെ വൈഭവം തിരിച്ചറിയപ്പെടുകയായിരുന്നു. ശരത് മ്യൂസിക് നിർവഹിച്ച 'പുള്ളിമാൻ' സിനിമയിൽ പാടാനുള്ള അവസരം കൂടി കൈവന്നതോടെ അമൃതയെ സംഗീതലോകം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. 'ആഗതൻ ' എന്ന സിനിമയിലെ മുന്തിരിപ്പൂ എന്ന പാട്ടും ജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചു. അമൃതയുടെ മ്യൂസിക് ആൽബങ്ങൾ പലതും പുറത്ത് വന്നതും ഇക്കാലത്താണ്. റേഡിയോ സുനോ 91. 7 ലെ റേഡിയോ ജോക്കിയായുള്ള അമൃതയുടെ വേഷവും വേറിട്ടതായി. അവതരണത്തിലെ വ്യതിരിക്തത, ശബ്ദസുഭഗത.. ഇതെല്ലാം അമൃതാ സുരേഷ് എന്ന ഗായികയുടെ ഉയരങ്ങളിലേക്കുള്ള രാഗസോപാനങ്ങളായി മാറുകയായിരുന്നു. സ്വതസ്സിദ്ധമായ നാദമധുരിമയോടൊപ്പം സിറ്റുവേഷൻ അനുസരിച്ചുള്ള ആലാപനരീതി, അവയ്‌ക്കൊപ്പം നൃത്തച്ചുവടുകളുടെ ലാസ്യഭംഗി-  ഇവയുടെ സമന്വയം അമൃതയെ മറ്റു ഗായകരിൽ നിന്ന് തീർത്തും വ്യത്യസ്തയാക്കുന്നു. റേഡിയോയിൽ പ്രവർത്തിക്കുന്ന കാലത്തെ സുനോ മെലഡീസ് എന്ന പ്രോഗ്രാമിനായി പ്രേക്ഷകർ അമൃതയെ കാത്തിരുന്ന നാളുകളുണ്ടായിരുന്നു. തുടർന്നാണ് സംഗീതത്തിനായി മാറ്റി വെച്ച ആ ജീവിതത്തിൽ വഴിത്തിരിവുകളായി മാറിയ നിരവധി മ്യൂസിക് ആൽബങ്ങളുടെ ഉൽഭവം. 


മൂന്നാം വയസ്സിൽ പാട്ട് പഠിച്ച അമൃത എന്ന കുട്ടിയെ അക്കാലത്ത് മൈക്കൽ ജാക്‌സന്റെ ചടുലഗാനങ്ങൾ സ്വാധീനിച്ചുവെന്ന് പറഞ്ഞാൽ അതിശയമായി തോന്നാം. അക്കാര്യമോർക്കുമ്പോൾ അമൃതയ്ക്ക് ഇന്നും അൽഭുതം തോന്നും. എവിടെ നിന്നൊക്കെയോ മൈക്കൽ ജാക്‌സന്റെ ദ്രുതവേഗതയിലുള്ള 
മ്യൂസിക് കാതുകളിലേക്ക് പ്രവഹിച്ചെത്തും. സ്‌കൂളിലെ മിടുക്കിയും ഒന്നാം സ്ഥാനക്കാരിയുമായിരുന്ന അമൃതയെന്ന കുട്ടി പ്ലസ് ടുവിലെത്തിയപ്പോഴേക്കും അറിയപ്പെടുന്ന പാട്ടുകാരിയായി മാറിയിരുന്നു. സംഗീതം മുഖ്യപരിഗണനയായതോടെ പഠനം ഇടയ്ക്ക് വെച്ച് നിർത്തേണ്ടി വന്നു. ഐഡിയ സ്റ്റാർ സിംഗറിനായുള്ള നിരന്തരമായ ഒരുക്കങ്ങളും കടുത്ത പരിശീലനവും മറ്റുമായി പഠനം പൊടുന്നനവെ നിർത്തേണ്ടി വന്നതിൽ ദു:ഖമൊന്നുമില്ലെന്ന് അമൃത പറയുന്നു. സ്വന്തമായി പ്ലസ് ടു എഴുതിയെടുക്കുകയും തുടർന്ന് ബി.ബി.എയും എം.ബി.എയും മാത്രമല്ല, കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും മാസ്റ്റർ ബിരുദവുമെടുത്ത് അക്കാദമിക രംഗത്ത് അദ്ഭുതം കൊയ്തു കൊണ്ട് അനുഗൃഹീതയായ ഈ ഗായിക പഠനരംഗത്തും താൻ മുന്നിൽത്തന്നെയെന്ന് തെളിയിച്ചു. 
ഇന്ത്യയ്ക്കകത്തും പുറത്തും പ്രസിദ്ധി നേടിയ 'അമൃതം ഗമയ' യുടെ ബാനറിനു കീഴിൽ ഇന്ത്യൻ സംഗീതത്തിനു പുറമെ വെസ്റ്റേൺ, റോക്, ഫോക്, ശാസ്ത്രീയ സംഗീതവും അവതരിപ്പിച്ച് വ്യത്യസ്ത വിഭാഗക്കാരായ ആസ്വാദകരെ ആകർഷിച്ചു. കട്ടുറുമ്പ്, അയ്യായോ.. തുടങ്ങിയ പാട്ടുകൾ അമൃതംഗമയക്ക് വേണ്ടി അമൃതയുടെ സഹോദരി അഭിരാമി എഴുതുകയും സംഗീതസംവിധാനം നിർവഹിക്കുകയും ചെയ്തു. സ്‌ട്രോബറിത്തെയ്യം എന്ന ആൽബത്തിലെ കണ്ണ് കറുത്തു... എന്ന പാട്ടും പെട്ടെന്ന് ഹിറ്റായി.  
ആറു വർഷം മുമ്പ് പുറത്തിറക്കിയ ' അണയാതെ' എന്ന ശീർഷകത്തിലുള്ള ആൽബം സ്ത്രീത്വത്തിനും മാതൃത്വത്തിനുമാണ് അമൃതയും അഭിരാമിയും സമർപ്പിച്ചത്. ഇതിനിടെ അമൃത, ചില തമിഴ് സിനിമകളിലും അഭിനയിച്ചു. ഇംഗ്ലീഷ് സിനിമയിലേക്കുള്ള ഒരു ക്ഷണവുമുണ്ടായിരുന്നു. ചില കനേഡിയൻ ചലച്ചിത്രകാരന്മാരിൽ നിന്നുള്ളതായിരുന്നു ഓഫർ. സ്വീഡനിലെ ലക്‌സ് എന്ന നഗരത്തിൽനിന്ന് ഒരു പ്രൊഡ്യൂസറുടെ ക്ഷണമെത്തിയത് അമൃതയുടെ പാട്ട് അദ്ദേഹം യുട്യൂബിൽ കേട്ടതിന്റെ ആവേശത്തിലായിരുന്നു. സലീം സുലൈമാന്റെ ഒരു ഹിന്ദി സിനിമയിലും ശബരിയുടെ തെലുങ്ക് സിനിമയിലും അമൃത പിന്നണി പാടുന്നുണ്ട്. 
ക്രോസ് റോഡ് എന്ന സിനിമയിലെ വീരാംഗന.. എന്ന ഗാനം ആലപിച്ചത് അമൃതയാണ്. അതിനു പിന്നാലെ ആട്-2 എന്ന പടത്തിലെ പാട്ടും ഹിറ്റായി. 2019 ലാണ് ജൂൺ എന്ന ചിത്രത്തിലെ മിന്നിമിന്നി.. എന്ന ഗാനം പ്രസിദ്ധമായത്. ഇതിനിടെ മഴവിൽ മ്യൂസിക്‌സിന്റെ മികച്ച ഗായിക പുരസ്‌കാരം അമൃതയെത്തേടിയെത്തി. വേനൽമരം എന്ന സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട പ്രസിദ്ധ നടൻ ബാലയുമായുള്ള വിവാഹം 2010 ലായിരുന്നു. ആ ബന്ധം ഒമ്പത് വർഷമേ നീണ്ടുനിന്നുള്ളൂ. മകൾ അവന്തിക എന്ന പാപ്പുവിന് പതിനൊന്ന് വയസ്സായി.   
മോഡൽ രംഗത്തും തിളങ്ങിയ അമൃതയുടെ യുട്യൂബ് ചാനൽ ലക്ഷക്കണക്കിനാളുകളാണ് പിന്തുടരുന്നത്. അമൃതംഗമയ എന്നാണ് യുട്യൂബ് ചാനലിന്റേയും പേര്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അമൃത, ഇതിനകം നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയും പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്തു. യാത്രകളോടൊപ്പം ഫാഷൻരംഗത്ത് സംഭാവന നൽകിയും വൈവിധ്യം നിറഞ്ഞ ശൈലിയിൽ ബ്ലോഗെഴുതിയും തന്റെ ലോകം വർണാഭമാക്കുന്ന അമൃതാ സുരേഷ്, തന്റെ ജീവിതം സദാ ഊർജസ്വലമാക്കുന്നു. ലോകത്തെവിടെയാണെങ്കിലും തന്റെ ഇരവുപകലുകളെ രാഗോന്മത്തമാക്കുന്നു. -ഫോട്ടോ : ആസിഫ് / സെവൻ മീഡിയ ജിദ്ദ

Latest News