ജിദ്ദ നെക്‌സ്റ്റ് ജെന്‍ ടെന്നിസ്: ഫൈനലില്‍ ്അട്ടിമറി, ഹമദ് ചാമ്പ്യന്‍

ജിദ്ദ - ടോപ് സീഡായ ഫ്രഞ്ച് താരം ആര്‍തര്‍ ഫില്‍സിനെ അട്ടിമറിച്ച് സെര്‍ബിയയുടെ ആറാം സീഡ് ഹമദ് മെദിയദോവിച് അണ്ടര്‍-21 നെക്‌സ്റ്റ് ജെന്‍ എ.ടി.പി ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീടം നേടി. രണ്ടു മണിക്കൂറിലേറെ നീണ്ട ആവേശകരമായ ഫൈനലില്‍ 3-4 (6-8), 4-1, 4-2, 3-4 (9-11), 4-1 നാണ് ഇരുപതുകാരന്‍ ജയിച്ചത്. പ്രതാപകാലത്തിലേക്ക് തിരിച്ചുപോവാന്‍ ഫ്രഞ്ച് ടെന്നിസ് പ്രതീക്ഷയര്‍പ്പിക്കുന്ന കളിക്കാരനാണ് ഫില്‍സ്. നോവക് ജോകോവിച്ചിനു ശേഷം സെര്‍ബിയന്‍ ടെന്നിസിന്റെ പതാകയേന്തുമെന്ന് കരുതുന്ന കളിക്കാരനാണ് ഹമദ്. ആദ്യമായാണ് ഒരു സെര്‍ബ് താരം ഈ ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്. 
പത്തൊമ്പതുകാരന്‍ ഫില്‍സ് സെമിയില്‍ രണ്ടാം സീഡായ സ്വന്തം നാട്ടുകാരന്‍ ലൂക് വാന്‍ ആഷെയെയാണ് 2-4, 4-1, 4-3 (7-1), 4-3 (7-6) ന് തോല്‍പിച്ചത്. ആറാം സീഡ് ഹമദ് മെദിയദോവിച്ചിനെതിരായ സെമിയില്‍ അമേരിക്കയുടെ ഡൊമിനിക് സ്ട്രിക്കര്‍ പാതിവഴിയില്‍ പിന്മാറി. ഇരുപതുകാരന്‍ ഹമദ് 4-3 (7-5), 2-1 ന് ലീഡ് ചെയ്യുകയായിരുന്നു. ഹമദും ഫില്‍സും ആദ്യ നാലു കളികളും ജയിച്ചിരുന്നു. ഫില്‍സ് ലോക റാങ്കിംഗില്‍ 36ാം സ്ഥാനത്താണ്, ഹമദ് 110ാം സ്ഥാനത്തും. 

Latest News