മിന്നു മണി ഇന്ത്യന്‍ ട്വന്റി20 ടീമില്‍

മുംബൈ - ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി സ്ഥാനം നേടി. എ ടീമുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ നയിക്കുന്നത് മിന്നു മണിയാണ്. ആദ്യ രണ്ടു കളികള്‍ കഴിഞ്ഞപ്പോള്‍ പരമ്പര 1-1 സമനിലയാണ്. മൂന്നാം മത്സരം ഞായറാഴ്ചയാണ്. വനിതാ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ ശ്രേയാങ്ക പാട്ടീലും സായ്ക ഇസ്ഹാഖും ട്വന്റി20 ടീമില്‍ സ്ഥാനം പിടിച്ചു. പരിക്കില്‍ നിന്ന് കരകയറിയ രേണുക സിംഗും സായ്കയും ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും സ്ഥാനം പിടിച്ചു. സായ്ക 15 വിക്കറ്റോടെ വനിതാ പ്രീമിയര്‍ ലീഗില്‍ മുന്‍നിരയിലെത്തിയിരുന്നു. കര്‍ണാടകയുടെ ഇടങ്കൈയന്‍ ഓപണര്‍ സതീഷ് ശുഭയെയും ടെസ്റ്റ് ടീമില്‍ ഉള്‍പെടുത്തി. ആദ്യമായാണ് ഇന്ത്യ നാട്ടില്‍ വനിതാ ടെസ്റ്റ് കളിക്കുക. ഇന്ത്യയുടെ ഇതിനു മുമ്പുള്ള രണ്ട് ടെസ്റ്റുകള്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമായിരുന്നു. 
ടെസ്റ്റില്‍ ആദ്യമായി ഇന്ത്യയെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. മിഥാലി രാജും ജുലാന്‍ ഗോസ്വാമിയും വിരമിച്ച ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റാണ് ഇത്. 

Latest News