ട്വന്റി20 വിജയങ്ങളില്‍ ഇന്ത്യക്ക് റെക്കോര്‍ഡ്

ഇന്ത്യ x ഓസ്‌ട്രേലിയ
അഞ്ചാം ട്വന്റി20
ബംഗളൂരു, നാളെ വൈകു: 4.30

ബംഗളൂരു - ഇന്റര്‍നാഷനല്‍ ട്വന്റി20 മത്സരങ്ങളില്‍ ഏറ്റവുമധികം കളികള്‍ ജയിച്ച ടീമായി ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരായ നാലാം ട്വന്റി20യിലെ വിജയം ഇന്ത്യയുടെ 136ാമത്തേതാണ്. 213 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. 226 കളികളില്‍ 135 ജയങ്ങള്‍ നേടിയ പാക്കിസ്ഥാനെ മറികടന്നു. ന്യൂസിലാന്റാണ് (200 മത്സരങ്ങളില്‍ 102) നൂറിലേറെ ജയങ്ങള്‍ നേടിയ മൂന്നാമത്തെ ടീം. ഓസ്‌ട്രേലിയയും (181 കളികളില്‍ 95) ദക്ഷിണാഫ്രിക്കയും (171 കളികളില്‍ 95) നൂറിനോടടുക്കുകയാണ്. ട്വന്റി20യില്‍ ഇന്ത്യയില്‍ നടന്ന 14 പരമ്പരയിലും ടീം തോറ്റിട്ടില്ല. അവസാനമായി തോറ്റത് ഓസ്‌ട്രേലിയയോടാണ്. 
ഓസ്‌ട്രേലിയക്കെതിരായ പരമ്പര ബംഗളൂരുവിലെ അപ്രസക്തമായ മത്സരത്തോടെ അവസാനിക്കുകയാണ്. റണ്ണൊഴുകിയ ആദ്യ മൂന്നു മത്സരങ്ങള്‍ക്കു ശേഷം റായ്പൂരില്‍ ബോളും ബാറ്റും തമ്മിലുള്ള സന്തുലിതമായ ഏറ്റുമുട്ടലാണ് കണ്ടത്. ഓസ്‌ട്രേലിയയെ കറക്കിവീഴ്ത്തി ഇന്ത്യ പരമ്പര നേടുകയും ചെയ്തു. എന്നാല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ബാറ്റിംഗ് പറുദീസയാണ്. ചെറിയ ബൗണ്ടറിയും വരണ്ട പിച്ചും ബാറ്റര്‍മാര്‍ക്ക് ആഹ്ലാദം പകരും. 
റായ്പൂരില്‍ നാലാം മത്സരത്തിലേറ്റുമുട്ടിയ ടീമുകള്‍ 48 മണിക്കൂറിനിടയിലാണ് വീണ്ടും കൊമ്പുകോര്‍ക്കുന്നത്. എന്നാല്‍ ചില ഓസീസ് കളിക്കാര്‍ക്കെങ്കിലും പരമ്പര അവസാനിച്ചു കാണുന്നതില്‍ സന്തോഷമുണ്ടാവും. ട്രാവിസ് ഹെഡും മാത്യു ഷോടും തന്‍വീര്‍ സംഗയും ഒക്ടോബര്‍ ആദ്യം ലോകകപ്പ് തുടങ്ങിയതു മുതല്‍ ഇന്ത്യയിലുണ്ട്. കനത്ത ജോലി ഭാരം പരിഗണിച്ച് 19 കളിക്കാര്‍ക്ക് നാലു മത്സരങ്ങളില്‍ ഓസീസ് അവസരം നല്‍കി. റായ്പൂരില്‍ സ്പിന്നാണ ഓസീസിനെ വീഴ്ത്തിയത്. എന്നാല്‍ ചിന്നസ്വാമി സ്‌റ്റേഡിയം സ്പിന്നിനെ അത്ര സഹായിക്കില്ല. 
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പെയ്‌സ്ബൗളര്‍മാര്‍ നിരാശപ്പെടുത്തിയതാണ് പ്രധാന ആശങ്ക. റിങ്കു സിംഗും നാലാം മത്സരത്തില്‍ ആദ്യമായി ഇറങ്ങിയ ജിതേഷ് ശര്‍മയും സ്പിന്നര്‍മാരും ഓപണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്കവാദ് എന്നിവരും കാഴ്ചവെച്ച പ്രകടനം ടീം മാനേജ്‌മെന്റിന് ആഹ്ലാദം പകരും. യശസ്വി ജയ്‌സ്വാള്‍ ഈ പരമ്പരയില്‍ 117 റണ്‍സെടുത്തിട്ടുണ്ട്. എന്നാല്‍ നാല് കളിയിലും പവര്‍പ്ലേ അതിജീവിച്ചില്ല. 
നാലാം മത്സരത്തില്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ നാല് മാറ്റം വരുത്തിയിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിനും തിലക് വര്‍മക്കും ഇന്ന് അവസരം നല്‍കിയേക്കും. ഓസീസ് ടീമില്‍ 13 പേരേയുള്ളൂ. അതിനാല്‍ വലിയ മാറ്റത്തിന് സാധ്യതയില്ല. കെയ്ന്‍ റിച്ചാഡ്‌സനെ ടീമിലുള്‍പെടുത്തിയേക്കുമെന്നാണ് സൂചന.
 

Latest News