കോഴിക്കോട് - ഐ-ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ഹോം മത്സരത്തിലും ഗോകുലം കേരളക്ക് തിരിച്ചടി. പഞ്ചാബിലെ കന്നിക്കാരായ നാംധാരി ഇലവനെതിരെ 2-2 സമനിലയുമായി ഗോകുലം രക്ഷപ്പെട്ടതോടെ ഇതോടെ പോയന്റ് പട്ടികയില്‍ മുന്‍ ചാമ്പ്യന്മാര്‍ അഞ്ചാം സ്ഥാനത്തേക്കു പോയി. അയ്‌സ്വാളിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച റയല്‍ കശ്മീര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. മുപ്പത്തഞ്ചാം മിനിറ്റില്‍ പി. നൗഫലിലൂടെ ഗോകുലം ലീഡ് നേടിയെങ്കിലും ആ്ദ്യ പകുതിയുടെ അവസാന അഞ്ച് മിനിറ്റില്‍ ആകാശ്ദീപ് സിംഗും (40ാം മിനിറ്റ്) പല്‍വീന്ദര്‍ സിംഗും (ഇഞ്ചുറി ടൈം) നാംധാരിയെ മുന്നിലെത്തിച്ചു. 75ാം മിനിറ്റില്‍ അലക്‌സ് സാഞ്ചസിന് പകരം ഇറങ്ങിയ കംറോന്‍ തുര്‍സനോവാണ് 81ാം മിനിറ്റില്‍ ഗോകുലത്തിന് സമനില നേടിക്കൊടുത്തത്.
ഒന്നാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനും മുഹമ്മദന്‍ സ്‌പോര്‍ടിംഗിനും നാല് പോയന്റ് പിന്നിലാണ് ഗോകുലം. ഒരു മത്സരം കുറവ് കളിച്ച മുഹമ്മദന്‍സിന് ഒറ്റക്ക് ഒന്നാം സ്ഥാനത്തേക്കുയരാന്‍ അവസരമൊരുങ്ങി. ഈ സീസണില്‍ ഐ ലീഗില്‍ അരങ്ങേറ്റം കുറിച്ച നാംധാരി ആദ്യ ആറ് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമേ നേടിയിരുന്നുള്ളൂ. പതിനൊന്നാം സ്ഥാനത്താണ് അവര്‍.
ഗോകുലം അവസാന ഹോം മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ്.സിയോടും സമനില വഴങ്ങിയിരുന്നു. 18 മത്സരങ്ങള്‍ മുന്നിലുള്ളതിനാല്‍, ഗോകുലത്തിന് തിരിച്ചുവരാനും കിരീടത്തിനായി ശക്തമായ മുന്നേറ്റം നടത്താനും ധാരാളം അവസരങ്ങളുണ്ടെന്ന് കോച്ച് ഡോമിംഗൊ ഒറാമാസ് പറഞ്ഞു.






