സുക്കാര്‍ത്ത - സീനിയര്‍ ലോകകപ്പ് ഫുട്‌ബോളിന് പിന്നാലെ അണ്ടര്‍-17 ലോകകപ്പ് ഫൈനലിലും ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന് തോല്‍വി. ഷൂട്ടൗട്ടില്‍ 4-3 ജയത്തോടെ ജര്‍മനി കൗമാര ലോകകപ്പില്‍ ആദ്യമായി കിരീടമുയര്‍ത്തി. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ അര്‍ജന്റീനയുടെ അഗസ്റ്റിന്‍ റോബര്‍ടോയാണ്. മികച്ച കളിക്കാരന്‍ ജര്‍മനിയുടെ പാരിസ് ബ്രണ്ണറും. മാലിയുടെ ഹാമിദു മകാലുവും ഫ്രാന്‍സിന്റെ മതിസ് അമൂഗുവും മികച്ച രണ്ടാമത്തെയും മൂന്നാമത്തെയും കളിക്കാരായി. ഫ്രഞ്ച് ഗോളി പോള്‍ ആര്‍ഗനിയാണ് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടിയത്.
നിശ്ചിത സമയത്ത് 2-2 ല്‍ സമനിലയായതിനെത്തുടര്‍ന്നാണ് ഫൈനല്‍ നേരിട്ട് ഷൂട്ടൗട്ടിലേക്ക് പ്രവേശിച്ചത്. ആദ്യ അഞ്ച് കിക്കുകളിലും സമനിലക്കുരുക്കഴിഞ്ഞില്ല (3-3). തുടര്‍ന്ന് സഡന്‍ഡെത്തിലാണ് വിധിയായത്. ടൈബ്രേക്കറില്‍ ജര്‍മനിയുടെ ആദ്യ കിക്കെടുത്ത എറിക് ഡാസില്‍വ മൊറീറക്കും അഞ്ചാം കിക്കെടുത്ത അവരുടെ ടോപ്‌സ്‌കോറര്‍ പാരിസ് ബ്രണ്ണര്‍ക്കും പിഴച്ചു. ഫ്രാന്‍സിന്റെ രണ്ടും മൂന്നും കിക്കുകളെടുത്ത എന്‍ഹോയ സാന്‍ഗ്വി, ബാസ്റ്റിയന്‍ മ്യൂപിയു എന്നിവര്‍ക്കും ലക്ഷ്യം കാണാനായില്ല. സഡന്‍ഡെത്തില്‍ ജര്‍മനിയുടെ കബര്‍ അല്‍മുഗേരയുടെ ഷോട്ട് ഗോളായെങ്കിലും ഫ്രാന്‍സിന്റെ ടിഡിയാന്‍ ഗോമിസിന് പിഴച്ചു.
നേരത്തെ രണ്ടു ഗോള്‍ ലീഡ് ജര്‍മനി പാഴാക്കുകയായിരുന്നു. പെനാല്‍ട്ടിയിലൂടെ പാരിസ് ബ്രണ്ണറും ഇടവേള കഴിഞ്ഞയുടനെ നോഹ് ദാര്‍വിഷും ജര്‍മനിക്ക് രണ്ടു ഗോള്‍ ലീഡ് സമ്മാനിച്ചു. അമ്പത്തിമൂന്നാം മിനിറ്റില്‍ സൈമണ്‍ ബുവബ്രെയുടെ ഗോളിലൂടെ ഫ്രാന്‍സ് മത്സരത്തിലേക്ക് വന്നു. അറുപത്തൊമ്പതാം മിനിറ്റില്‍ വിന്നേഴ്‌സ് ഒസാവെ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ജര്‍മനി പ്രതിരോധത്തിലായി. ആള്‍ബലം മുതലെടുത്ത് ഫ്രാന്‍സ് 85ാം മിനിറ്റില്‍ മതിസ് അമൂഗൂയിലൂടെ സ്‌കോര്‍ തുല്യമാക്കി. എന്നാല്‍ വിജയ ഗോള്‍ നേടാന്‍ അവര്‍ക്കായില്ല.
അര്‍ജന്റീനയെ 3-0 ന് തോല്‍പിച്ച മാലിക്കാണ് മൂന്നാം സ്ഥാനം.






