ഇസ്രായില്‍- ഫലസ്തീന്‍ പ്രശ്‌നപരിഹാരം ദ്വിരാഷ്ട്രമെന്ന് മോഡി

ദുബൈ- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി ദുബൈയില്‍ കൂടിക്കാഴ്ച നടത്തി. കോപ് 28 ലോക കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട് യു എ ഇയിലെത്തിയതായിരുന്നു ഇരുവരും. 

ഇസ്രായില്‍- ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരവും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സുസ്ഥിരവുമായ പരിഹാരമാണ് വേണ്ടതെന്നുമാണ് ഇന്ത്യയുടെ നിലപാടെന്ന് പ്രധാനമന്ത്രി മോഡി അറിയിച്ചു. 

ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ബന്ദികളെ മോചിപ്പിച്ചതിനെ സ്വാഗതം ചെയ്തതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്‌സില്‍ പറഞ്ഞു. മേഖലയില്‍ നിലനില്‍ക്കുന്ന ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തെക്കുറിച്ച് മോഡിയും ഹെര്‍സോഗും ആശയവിനിമയം നടത്തി.

ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ജി20 വിജയത്തില്‍ പ്രസിഡന്റ് ഹെര്‍സോഗ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. അതോടൊപ്പം ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ആരംഭത്തെ ഇസ്രായേല്‍ പ്രസിഡന്റ് സ്വാഗതം ചെയ്തു.

ഹമാസ് നടത്തിയ കൂട്ടക്കൊലയിലും ഭീകരപ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ പ്രധാനമന്ത്രി ശക്തമായി അപലപിച്ചതായി ഹെര്‍സോഗിന്റെ വക്താവ് വ്യക്തമാക്കി. 

യു. എ. ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും മോഡി ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം ചര്‍ച്ച ചെയ്തു.

കോപ് 28 വിജയകരമായി സംഘടിപ്പിച്ചതിന് യു എ ഇ പ്രസിഡന്റിനെ മോഡി അഭിനന്ദിക്കുകയും ജനുവരിയില്‍ ഗാന്ധിനഗറില്‍ നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍, സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ അമോര്‍ മോട്ടിലി, ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, സ്വിസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റ് എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തി.

Latest News