പ്രജ്ഞനന്ദയുടെ സഹോദരി ഇന്ത്യയുടെ പുതിയ ഗ്രാന്റ്മാസ്റ്റര്‍

ചെന്നൈ - വൈശാലി രമേശ്ബാബു ഇന്ത്യയുടെ എണ്‍പത്തിനാലാമത്തെ ചെസ് ഗ്രാന്റ്മാസ്റ്ററായി. റെയ്റ്റിംഗില്‍ ശനിയാഴ്ച ഇരുപത്തിരണ്ടുകാരി 2500 കടന്നു. ഇന്ത്യയുടെ യുവ ചെസ് സെന്‍സേഷന്‍ ആര്‍. പ്രജ്ഞനന്ദയുടെ മൂത്ത സഹോദരിയാണ് വൈശാലി. ആദ്യമായാണ് സഹോദരീസഹോദരന്മാര്‍ ഗ്രാന്റ്മാസ്റ്റര്‍മാരാവുന്നത്. കൊണേരു ഹംപി, ഹരിക ദ്രോണാവല്ലിക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വനിതാ ഗ്രാന്റ്മാസ്റ്റര്‍ കൂടിയാണ് അവര്‍. 
എല്ലോബ്രിഗാട് ഓപണിന്റെ രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ താമിര്‍ താരിഖ് സെല്‍ബിസിനെ തോല്‍പിച്ചാണ് വൈശാലി ചരിത്രനേട്ടം കൈവരിച്ചത്. 2019 ലെ എക്‌സ്ട്രാകോണ്‍ ഓപണിലും 2022 ലെ ഫിഷര്‍ മെമ്മോറിയലിലും 2023 ലെ ഖത്തര്‍ ഓപണിലുമായാണ് മൂന്ന് ഗ്രാന്റ്മാസ്റ്റര്‍ നോമുകള്‍ പൂര്‍ത്തിയാക്കിയത്. 2500 റെയ്റ്റിംഗ് കൂടി മറികടന്നതോടെ ഗ്രാന്റ്മാസ്റ്റര്‍ പട്ടം ലഭിച്ചു. വനിതാ റാങ്കിംഗില്‍ ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്. ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തും. നിലവിലെ ഫിഡെ വനിതാ ഗ്രാന്റ് സ്വിസ് 2023 ചാമ്പ്യനാണ്. 
പ്രജ്ഞനന്ദ പന്ത്രണ്ടാം വയസ്സിലാണ് ഗ്രാന്റ്മാസ്റ്ററായത്. ആ സമയത്ത് ഗ്രാന്റമാസ്റ്റര്‍ പട്ടം നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷം പതിനാറാം വയസ്സില്‍ നിലവിലെ ലോക ചാമ്പ്യന്‍ മാഗനസ് കാള്‍സനെ തോല്‍പിച്ചു. പത്താം വയസ്സില്‍ ഇന്റര്‍നാഷനല്‍ മാസ്റ്ററായ റെക്കോര്‍ഡ് ഇപ്പോഴും പ്രജ്ഞനന്ദയുടെ പേരിലാണ്.
 

Latest News