റിയാദ് - സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അന്നസ്‌റിനെ മറുപടിയില്ലാത്ത മൂന്നു ഗോളില്‍ അല്‍ഹിലാല്‍ മുക്കി. ആവേശകരമായ റിയാദ് ഡാര്‍ബിക്കൊടുവില്‍ കളം വിട്ട റൊണാള്‍ഡോയെ മെസ്സി, മെസ്സി വിളികളോടെയാണ് ഹിലാല്‍ ആരാധകര്‍ യാത്രയയച്ചത്. രണ്ടു ഗോളടിച്ച അലക്‌സാണ്ടര്‍ മിത്രോവിച്ചാണ് ഹിലാലിന്റെ ഹീറോ. സെര്‍ജി മിലിന്‍കോവിച് സാവിച്ചും സ്‌കോര്‍ ചെയ്തു.
റിയാദ് വമ്പന്മാരുടെ പോരാട്ടം കാണാന്‍ ആരാധകര്‍ ഒഴുകിയപ്പോള്‍ റിയാദ് തെരുവുള്‍ കാര്‍ ഹോണുകളാല്‍ ശബ്ദമുഖരിതമായി. കിംഗ് ഫഹദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. 2027 ഏഷ്യന്‍ കപ്പിനും 2034 ലെ ലോകകപ്പിനുമായി നവീകരിക്കുന്നതിനായി മൂന്നു വര്‍ഷത്തേക്ക് അടച്ചിടും മുമ്പ് ഈ സ്റ്റേഡിയത്തിലെ അവസാന മത്സരമായിരുന്നു ഇത്.
അന്നസര്‍ ആരാധകര്‍ റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജഴ്‌സിയിലാണ് ഗാലറി നിറഞ്ഞത്. റൊണാള്‍ഡൊ വാംഅപ്പിനിറങ്ങിയപ്പോള്‍ തന്നെ ഗാലറി ഇളകി. രക്ഷിതാക്കള്‍ക്ക് മക്കള്‍ക്ക് റൊണാള്‍ഡോയെ ചൂണ്ടിക്കാണിച്ചു. റൊണാള്‍ഡൊ അന്നസ്‌റില്‍ ചേര്‍ന്നത് സൗദി ഫുട്‌ബോളിനെ അടിമുടി മാറ്റിയെന്ന് ഹിലാല്‍ ആരാധകരും അഭിപ്രായപ്പെട്ടു. അല്‍ഹിലാല്‍ സൗദിയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ചാമ്പ്യന്മാരാണെന്നും എന്നാലും റൊണാള്‍ഡൊ ഉണ്ടാക്കിയ മാറ്റം മഹത്തരമാണെന്നും ഇരുപത്തഞ്ചുകാരനായ റിയാദ് സ്വദേശി ഫഹദ് അല്‍ഖഹ്താനി പറഞ്ഞു.
14 കളികളില്‍ 15 ഗോളുമായി റൊണാള്‍ഡൊ ഗോള്‍പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ക്രിസ്റ്റിയാനൊ റോള്‍ മോഡലാണെന്ന് അന്നസര്‍ കോച്ച് ലൂയിസ് കാസ്‌ട്രൊ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും റൊണാള്‍ഡോയെ പോലെ ആവണം. പക്ഷെ റൊണാള്‍ഡൊ ആവാന്‍ കഠിനാധ്വാനവും സമര്‍പ്പണവും അച്ചടക്കവും വേണം. എല്ലാം തന്റെ സ്വപ്‌നത്തിനായി സമര്‍പ്പിക്കണം -കാസ്‌ട്രൊ പറഞ്ഞു.
ഹിലാല്‍ 1-0 ന് മുന്നില്‍ നില്‍ക്കെ രണ്ടാം പകുതിയില്‍ റൊണാള്‍ഡോ വല കുലുക്കിയെങ്കിലും തലനാരിഴക്ക് ഓഫ്‌സൈഡായി. പിന്നാലെ ഹിലാല്‍ പെനാല്‍ട്ടി ബോക്‌സില്‍ റൊണാള്‍ഡൊ വീണപ്പോള്‍ റഫറി കുലുങ്ങിയില്ല. രണ്ടാം പകുതിയുടെ അന്തിമ ഘട്ടങ്ങളില്‍ മിത്രോവിച് ഹിലാലിന്റെ രണ്ടാം ഗോളടിച്ചപ്പോള്‍ മുന്നേറ്റത്തിനിടയില്‍ തന്നെ ഫൗള്‍ ചെയ്തുവെന്ന് റൊണാള്‍ഡൊ വാദിച്ചു.
റൊണാള്‍ഡൊ-നെയ്മാര്‍ പോരാട്ടത്തിനായി ആരാധകര്‍ കാത്തുനിന്ന മത്സരമായിരുന്നു ഇത്. എന്നാല്‍ നെയ്മാര്‍ പരിക്കേറ്റ് ബ്രസീലില്‍ വിശ്രമത്തിലാണ്. നെയ്മാര്‍ ഹിലാല്‍ ടീമിന് സോഷ്യല്‍ മീഡിയയില്‍ വിജയാശംസ നേര്‍ന്നു.
15 റൗണ്ട പിന്നിട്ടപ്പോള്‍ അന്നസ്‌റിനെക്കാള്‍ ഏഴ് പോയന്റ് മുന്നിലാണ് ഹിലാല്‍.
തുടക്കം മുതല്‍ ഹിലാലാണ് ആക്രമിച്ചത്. ഇരുവശത്തേക്കും അതിവേഗം പന്ത് കയറിയിറങ്ങി. ആദ്യ മിനിറ്റുകളില്‍ തന്നെ മിത്രോവിച്ച് അന്നസര്‍ ഗോളി നവാഫ് അല്‍അഖീദിയെ പരീക്ഷിച്ചു. ക്രമേണ അന്നസര്‍ താളം കണ്ടു. റൊണാള്‍ഡോയുടെ ഷോട്ട് അല്‍ഹിലാല്‍ ഗോളി യാസീന്‍ ബൂനു തടുത്തിട്ടു. മിത്രോവിച്ചും സാലിം അല്‍ദോസരിയും അന്നസര്‍ പ്രതിരോധത്തിന് നിരന്തര തലവേദനയുയര്‍ത്തി. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു.
അബ്ദുല്‍ഹാമിദിന്റെ ക്രോസില്‍ നിന്ന് സാവിച്ചിന്റെ കിടിലന്‍ ഹെഡറിലൂടെ 64ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 89ാം മിനിറ്റ് വരെ അന്നസ്‌റിന് സമനില പ്രതീക്ഷയുണ്ടായിരുന്നു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്നതിനിടെ മിത്രോവിച്ചിന്റെ ബുള്ളറ്റ് ഹെഡറാണ് കളിയുടെ വിധിയെഴുതിയത്. രണ്ടു മിനിറ്റിനു ശേഷം സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ സ്‌കോര്‍ 3-0 ആക്കി.






