ജിദ്ദ - ഫ്രഞ്ച് താരം ആര്‍തര്‍ ഫില്‍സും സെര്‍ബിയയുടെ ഹമദ് മെദിയദോവിച്ചും അണ്ടര്‍-21 നെക്‌സ്റ്റ് ജെന്‍ എ.ടി.പി ടെന്നിസ് ടൂര്‍ണമെന്റില്‍ സെമിഫൈനലിലെത്തി. ടോപ് സീഡായ പത്തൊമ്പതുകാരന്‍ ഫില്‍സ് ആവേശകരമായ നാല് സെറ്റ് പോരാട്ടത്തില്‍ 4-2, 3-4 (7-3), 4-2, 4-3 (7-5) ന് ഡൊമിനിക് സ്ട്രിക്കറെ തോല്‍പിച്ചു. ലീഗ് റൗണ്ടിലെ മൂന്നു കളികളും ഫില്‍സ് ജയിച്ചു. തോറ്റെങ്കിലും സ്ട്രിക്കറും സെമിയിലെത്തി. ഒരു സെറ്റ് നേടിയതോടെയാണ് സ്വിറ്റ്‌സര്‍ലന്റുകാരന് സെമിയുറപ്പായത്. ഫഌവിയൊ കോബോളിയെ 3-4 (4-7), 4-2, 4-3 (7-1), 1-4, 4-3 (7-3) ന് തോല്‍പിച്ച ലൂക്ക നാര്‍ദിയെ സെറ്റുകളുടെ എണ്ണത്തില്‍ സ്ട്രിക്കര്‍ മറികടന്നു.
ഹമദ് മെദിയദോവിച് ജോര്‍ദാനിയന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അബ്ദുല്ല ശില്‍ബായയെ 3-4 (6-7), 4-2, 4-3 (7-5), 4-2 ന് തോല്‍പിച്ചു. ആറാം സീഡായ ഹമദ് സെമിയില്‍ സ്ട്രിക്കറുമായി ഏറ്റുമുട്ടും.
രണ്ടാം സീഡായ ലൂക വാന്‍ ആഷെയും സെമിയിലെത്തി. അലക്‌സിസ് മിക്കള്‍സനെ ഫ്രഞ്ച് താരം 4-3 (7-0), 3-4 (4-7), 3-4 (4-7), 4-1, 4-3 (7-6) ന് തോല്‍പിച്ചു. നാട്ടുകാരനായ ഫില്‍സുമായി ആഷെ സെമി കളിക്കും.
നെക്സ്റ്റ് ജെന്‍ ടൂര്‍ണമെന്റിന് മാത്രമല്ല ഒരു എ.ടി.പി ടൂര്‍ണമെന്റിന് തന്നെ ആദ്യമായാണ് സൗദി അറേബ്യ വേദിയാവുന്നത്. ആദ്യ അമ്പത് റാങ്കിലുള്ള ഒരു കളിക്കാരനേ ടൂര്‍ണമെന്റിനുള്ളൂ, ഫില്‍സ്. കാര്‍ലോസ് അല്‍കാരസ്, ഹോള്‍ഗര്‍ റൂണെ, ബെന്‍ ഷെല്‍റ്റന്‍, ലോറന്‍സൊ മസേറ്റി എന്നീ പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല.






