13 ഓവറില്‍ സിക്കിമിനെ തകര്‍ത്ത് കേരളം

ആളൂര്‍ - വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സിക്കിമിനെ കേരളം 13.2 ഓവറില്‍ ഏഴു വിക്കറ്റിന് തോല്‍പിച്ചു. ടൂര്‍ണമെന്റില്‍ അഞ്ച് കളികളില്‍ നാലാം ജയത്തോടെ ഗ്രൂപ്പ് എ-യില്‍ കേരളം രണ്ടാം സ്ഥാനത്താണ്. അഞ്ചും ജയിച്ച മുംബൈയാണ് മുന്നില്‍. 
33.5 ഓവറില്‍ 83 ന് സിക്കിമിനെ എറിഞ്ഞിട്ട ബൗളര്‍മാര്‍ക്കാണ് വിജയത്തിന്റെ ക്രെഡിറ്റ്. അഖില്‍ സ്‌കറിയയും (8.5-1-12-3) അഭിജിത് പ്രവീണും (4-0-20-3) സുധീഷ് മിഥുനും (7-3-10-3) ഒമ്പത് വിക്കറ്റ് പങ്കുവെച്ചു. സഞ്ജു സംസണും ബൗള്‍ ചെയ്തു (1-0-3-0). ഏഴാമനായി ഇറങ്ങിയ അങ്കുര്‍ മാലിക്കിന്റേതാണ് (18) ഉയര്‍ന്ന സ്‌കോര്‍. 26 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്ക് അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.
കേരളത്തിനു വേണ്ടി ഓപണിംഗ് വിക്കറ്റില്‍ കൃഷ്ണപ്രസാദും (38 നോട്ടൗട്ട്) രോഹന്‍ കുന്നുമ്മലും (25) ഓപണിംഗ് വിക്കറ്റില്‍ 38 റണ്‍സിന്റെ അടിത്തറയിട്ടു. രോഹനെ ഭീം ലൂയിറ്റെല്‍ ബൗള്‍ഡാക്കിയതിന് പിന്നാലെ എം. അജിനാസിനെയും (10) സല്‍മാന്‍ നിസാറിനെയും (2) കേരളത്തിന് നഷ്ടപ്പെട്ടു. കൃഷ്ണപ്രസാദും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്നാണ് ടീമിനെ ലക്ഷ്യം കടത്തിയത്. 

Latest News