ട്വന്റി20 ലോകകപ്പ്: ഡൊമിനിക്ക പിന്മാറി

റോസു - ട്വന്റി20 ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിലൊന്നായ കരീബിയയിലെ ഡൊമിനിക്ക പിന്മാറി. കരീബിയന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായാണ് 2024 ജൂണ്‍ നാല് മുതല്‍ 30 വരെ ട്വന്റി20 ലോകകപ്പ് നടക്കുന്നത്. നിശ്ചിത സമയത്തിനകം മത്സര വേദികളും പ്രാക്ടീസ് ഗ്രൗണ്ടുകളും നിര്‍മിക്കാനാവില്ലെന്നു പറഞ്ഞാണ് ഡൊമിനിക്ക ഗവണ്‍മെന്റാണ് തീരുമാനമെടുത്തത്. ലോകകപ്പ് നടത്താനായി തെരഞ്ഞെടുത്ത കരീബിയയിലെ ഏഴ് രാജ്യങ്ങളിലൊന്നാണ് ഡൊമിനിക്ക. വെസ്റ്റിന്‍ഡീസ് ബോര്‍ഡിന് കീഴില്‍ വരുന്ന ജമൈക്ക, ഗ്രനാഡ, സെയ്ന്റ് കിറ്റ്‌സ് ആന്റ് നെവിസ് ഒഴികെ എല്ലാ രാജ്യങ്ങളും ലോകകപ്പ് നടത്താന്‍ മുന്നോട്ടുവന്നിരുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്ക്, ടെക്‌സസ്, ഫ്‌ളോറിഡ എന്നിവിടങ്ങളിലും കളികള്‍ നിശ്ചയിച്ചിരുന്നു. ഏറ്റവും ജനസംഖ്യയുള്ള കരീബിയന്‍ രാജ്യമായ ജമൈക്ക വിട്ടുനിന്നത് അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ജമൈക്കയിലെ സബൈന പാര്‍ക്ക് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും പ്രശസ്തമായ ഗ്രൗണ്ടുകളിലൊന്നാണ്. വെസ്റ്റിന്‍ഡീസ് 2007 ലെ ഏകദിന ലോകകപ്പിനും 2010 ലെ ട്വന്റി20 ലോകകപ്പിനും വേദിയൊരുക്കിയിരുന്നു. 
ഡൊമിനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ ഒരു ഗ്രൂപ്പ് മത്സരവും രണ്ട് സൂപ്പര്‍ എയ്റ്റ് മത്സരങ്ങളുമാണ് നിശ്ചയിച്ചത്. നിര്‍മാണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ എല്ലാവരുടെയും ഉത്തമ താല്‍പര്യം പരിഗണിച്ചാണ് പിന്മാറുന്നതെന്ന് ഡൊമിനിക്ക അറിയിച്ചു. തീരുമാനം അംഗീകരിക്കുന്നുവെന്ന് വെസ്റ്റിന്‍ഡീസ് ബോര്‍ഡ് പറഞ്ഞു. 
ഇത്തരം സാഹചര്യങ്ങള്‍ നേരിടാനുള്ള പദ്ധതികള്‍ തയാറാണെന്ന് ടൂര്‍ണമെന്റ് ഡയരക്ടര്‍ ഫവാസ് ബക്ഷ് അറിയിച്ചു. 24 ടീമുകളാണ് 2024 ലെ ലോകകപ്പില്‍ കളിക്കുക. അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, കാനഡ, ഇംഗ്ലണ്ട്, ഇന്ത്യ, അയര്‍ലന്റ്, നമീബിയ, നേപ്പാള്‍, നെതര്‍ലാന്റ്‌സ്, ന്യൂസിലാന്റ്, ഒമാന്‍, പാക്കിസ്ഥാന്‍, പപ്പുവന്യൂഗിനി, സ്‌കോട്‌ലന്റ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഉഗാണ്ട, അമേരിക്ക, വെസ്റ്റിന്‍ഡീസ് എന്നിവ.

Latest News