ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തലമാറട്ടെ യജ്ഞം തുടരുന്നു. അടുത്ത തല പോവുന്നത് ദിനേശ് കാര്‍ത്തികിന്റേതാണ് എന്നാണ് അണിയറ സംസാരം. വിരാട് കോഹ്‌ലി ക്യാപ്റ്റനായ ശേഷമുള്ള 37 ടെസ്റ്റിലും ഒരു മാറ്റമെങ്കിലും ടീമില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റിലെ മാറ്റങ്ങള്‍ വലിയ തിരിച്ചടിയായി. ഉമേഷ് യാദവിനു പകരം കുല്‍ദീപ് യാദവിനെ കളിപ്പിച്ചത് പെയ്‌സ് പിച്ചില്‍ ഇന്ത്യന്‍ ബൗളിംഗിനെ ദുര്‍ബലമാക്കി.
ഇന്ത്യന്‍ ബാറ്റിംഗ് പൊതുവെ പരാജയമായിരുന്നുവെങ്കിലും ദിനേശ് കാര്‍ത്തിന്റെ ബാറ്റിംഗ് വന്‍ പരാജയമാണ്. 0, 1, 20, 0 എന്നിങ്ങനെയാണ് നാല് ഇന്നിംഗ്‌സില്‍ സ്‌കോര്‍.
പ്രായമേറി വരുന്ന ദിനേശിനു പകരം യുവ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിനെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് നേരത്തെ മുതല്‍ അഭിപ്രായമുണ്ട്. സന്നാഹ മത്സരങ്ങളിലും അതിനു മുമ്പുള്ള ഐ.പി.എല്ലിലും ഇന്ത്യന്‍ ആഭ്യന്തര സീസണിലുമൊക്കെ മികച്ച ഫോമിലായിരുന്നു റിഷഭ്. ശനിയാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ റിഷഭിന് അവസരം കിട്ടിയേക്കും. പരിക്കു കാരണം വിട്ടുനിന്ന ജസ്പ്രീത് ബുംറയും കളിക്കാന്‍ സാധ്യതയുണ്ട്.