വീണ്ടും റിങ്കു, കൂടെ ജിതേഷ്; ഇന്ത്യ 9-174

റായ്പൂര്‍ - അവസാന 15 പന്തിനിടെ അഞ്ച് വിക്കറ്റ് നിലംപൊത്തിയെങ്കിലും ഓസ്‌ട്രേലിയക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തി. മധ്യനിരയില്‍ ആഞ്ഞടിച്ച റിങ്കു സിംഗും (29 പന്തില്‍ 46) ജിതേഷ് ശര്‍മയുമാണ് (19 പന്തില്‍ 35) ഇന്ത്യയെ കരകയറ്റിയത്. ഇവരെ കൂടാതെ രണ്ടക്കത്തിലെത്തിയത് ഓപണര്‍മാരായ യശസ്വി ജയ്‌സ്വാളും (28 പന്തില്‍ 37) ഋതുരാജ് ഗെയ്കവാദും (28 പന്തില്‍ 32) മാത്രം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (1) പരമ്പരയിലാദ്യമായി കളിക്കുന്ന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (8) പരാജയപ്പെട്ടു. 
എന്നാല്‍ രണ്ട് സിക്‌സറും നാല് ബൗണ്ടറിയുമായി റിങ്കുവും മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമായി ജിതേഷും കളം വാണു. സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ ജിതേഷിനെ ട്രാവിസ് ഹെഡ് പിടിച്ച ശേഷം ഇന്ത്യക്ക് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. അവസാന രണ്ടോവറില്‍ 12 റണ്‍സ് നേടാനേ ഇന്ത്യക്ക് സാധിച്ചുള്ളൂ. ബെന്‍ ദര്‍ഷൂയിസും (4-0-40-3) ജെയ്‌സന്‍ ബെഹറന്‍ഡോഫും (4-0-32-2) സ്പിന്നര്‍മാരായ തന്‍വീര്‍ സംഗ (4-0-30-2) ആരണ്‍ ഹാര്‍ദി (3-1-20-1) എന്നിവരുമാണ് വിക്കറ്റ് നേടിയത്. ഹാര്‍ദിയുടെ സ്പിന്‍ ബൗളിംഗോടെയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. ആദ്യ ഓവര്‍ ഹാര്‍ദി മെയ്ഡനാക്കി.  
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ട് ടീമിലുമായി ഒമ്പത് മാറ്റങ്ങളുണ്ട്. വിക്കറ്റ്കീപ്പര്‍ ഇശാന്‍ കിഷന് വിശ്രമം നല്‍കി ജിതേഷ് ശര്‍മക്ക് ഇന്ത്യ അവസരമൊരുക്കി. വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ പരമ്പയിലെ ആദ്യ മത്സരത്തിന് ഇറങ്ങി. കഴിഞ്ഞ കളിയില്‍ ഏറെ റണ്‍സ് വഴങ്ങിയ പെയ്‌സ്ബൗളര്‍മാരായ അര്‍ഷദീപ് സിംഗിനും പ്രസിദ്ധ് കൃഷ്ണക്കും പകരം മുകേഷ്‌കുമാറും ദീപക് ചഹറും ടീമിലെത്തി. തിലക് വര്‍മക്കു പകരം പെയ്‌സ്ബൗളര്‍ അവേഷ് ഖാനും എത്തി. ജിതേഷ് ഏഷ്യന്‍ ഗെയിംസില്‍ ടീമിലുണ്ടായിരുന്നു. 
ഓസീസ് ടീമില്‍ അഞ്ച് മാറ്റമുണ്ട്. മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജയ് റിച്ചാഡ്‌സന്‍ എന്നിവര്‍ക്കു പകരം ക്രിസ് ഗ്രീന്‍, ബെന്‍ ദ്വാര്‍ഷൂയിസ്, ബെന്‍ മക്ഡര്‍മട് എന്നിവരും ഓപണറായി ജോഷ് ഫിലിപ്പും ടീമിലെത്തി. ഗ്രീനിന് ട്വന്റി20 അരങ്ങേറ്റമാണ്. മാത്യു ഷോട്ടും ടീമിലുണ്ട്. 

Latest News