ഏഷ്യന്‍ ക്ലബ്ബ് ടൂര്‍ണമെന്റും സൗദിയില്‍

ക്വാലാലംപൂര്‍ - ലോകകപ്പിനും ക്ലബ്ബ് ലോകകപ്പിനും ഏഷ്യന്‍ കപ്പിനും പിന്നാലെ മറ്റൊരു പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൂടി സൗദി അറേബ്യയിലേക്ക്. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് അടുത്ത രണ്ടു രണ്ട് വര്‍ഷം സൗദി വേദിയൊരുക്കും. 
അടുത്ത വര്‍ഷം മുതല്‍ പുതിയ. രൂപത്തിലാണ് ചാമ്പ്യന്‍സ് ലീഗ്. 24 ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ചാമ്പ്യന്‍സ് ലീഗ് എലീറ്റ് എന്നായിരിക്കും അറിയപ്പെടുക. ചാമ്പ്യന്മാര്‍ക്ക് 1.2 കോടി ഡോളര്‍ പാരിതോഷികം ലഭിക്കും. 24 ക്ലബ്ബുകളെ പന്ത്രണ്ടെണ്ണം വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഒരു ഗ്രൂപ്പില്‍ പശ്ചിമേഷ്യയിലെ ടീമുകളും രണ്ടാമത്തെ ഗ്രൂപ്പില്‍ കിഴക്കനേഷ്യയിലെ ടീമുകളും. അതാത് മേഖലകളില്‍ ഹോം ആന്റ് എവേ ആയി ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും നാല് ടീമുകള്‍ പ്രി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. പ്രി ക്വാര്‍ട്ടറില്‍ ജയിക്കുന്ന എട്ട് ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുക. ക്വാര്‍ട്ടറും സെമി ഫൈനലുകളും ഫൈനലും ഒരു പാദമായി അരങ്ങേറും. 2024-25 ലും 2025-26 ലും ഫൈനല്‍ റൗണ്ട് സൗദിയിലായിരിക്കും. 
ആദ്യ രണ്ട് ടൂര്‍ണമെന്റുകള്‍ക്കായി സൗദിക്കു പുറമെ ഇറാഖും രംഗത്തുണ്ടായിരുന്നു. ക്ലബ്ബ് ലോകകപ്പ് ഈ മാസം 12 നാണ് സൗദിയില്‍ ആരംഭിക്കുക. ഏഷ്യന്‍ കപ്പ് 2027 ലാണ്. ലോകകപ്പ് 2034 ലും.
 

Latest News