ചോ: ഫൈനൽ എക്‌സിറ്റിൽ പോകാൻ ആഗ്രഹിക്കുന്ന എനിക്ക് കാർ ലോൺ ഉള്ളതിനാൽ അതു പൂർത്തിയാക്കാതെ ഫൈനൽ എക്‌സിറ്റ് ലഭിക്കുമോ?
ഉ: ഫൈനൽ എക്‌സിറ്റിൽ പോകാൻ ആഗ്രഹിക്കുന്ന വിദേശി ഫൈനൽ എക്‌സിറ്റിന് അപേക്ഷിക്കുന്നതിനു മുമ്പ് സൗദിയിൽ ഉള്ള ലോൺ, ബില്ലുകൾ, ഫൈൻ തുടങ്ങി എല്ലാവിധ സാമ്പത്തിക ഇടപാടുകളും പൂർത്തിയാക്കിയിരിക്കണം. നിങ്ങൾക്ക് കാർ ലോൺ ഇപ്പോൾ പൂർത്തിയാക്കാനാവില്ലെങ്കിൽ മറ്റാരുടെയെങ്കിലും പേരിലേക്ക് കാറിന്റെ ഉടമസ്ഥാവകാശം മാറ്റി ലോൺ അവരുടെ പേരിലാക്കു മാറ്റിയാൽ ലീസിംഗ് കമ്പനി ക്ലിയറൻസ് തരികയും തുടർന്ന് ഫൈനൽ എക്‌സിറ്റ് സമ്പാദിക്കാവുന്നതുമാണ്.
വിസിറ്റിംഗ് വിസയിലെത്തി കാർ റെന്റിന് എടുക്കാമോ?
ചോ: ഇന്റർനാഷണൽ ലൈസൻസുള്ളയാൾ വിസിറ്റിംഗ് വിസയിലെത്തിയാൽ സൗദിയിൽ കാർ റെന്റിന് എടുത്ത് ഓടിക്കാൻ കഴിയുമോ?
ഉ: അന്താരാഷ്ട്ര ലൈസൻസ് ഉണ്ടെങ്കിൽ വിസിറ്റിംഗ് വിസയിൽ എത്തിയിട്ടുള്ളവർക്ക് റെന്റ് എ കാർ എടുത്ത് ഓടിക്കാൻ കഴിയും. ലൈസൻസിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി എങ്കിലും ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്.
ജവാസാത്ത് സിസ്റ്റത്തിൽ ഇഖാമ കാണുന്നില്ല
ചോ: ഞാൻ എക്‌സിറ്റ് റീ എൻട്രിയിൽ നാട്ടിലായിരുന്നു. എന്റെ ഇഖാമയുടെയും എക്‌സിറ്റ് റീ എൻട്രിയുടെയും കാലാവധി രണ്ടു മാസം മുമ്പ് കഴിഞ്ഞു. സ്‌പോൺസർ പറയുന്നു, എന്റെ ഇഖാമ ജവാസാത്ത് സിസ്റ്റത്തിൽ കാണുന്നില്ലെന്ന്. അതുകൊണ്ട് ഇഖാമയും റീ എൻട്രിയും പുതുക്കാനാവുന്നില്ലെന്നാണ് സ്‌പോൺസർ പറയുന്നത്. എനിക്ക് എന്റെ പഴയ ഇഖാമയിൽ തന്നെ തിരിച്ചുവരുന്നതിന് എന്താണ് ചെയ്യേണ്ടത്?
ഉ: ജവാസാത്ത് നിയമം അനുസരിച്ച് എക്‌സിറ്റ്-റീ എൻട്രിയിൽ പോയ ആൾ തിരിച്ചു വരാതിരിക്കുകയോ, വിസ എക്‌സ്റ്റന്റ് ചെയ്യാതിരിക്കുകയോ ചെയ്താൽ ഇഖാമയുടെ കാലാവധി കഴിഞ്ഞ് മൂന്നു മാസം മുതൽ ആറു മാസത്തിനുള്ളിലായി സിസ്റ്റത്തിൽനിന്ന് താൽക്കാലികമായി ഇഖാമ സസ്‌പെന്റ് ചെയ്യപ്പെടും. നിങ്ങളുടെ കേസിൽ സ്‌പോൺസർക്ക് അദ്ദേഹത്തിന്റെ അബ്ശിർ അല്ലെങ്കിൽ മുഖീം വഴി നിങ്ങളുടെ ഇഖാമയുടെ മുൻകാല ചരിത്രത്തിന്റെ പ്രിന്റ് എടുത്ത് ജവാസാത്ത് ഓഫീസിനെ സമീപിച്ചാൽ ഇഖാമ പുതുക്കാനാവും. ആദ്യമായിട്ടാണ് ഇഖാമയുടെ കാലാവധി കഴിയുന്നതെങ്കിൽ 500 റിയാൽ ഫൈനൽ നൽകിയാൽ മതിയാകും. മുൻപും ഇതുപോലെ കാലാവധി കഴിഞ്ഞാണ് ഇഖാമ പുതുക്കിയിട്ടുള്ളതെങ്കിൽ ഫൈൻ ആയിരമാകും. തുടർന്ന് ഇഖാമ പുതുക്കുന്നതിനുള്ള ഫീസും എക്‌സിറ്റ്- റീ എൻട്രി ദീർഘിപ്പിക്കുന്നതിനുള്ള ഫീസും നൽകിയാൽ പഴയ ഇഖാമയെ പുതുക്കി എടുക്കാനും അതിൽ തന്നെ മടങ്ങി എത്താനും കഴിയും.