മുംബൈ - ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പെടുത്തി. ലോകകപ്പിനുള്ള ടീമില്‍ നിന്നും പിന്നീട് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള രണ്ടാം നിരയില്‍ നിന്നും തഴഞ്ഞതോടെ സഞ്ജുവിന്റെ ഇന്ത്യന്‍ കരിയര്‍ അവസാനിച്ചുവെന്ന ആശങ്കയുണ്ടായിരുന്നു.
ഈ മാസമാണ് പൂര്‍ണ പരമ്പരക്കായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുക. മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. ട്വന്റി20യോടെ പരമ്പര ഈ മാസം പത്തിനാരംഭിക്കും.
സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനം നേടാന്‍ സാധിച്ചിട്ടില്ല. അവസാനം ഏകദിനം കളിച്ചത് ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിലാണ്. പിന്നീട് അയര്‍ലന്റിനെതിരെ ട്വന്റി20യും കളിച്ചു. എന്നാല്‍ ലോകകപ്പില്‍ സ്ഥാനം നഷ്ടപ്പെടുകയും ഓസീസിനെതിരായ ട്വന്റി20 പരമ്പരയില്‍ റിസര്‍വ് വിക്കറ്റ്കീപ്പറായി ജിതേഷ് ശര്‍മയെ ഉള്‍പെടുത്തുകയും ചെയ്തതോടെ ഇരുപത്തൊമ്പതുകാരന്‍ സെലക്ടര്‍മാരുടെ പദ്ധതിയിലില്ലെന്നാണ് കരുതിയത്. 2021 ജൂലൈയിലാണ് സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം. 13 മത്സരങ്ങള്‍ കളിച്ചു. 55.71 ശരാശരിയില്‍ 390 റണ്‍സ് നേടി.
സൂര്യകുമാര്‍ യാദവിന് വിശ്രമം നല്‍കിയതാണ് സഞ്ജുവിന് വീണ്ടും അവസരം തുറന്നത്. പരിക്കില്‍ നിന്ന് മോചിതനായ രജത് പടിധാറും ഏകദിന ടീമിലുണ്ട്. വിരാട് കോലി ടെസ്റ്റ് പരമ്പരില്‍ മാത്രമേ കളിക്കൂ. ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ തിരിച്ചെത്തും. ഓസീസിനെതിരെ സൂര്യകുമാറാണ് ടീമിനെ നയിക്കുന്നത്.






