ദുബായ് - അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പിന് ഉഗാണ്ടയും നമീബിയയും യോഗ്യത നേടി. എന്നാല്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനാവാത്ത സിംബാബ്‌വെയുടെ ദുരന്തം തുടരുകയാണ്. ആഫ്രിക്കന്‍ യോഗ്യതാ മത്സരങ്ങളുടെ അവസാന റൗണ്ടില്‍ റുവാണ്ടയെ ഉഗാണ്ട തോല്‍പിച്ചു. സിംബാബ്‌വെയെ നൈജീരിയ തോല്‍പിച്ചു.
റുവാണ്ടയെ 18.5 ഓവറില്‍ 65 ന് പുറത്താക്കിയ ഉഗാണ്ട 8.1 ഓവറില്‍ ലക്ഷ്യം കണ്ടു. സീനിയര്‍ ക്രിക്കറ്റ് ലോകകപ്പിന് ആദ്യമായാണ് ഉഗാണ്ട യോഗ്യത നേടുന്നത്.
സിംബാബ്‌വെക്ക് 2019 ലെയും 2023 ലെയും ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. രണ്ട് തവണയും സിംബാബ്‌വെയില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ അവര്‍ക്ക് ഫൈനലിലെത്താന്‍ സാധിച്ചില്ല. ഐ.സി.സി സസ്‌പെന്റ് ചെയ്തതിനാല്‍ 2021 ലെ ട്വന്റി20 ലോകകപ്പും അവര്‍ക്ക് നഷ്ടപ്പെട്ടു. 2022 ലെ ട്വന്റി20 ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ അഞ്ച് കളിയില്‍ ഒരു ജയവുമായി അവര്‍ അവസാനമായിരുന്നു. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കും അവര്‍ക്ക് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.
ഇത്തവണ യോഗ്യതാ റൗണ്ടില്‍ അവര്‍ നമീബിയയോടും ഉഗാണ്ടയോടും തോറ്റു. ഓള്‍റൗണ്ടര്‍ സിഖന്ദര്‍ റാസയുടെ കീഴില്‍ പൂര്‍ണ കരുത്തുള്ള ടീമായിരുന്നു ഇത്തവണ യോഗ്യതാ റൗണ്ട് കളിച്ചത്






