ആറടിച്ച് ആഴ്‌സനല്‍ മുന്നില്‍, മൂന്നടിച്ചിട്ടും മാഞ്ചസ്റ്റര്‍ ലാസ്റ്റ്

ജനീവ - മറുപടിയില്ലാത്ത ആറു ഗോളില്‍ ഫ്രഞ്ച് ക്ലബ്ബ് ലെന്‍സിനെ മുക്കി ആഴ്‌സനല്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടില്‍. എവേ മത്സരത്തില്‍ ഗലതസറായ്‌ക്കെതിരെ മൂന്നു ഗോളടിച്ചിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് എ-യില്‍ അവസാനം. 3-3 സമനിലയോടെ ഗലതസറായ് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി.
ആഴ്‌സനല്‍ ഉള്‍പ്പെടുന്ന  ഗ്രൂപ്പ് ബി-യില്‍ നിന്ന് നാടകീയമായി പി.എസ്.വിയും പ്രി ക്വാര്‍ട്ടറിലെത്തി. ഇഞ്ചുറി ടൈം ഗോളില്‍ സെവിയയെ അവര്‍ 3-2 ന് തോല്‍പിച്ചു. 
ഇതോടെ 12 ടീമുകള്‍ നോക്കൗട്ടുറപ്പാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അതിലുള്‍പ്പെടണമെങ്കില്‍ അദ്ഭുതം സംഭവിക്കണം. ഗലതസറായ്ക്കതെിരെ 18 മിനിറ്റാവുമ്പോഴേക്കും യുനൈറ്റഡ് രണ്ടു ഗോളിന് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 3-2 ന് മുന്നിലായിരുന്നു. എന്നാല്‍ ഓരോ തവണയും ഗലതസറായ് തിരിച്ചടിച്ചു. ബയേണ്‍ മ്യൂണിക്കിനോടും രണ്ടാം സ്ഥാനക്കാരായ എഫ്.സി കോപന്‍ഹാഗനോടും എവേ മത്സരങ്ങളില്‍ 3-4 ന് യുനൈറ്റഡ് പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ മൂന്ന് എവേ മത്സരങ്ങളില്‍ മൂന്നു ഗോളടിച്ചിട്ടും ഒരു പോയന്റ് മാത്രമാണ് യുനൈറ്റഡിന് ലഭിച്ചത്. യുനൈറ്റഡിനെക്കാള്‍ ഗോളടിച്ച നാല് ടീമുകളേയുള്ളൂ. നാലും ഗ്രൂപ്പുകളില്‍ ഒന്നാം സ്ഥാനത്താണ്. ഗലതസറായ്ക്കു വേണ്ടി ഹക്കീം സിയേഷ് രണ്ട് ഫ്രീകിക്ക് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. രണ്ടു തവണയും യുനൈറ്റഡ് ഗോളി ആന്ദ്രെ ഒനാനയുടെ പൊസിഷനിംഗിലെ പിഴവാണ് ഗോളിന് കാരണം. 
ഗ്രൂപ്പ് സി-യില്‍ നാപ്പോളിയെ 4-2 ന് തോല്‍പിച്ച് റയല്‍ മഡ്രീഡ് ഒന്നാം സ്ഥാനത്തെത്തി. ബുധനാഴ്ച രാത്രി ആറ് മത്സരങ്ങളില്‍ 31 ഗോള്‍ പിറന്നു. മറ്റു രണ്ടെണ്ണം ഗോളില്ലാതെ പിരിഞ്ഞു. അതിലൊന്ന് ബയേണും കോപന്‍ഹാഗനും തമ്മിലാണ്. മറ്റൊന്ന് റയല്‍ സൊസീദാദും സാല്‍സ്ബര്‍ഗും തമ്മിലും. ഗ്രപ്പ് ഡി-യില്‍ നിന്ന് സൊസീദാദും ഇന്റര്‍ മിലാനും മുന്നേറി. രണ്ട് ടീമുകളും ഒന്നാം സ്ഥാനത്തിനായി പൊരുതും. ജോ മാരിയോയുടെ ഹാട്രിക്കില്‍ 3-0 ന് മുന്നിലെത്തിയ ബെന്‍ഫിക്ക 3-3 ന് ഇന്റര്‍ മിലാനുമായി സമനില വഴങ്ങി.
റയല്‍ നിരയില്‍ ഇരുപതുകാരന്‍ ജൂഡ് ബെലിംഗാം ഒരിക്കല്‍കൂടി വേറിട്ടുനിന്നു. നാല് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഇംഗ്ലണ്ട താരത്തിന് നാലു ഗോളായി. ഇഞ്ചുറി ടൈമില്‍ യോസേലുവിന്റെ ഗോളിന് അവസരമൊരുക്കിയതും ബെലിംഗാമാണ്. റയലിനു വേണ്ടി 16 കളിയില്‍ 15 ഗോളായി.
 

Latest News