Sorry, you need to enable JavaScript to visit this website.

എംബാപ്പെയുടെ പെനാല്‍ട്ടി വിവാദത്തില്‍, റഫറിയെ നീക്കി

പാരിസ് - ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ കീലിയന്‍ എംബാപ്പെ നേടിയ പെനാല്‍ട്ടി ഗോള്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ന്യൂകാസില്‍ യുനൈറ്റഡിന് നിര്‍ണായക വിജയം നിഷേധിച്ചു. പി.എസ്.ജിയുമായി അവര്‍ 1-1 സമനില വഴങ്ങി. വീഡിയൊ റഫറിയുടെ നിര്‍ദേശപ്രകാരമാണ് ഫീല്‍ഡ് റഫറി വീഡിയൊ പരിശോധിച്ച് പെനാല്‍ട്ടി അനുവദിച്ചത്. വീഡിയൊ റഫറിയെ പിന്നീട് യുവേഫ നീക്കി. പോളണ്ടുകാരനായ തോമസ് ക്വയ്‌റ്റോവ്‌സ്‌കിയെയാണ് റയല്‍ സൊസീദാദ്-സാല്‍സ്ബര്‍ഗ് മത്സരത്തില്‍ നിന്ന് മാറ്റിയത്. 
റഫറിമാര്‍ക്കുള്ള യുവേഫയുടെ നിര്‍ദേശം മാനിക്കാതെയാണ് ക്വയ്‌റ്റോവ്‌സ്‌കി ഫീല്‍ഡ് റഫറിക്ക് നിര്‍ദേശം നല്‍കിയതെന്നാണ് സൂചന. ന്യൂകാസില്‍ ഡിഫന്റര്‍ ടിനൊ ലിവ്‌റമെന്റോയുടെ നെഞ്ചില്‍ തട്ടിത്തെറിച്ച പന്ത് കൈയില്‍ സ്പര്‍ശിച്ചപ്പോഴാണ് വീഡിയൊ റഫറി ഇടപെട്ടത്. ഫീല്‍ഡ് റഫറിയായ പോളണ്ടുകാരന്‍ സിമോണ്‍ മാര്‍സിനിയാക് ആദ്യം കളി തുടരാന്‍ നിര്‍ദേശിച്ചെങ്കിലും പിന്നീട് വീഡിയൊ പരിശോധിച്ച് പെനാല്‍ട്ടി വിധിച്ചു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലും ലോകകപ്പ് ഫൈനലും നിയന്ത്രിച്ച റഫറിയാണ് മാര്‍സിനിയാക്. രണ്ടു തവണയും ക്വയ്‌റ്റോവ്‌സ്‌കി അദ്ദേഹത്തിന്റെ റഫറിയിംഗ് ടീമിലുണ്ടായിരുന്നു. 
സ്വന്തം ശരീരത്തില്‍ തട്ടിത്തെറിച്ച് പന്ത് കൈയില്‍ തട്ടിയാല്‍ ഹാന്റ്‌ബോള്‍ അല്ലെന്നാണ് റഫറിമാര്‍ക്ക് യുവേഫ നല്‍കിയ നിര്‍ദേശം. പ്രത്യേകിച്ചും പന്ത് ഗോള്‍വലക്കു നേരെയല്ല സഞ്ചരിക്കുന്നത് എന്നതിനാല്‍. ഇതു സംബന്ധിച്ച് യുവേഫ ഫുട്‌ബോള്‍ ചീഫ് സ്വോനിമീര്‍ ബോബാന്‍ റഫറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 
പെനാല്‍ട്ടി തീരുമാനം മരണ ഗ്രൂപ്പായ എഫിലെ സ്ഥാനനിര്‍ണയത്തെ അടിമുടി ബാധിച്ചു. സമനില പി.എസ്.ജിയുടെ നോക്കൗട്ട് പ്രതീക്ഷ വര്‍ധിപ്പിക്കുകയും ന്യൂകാസിലിന്റെ സാധ്യതക്ക് മങ്ങലേല്‍പിക്കുകയും ചെയ്തു. പി.എസ്.ജി ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ന്യൂകാസിലിന് രണ്ട് പോയന്റ് മുന്നില്‍. എ.സി മിലാനെ 3-1 ന് തകര്‍ത്ത ബൊറൂസിയ ഡോര്‍ട്മുണ്ടാണ് ഒന്നാം സ്ഥാനത്ത്. അവര്‍ നോക്കൗട്ടിലെത്തി. ഒരു ടീം കൂടി നോക്കൗട്ടിലേക്ക് മുന്നേറും. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഡോര്‍ട്മുണ്ടില്‍ ബൊറൂസിയയെയാണ് പി.എസ്.ജി നേരിടേണ്ടത്. ജയിച്ചാല്‍ അവര്‍ പ്രി ക്വാര്‍ട്ടറിലെത്തും. മിലാനെതിരെ ന്യൂകാസിലിന് ഹോം മത്സരമാണ്. ജയിച്ചാലും അവര്‍ മുന്നേറണമെന്നില്ല. പി.എസ്.ജി തോല്‍ക്കുകയാണെങ്കിലേ അവര്‍ക്ക് സാധ്യത അവശേഷിക്കുന്നുള്ളൂ. 
പി.എസ്.ജിക്കെതിരെ ഇംഗ്ലണ്ടിന് 4-1 ന് ജയിച്ച ന്യൂകാസില്‍ മറ്റൊരു വിജയത്തിനരികെ വരെ എത്തിയതായിരുന്നു. അലക്‌സാണ്ടര്‍ ഐസകിന്റെ ഗോളില്‍ ഇരുപത്തഞ്ചാം മിനിറ്റ് മുതല്‍ അവര്‍ ലീഡ് ചെയ്യുകയായിരുന്നു. മറുപടി ഗോളിനായുള്ള പി.എസ്.ജിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട അവസരത്തിലാണ് ഭാഗ്യമായി ടിനൊ ലിവ്‌റമെന്റോയുടെ ഹാന്റ്‌ബോള്‍ വന്നു വീഴുന്നത്. എംബാപ്പെ അവസരം മുതലെടുത്തു. 

 

Latest News