മുംബൈ - കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള ബി.സി.സി.ഐയുടെ ഓഫര്‍ സ്വീകരിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് തുടരും. കോച്ചിംഗ് സ്റ്റാഫിലെ അംഗങ്ങളായ വിക്രം റാഥോഡ് (ബാറ്റിംഗ്), പരസ് മാംബ്രെ (ബൗളിംഗ്), ടി. ദിലീപ് (ഫീല്‍ഡിംഗ്) എന്നിവരുടെയും കരാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എത്ര കാലത്തേക്കാണ് കരാര്‍ നീട്ടിയതെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല. 2024 ജൂണിലെ ട്വന്റി20 ലോകകപ്പ് വരെയെങ്കിലും തുടരുമെന്നാണ് സൂചന.
2021 നവംബറില്‍ രവിശാസ്ത്രിയുടെ പിന്‍ഗാമിയായാണ് ദ്രാവിഡ് പരിശീലക പദവി ഏറ്റെടുത്തത്. രണ്ടു വര്‍ഷത്തെ കരാര്‍ ലോകകപ്പോടെ അവസാനിച്ചു. ഇപ്പോള്‍ പുരോഗമിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയില്‍ വി.വി.എസ് ലക്ഷ്മണാണ് താല്‍ക്കാലിക കോച്ച്.
ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ ടെസ്റ്റിലും ഏകദിനങ്ങളിലും ട്വന്റി20യിലും ഒന്നാം റാങ്കായെങ്കിലും ഒരു ഐ.സി.സി ട്രോഫിയും നേടാനായില്ല. 2022 ലെ ട്വന്റി20 ലോകകപ്പില്‍ സെമിഫൈനലിലും 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ഫൈനലിലും തോറ്റു. ലോകകപ്പിലെ തോല്‍വിയായിരുന്നു ഏറ്റവും നിരാശാജനകം. ഒമ്പത് ഗ്രൂപ്പ് മത്സരങ്ങളും സെമിഫൈനലും ആധികാരികമായി ജയിച്ച ടീമിന് ഫൈനലില്‍ കാലിടറുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം ദ്രാവിഡിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ സ്വീകരിച്ച ശൈലി തുടരണമെന്നാണ് ബി.സി.സി.ഐ ആഗ്രഹിക്കുന്നത്. ടീം ഇന്ത്യക്കൊപ്പമുള്ള കഴിഞ്ഞ രണ്ടു വര്‍ഷം അവിസ്മരണീയമായിരുന്നുവെന്നും ഈ യാത്രയിലുടനീളം ഉയര്‍ച്ച, താഴ്ചകള്‍ ഒരുമിച്ച് അനുഭവിച്ചുവെന്നും പിന്തുണയും സൗഹൃദവും ഊഷ്മളമായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. ഡ്രസ്സിംഗ് റൂമില്‍ സൃഷ്ടിച്ചെടുത്ത അന്തരീക്ഷത്തില്‍ അഭിമാനമുണ്ട്. വിജയത്തിലും തിരിച്ചടികളിലും ആ അന്തരീക്ഷം നിലനിര്‍ത്താനായി. ശരിയായ ശീലങ്ങളും ഒരുക്കങ്ങളും നിലനിര്‍ത്താനാണ് ശ്രമിച്ചത്, അത് വലിയ ഫലങ്ങളുണ്ടാക്കി. ആ കാഴ്ചപ്പാടിനെ അംഗീകരിച്ചതിലും പിന്തുണച്ചതിലും ബി.സി.സി.ഐയോട് കടപ്പാടുണ്ട്. ഈ ചുമതല നിര്‍വഹിക്കുമ്പോള്‍ കുടുംബത്തില്‍ നിന്ന് ഏറെക്കാലം വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. അതിനായി കുടുംബം അര്‍പ്പിച്ച ത്യാഗത്തിലും പിന്തുണയിലും അങ്ങേയറ്റത്തെ കടപ്പാടുണ്ട്. ലോകകപ്പിനു ശേഷമുള്ള പുതിയ വെല്ലുവിളികള്‍ നേരിടാനും ഉയരങ്ങള്‍ താണ്ടാനും പ്രതിജ്ഞാബദ്ധമാണ് -ദ്രാവിഡ് പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ദ്രാവിഡിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ ചുമതല. മൂന്നു ട്വന്റി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമുള്ള പരമ്പര ഡിസംബര്‍ 10 ന് ആരംഭിക്കും. ശേഷം ഇംഗ്ലണ്ടുമായി നാട്ടില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കും. ജൂണിലാണ് ട്വന്റി20 ലോകകപ്പ്.
ദ്രാവിഡിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമായാണ് ടീം ഇന്ത്യ മൂന്ന് രൂപത്തിലുള്ള ക്രിക്കറ്റിലും വന്‍ശക്തിയായി തുടരുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രശംസിച്ചു. ടീമിന് കഴിവ് തെളിയിക്കാന്‍ പാകത്തില്‍ വേദിയൊരുക്കിയതില്‍ ദ്രാവിഡ് പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.






