ബാഴ്‌സ, അത്‌ലറ്റിക്കൊ നോക്കൗട്ടില്‍, മൂന്നു ഗോള്‍ തിരിച്ചടിച്ച് സിറ്റി ജയിച്ചു

പാരിസ് - ബാഴ്‌സലോണയും ബൊറൂസിയ ഡോര്‍ട്മുണ്ടും അത്‌ലറ്റിക്കൊ മഡ്രീഡും ലാസിയോയും യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം പിടിച്ചു. ലെയ്പ്‌സിഷിനെതിരെ രണ്ടു ഗോളിന് പിന്നിലായ ശേഷം സിറ്റി 3-2 ന് ജയിച്ചു. രണ്ട് ടീമും നേരത്തെ നോക്കൗട്ടിലെത്തിയിരുന്നു. 
രണ്ട് സെല്‍ഫ് ഗോളുകളാണ് അത്‌ലറ്റിക്കൊ മഡ്രീഡിനെ രക്ഷിച്ചത്. 3-1 ന് അവര്‍ ഡച്ച് ചാമ്പ്യന്മാരായ ഫെയ്‌നൂര്‍ദിനെ തോല്‍പിച്ചു. ഡിഫന്റര്‍ മാരിയൊ ചന്തമുള്ള വോളിയോടെ മൂന്നാമത്തെ ഗോളടിച്ചു. ഗ്രൂപ്പ് ഇ-യില്‍ നിന്ന് 11 പോയന്റുള്ള അത്‌ലറ്റിക്കോയും 10 പോയന്റുള്ള ലാസിയോയും മുന്നേറി. ലാസിയൊ 2-0 ന് സെല്‍റ്റിക്കിനെ തോല്‍പിച്ചു. വെറ്ററന്‍ സ്‌ട്രൈക്കര്‍ സീറൊ ഇമ്മോബിലെ സ്‌കോര്‍ ചെയ്തു. 
ഗ്രൂപ്പ് എച്ചില്‍ ആദ്യം ഗോള്‍ വഴങ്ങിയ ശേഷം ബാഴ്‌സലോണ 2-1 ന് പോര്‍ടോയെ തോല്‍പിച്ചു. ബ്രസീലിയന്‍ വിംഗര്‍ പെപ്പെയുടെ ഗോളില്‍ മുന്നിലെത്തിയ പോര്‍ചുഗല്‍ ടീമായ പോര്‍ടോക്കെതിരെ പോര്‍ചുഗീസുകാരായ ജോ കാന്‍സെലോയും ജോ ഫെലിക്‌സുമാണ് ബാഴ്‌സലോണയുടെ ഗോളടിച്ചത്. ബാഴ്‌സക്ക് 12 പോയന്റുണ്ട്. പോര്‍ടോക്കും ശാഖ്തര്‍ ഡോണറ്റ്‌സ്‌കിനും ഒമ്പതും. ശാഖ്തര്‍ 1-0 ന് ആന്റ്‌വേര്‍പിനെ തോല്‍പിച്ചു.
 

Latest News