ഗുവാഹത്തി - ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു കളികളിലും മികച്ച പ്രകടനം കാഴ്ചവെച്ച പെയ്‌സ്ബൗളര്‍ മുകേഷ്‌കുമാര്‍ മൂന്നാം മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്ത്. പകരം അവേഷ് ഖാനെ ഉള്‍പെടുത്തി. മുകേഷ് ജീവിതത്തിലെ ഏറ്റവും പ്രധാന മാച്ചിന് പോയിരിക്കുകയാണെന്ന് ടോസ് വേളയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി. മുകേഷ്‌കുമാറിന് കല്യാണാവധിയാണ്. മുകേഷ്‌കുമാറിനു പകരം ദീപക് ചഹറിനെ പതിനഞ്ചംഗ ടീമിലുള്‍പെടുത്തി. മുകേഷ് ഗുവാഹത്തിയിലേക്ക് വന്നിട്ടില്ല.
രണ്ട് കളിയില്‍ ഒരു വിക്കറ്റേ എടുത്തിട്ടുള്ളൂ എങ്കിലും കൃത്യമായ യോര്‍ക്കറുകളിലൂടെ അവസാന ഓവറുകളില്‍ മുകേഷ് റണ്‍ നിയന്ത്രിച്ചിരുന്നു. ബംഗാള്‍ സ്വദേശിയായ മുകേഷ് 2019-20 രഞ്ജി സീസണില്‍ പത്തു കളികളില്‍ 32 വിക്കറ്റെടുത്താണ് ദേശീയ ശ്രദ്ധയിലേക്ക് വന്നത്.
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ബൗണ്ടറിയോടെ തുടങ്ങിയ യശസ്വി ജയ്‌സ്വാളിനെ (6) ഇന്ത്യക്ക് രണ്ടാം ഓവറില്‍ നഷ്ടപ്പെട്ടു. ജെയ്‌സന്‍ ബെഹറന്‍ഡോഫിനാണ് വിക്കറ്റ്. മൂന്ന് വൈഡുകള്‍ കണ്ട ആദ്യ ഓവറില്‍ ഇന്ത്യ 14 റണ്‍സെടുത്തിരുന്നു. ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിലെ ഹീറോ ട്രാവിസ് ഹെഡിനെ പ്ലേയിംഗ് ഇലവനിലുള്‍പെടുത്തി.






