ന്യൂദൽഹി - ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ ദയനീയ പരാജയങ്ങൾ തുടർന്നാൽ ബി.സി.സി.ഐ ഇടപെടാനൊരുങ്ങുന്നു. മൂന്നാം ടെസ്റ്റിനു ശേഷം കോച്ച് രവിശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ബോർഡിൽ നിന്ന് അസുഖകരമായ ചോദ്യങ്ങൾ നേരിട്ടേക്കും. അതിനു ശേഷമേ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിക്കൂ. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശാസ്ത്രിക്കും കോഹ്‌ലിക്കും പൂർണ സ്വാതന്ത്ര്യം നൽകണമോയെന്ന ചിന്ത ബി.സി.സി.ഐയിൽ സജീവമാണ്.
ഒരുക്കങ്ങൾക്ക് മതിയായ സമയം നൽകിയിട്ടില്ലെന്ന് ടീം മാനേജ്‌മെന്റിന് പരാതി പറയാനാവില്ലെന്ന് ഒരു മുതിർന്ന ബി.സി.സി.ഐ ഭാരവാഹി ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തോറ്റ ശേഷം പരിശീലന മത്സരങ്ങളുടെ അഭാവത്തെക്കുറിച്ച് കളിക്കാർ പരാതിപ്പെടുകയുണ്ടായി.
അവരുടെ നിലപാട് കൂടി പരിഗണിച്ചാണ് നിശ്ചിത ഓവർ ക്രിക്കറ്റ് മത്സരങ്ങൾ ടെസ്റ്റ് പരമ്പരക്ക് മുമ്പെ ആക്കിയത്. ഇന്ത്യ എ ടീമിനെ പര്യടനത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിലേക്കയച്ചതും അവരുടെ തീരുമാനപ്രകാരമാണ്. സീനിയർ കളിക്കാരായ മുരളി വിജയ്‌യെയും അജിൻക്യ രഹാനെയെയും ഇന്ത്യ എ ടീമിലുൾപെടുത്തി. എല്ലാമായിട്ടും ഫലങ്ങൾ അനുകൂലമല്ലെങ്കിൽ ബോർഡിന് ഇടപെടാൻ എല്ലാ അവകാശവുമുണ്ട് -അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴത്തെ ടീം മാനേജ്‌മെന്റിനു കീഴിൽ ഓസ്‌ട്രേലിയയിലും (0-2, 2014-15) ദക്ഷിണാഫ്രിക്കയിലും (1-2, 2017-18) ഇന്ത്യ പരമ്പര തോറ്റിരുന്നു. കഴിഞ്ഞ തവണ ഇംഗ്ലണ്ടിൽ ടീം 1-3 ന് പരമ്പര തോറ്റപ്പോഴാണ് അന്നത്തെ കോച്ച് ഡങ്കൻ ഫ്‌ളെച്ചറുടെ അസിസ്റ്റന്റുമാരെ നീക്കി പകരം ടീം മാനേജറായി രവിശാസ്ത്രിയെ കൊണ്ടുവന്നത്. സഞ്ജയ് ബാംഗർ, ആർ. ശ്രീധർ, ഭരത് അരുൺ എന്നിവരെ ശാസ്ത്രിയുടെ അഭ്യർഥനപ്രകാരം ടീം മാനേജ്‌മെന്റിലുൾപെടുത്തുകയും ചെയ്തു.
ശ്രീധർ ഫീൽഡിംഗ് കോച്ചായി നിയമിതനായ ശേഷം സ്ലിപ്പിൽ മാത്രം ഇന്ത്യ അമ്പതോളം ക്യാച്ചുകൾ വിട്ടിട്ടുണ്ട്. വിദേശ പര്യടനങ്ങളിലെ ഇന്ത്യയുടെ ബാറ്റിംഗ് ദൗർബല്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നാലു വർഷം ചുമതലയിലിരുന്നിട്ടും ബാംഗറിന് സാധിച്ചിട്ടില്ല.
ദേശീയ സെലക്ടർമാരെ പര്യടനങ്ങളിൽ ടീം മാനേജ്‌മെന്റിന്റെ ഭാഗമാക്കണമെന്ന് സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടു.






