പി.എസ്.ജി-ന്യൂകാസില്‍
ബാഴ്സലോണ-പോര്‍ടൊ
മാഞ്ചസ്റ്റര്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നോക്കൗട്ട് സ്ഥാനങ്ങള്‍ക്കുള്ള പോരാട്ടം ശക്തമാവുന്നു. മരണഗ്രൂപ്പായ എഫില്‍ വലിയ പ്രതീക്ഷയോടെ തുടങ്ങിയ ന്യൂകാസില്‍ അവസാന സ്ഥാനത്താണ്. നാലു കളിയില്‍ നാല് പോയന്റ്. പി.എസ്.ജിക്കെതിരെ പാരിസില്‍ തോല്‍വി പിണഞ്ഞാല്‍ അവരുടെ നോക്കൗട്ട് പ്രതീക്ഷ അസ്തമിക്കും. ഇംഗ്ലണ്ടില്‍ പി.എസ്.ജിയെ 4-1 ന് തകര്‍ത്താണ് ന്യൂകാസില്‍ പടയോട്ടം ആരംഭിച്ചത്. നിരവധി കളിക്കാര്‍ പരിക്കിന്റെ പിടിയിലായതോടെ ന്യൂകാസില്‍ വിയര്‍ക്കുകയാണ്. എങ്കിലും പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ചെല്‍സിയെ 4-1 ന് തകര്‍ത്തത് അവര്‍ക്ക് ആവേശം പകരും.
ഗ്രൂപ്പില്‍ നാലു ടീമുകള്‍ക്കും എല്ലാ സാധ്യതയും അവശേഷിക്കുന്നു. ബൊറൂസിയ ഡോര്‍ട്മുണ്ടിനോട് ഹോം മത്സരത്തിലും എവേ മത്സരത്തിലും തോറ്റതാണ് ന്യൂകാസിലിന് തിരിച്ചടിയായത്. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ എ.സി മിലാനും ഈ ഗ്രൂപ്പിലുണ്ട്.
സൗദി പിന്തുണയുണ്ടെങ്കിലും ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണം വലിച്ചെറിയാന്‍ ന്യൂകാസില്‍ തയാറായിരുന്നില്ല. വലിയ പ്രതീക്ഷയോടെ ടീമിലെുത്ത സാന്ദ്രൊ ടോണാലി ഇറ്റലിയിലെ പന്തയവിവാദത്തില്‍ കുടുങ്ങി 10 മാസം സസ്പെന്‍ഷനിലാണ്. 13 മുന്‍നിര കളിക്കാരാണ് പല കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നത്. ചെല്‍സിക്കെതിരായ മത്സരത്തില്‍ ടീനേജ് കളിക്കാരെയാണ് റിസര്‍വ് ബെഞ്ചിലിരുത്തിയത്. അതില്‍ മൂന്നു പേര് ഗോള്‍കീപ്പര്‍മാരായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മഡ്രീഡ്, ബയേണ്‍ മ്യൂണിക്, ഇന്റര്‍ മിലാന്, റയല്‍ സൊസീദാദ്, ലെയ്പ്സിഷ് ടീമുകള്‍ നോക്കൗട്ട് ബെര്‍ത്തുറപ്പിച്ചു. ബെന്‍ഫിക്ക, റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ്, ആന്റ്വേര്‍പ്, സാല്‍സ്ബര്‍ഗ്, യൂനിയന്‍ ബെര്‍ലിന്‍, യംഗ് ബോയ്സ് ടീമുകള്‍ പുറത്തായി. നോക്കൗട്ടില്‍ 10 സ്ഥാനങ്ങള്‍ അവശേഷിക്കുന്നുണ്ട്. ബുധനാഴ്ച റയലിനെ തോല്പിച്ചാല് ഗ്രൂപ്പ് സി-യില്‍ നിന്ന് നാപ്പോളിക്ക് മുന്നേറാം. സമനിലയോ തോല്‍വിയോ ആണെങ്കില്‍ ബ്രാഗക്കെതിരായ അവസാന ലീഗ് മത്സരം വരെ അവര്‍ കാത്തിരിക്കണം.
ഗ്രൂപ്പ് ബി-യില്‍ ലെന്‍സിനെതിരെ ഹോം ഗ്രൗണ്ടില്‍ സമനില മതി ആഴ്സനലിന്. ഗ്രൂപ്പ് ഇ-യില്‍ അത്ലറ്റിക്കൊ മഡ്രീഡിന് നെതര്‍ലാന്റ്സില്‍ ഫെയ്നൂര്‍ദിനെ തോല്പിക്കണം. ഗ്രൂപ്പ് എ-യില്‍ ബയേണിനൊപ്പം മുന്നേറാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും എഫ്.സി കോപന്‍ഹാഗനും ഗലതസറായ്ക്കും സാധ്യത അവശേഷിക്കുന്നു. യുനൈറ്റഡും ഗലതസറായിയും തമ്മിലാണ് മത്സരം. ഇസ്താംബൂളിലെ കളി തോല്‍ക്കുന്ന ടീം ഗ്രൂപ്പില്‍ അവസാന സ്ഥാനത്താവും. യൂറോപ്പ ലീഗില്‍ പോലും സ്ഥാനം ലഭിക്കില്ല.






