ഇന്ത്യ x ഓസ്ട്രേലിയ
മൂന്നാം ട്വന്റി20
ഗുവാഹത്തി, നാളെ വൈകു; 4.30
ഗുവാഹത്തി - ആദ്യ രണ്ടു കളിയില്‍ ഇന്ത്യയുടെ യുവ ബാറ്റര്‍മാരുടെ കൈച്ചൂടറിഞ്ഞ ഓസ്ട്രേലിയക്ക് നാളെ ഗുവാഹത്തിയില്‍ നടക്കുന്ന മൂന്നാം ട്വന്റി20യില്‍ ജീവന്മരണ പോരാട്ടം. പരമ്പരയിലേക്ക് യുവ താരങ്ങളെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചപ്പോള്‍ ലോകകപ്പില്‍ ഒന്നര മാസത്തിലേറെയായി പൊരുതുന്ന കളിക്കാരെ ടീമില്‍ കുത്തിനിറച്ചത് ഓസ്ട്രേലിയക്ക് വിനയായി. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കുട്ടിപ്പട പരമ്പര ആസ്വദിക്കുമ്പോള്‍ രണ്ട് തോല്‍വിയുടെ ക്ഷീണത്തില്‍ നിന്ന് കരകയറാന്‍ ഓസീസിന് കഴിയുമോയെന്ന് കണ്ടറിയണം. ഇതിനൊപ്പമാണ് യാത്രയുടെ ക്ഷീണം. രാജ്യത്തിന്റെ തെക്കേയറ്റത്തെ കളിക്കളമായ കാര്യവട്ടത്ത് കളിച്ച് 48 മണിക്കൂര്‍ പിന്നിടുമ്പോഴേക്കും വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ പാഡ് കെട്ടേണ്ട അവസ്ഥയിലാണ് ടീമുകള്‍. ഐ.പി.എല്‍ ലേലത്തിന് കളമൊരുങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ യുവനിര കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മത്സരിക്കും. ഇന്നും ജയിച്ചാല്‍ ഇന്ത്യക്ക് അജയ്യമായ 3-0 ലീഡാവും.
ആദ്യ രണ്ടു കളികളിലായി ഇന്ത്യയുടെ ആദ്യ നാലു ബാറ്റര്‍മാരും അര്‍ധ ശതകം നേടി. അന്തിമ ഓവറുകളില്‍ റിങ്കു സിംഗ് കൊടുങ്കാറ്റഴിച്ചുവിടുകയാണ്. രണ്ടു കളിയിലും റിങ്കുവിനെ പുറത്താക്കാന്‍ ഓസീസിന് സാധിച്ചില്ല. രണ്ടു കളിയിലും നിരാശപ്പെടുത്തിയ പെയ്സ്ബൗളര്‍ അര്‍ഷദീപ് സിംഗിന് ഒരവസരം കൂടി നല്‍കുമെന്നാണ് സൂചന.
ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് മൂന്ന് ട്വന്റി20 മത്സരങ്ങളാണ് അരങ്ങേറിയത്. അതില്‍ 2020 ജനുവരിയിലെ ഇന്ത്യ-ശ്രീലങ്ക മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. 2017 ല്‍ ഇവിടെ ഓസ്ട്രേലിയ എട്ടു വിക്കറ്റിന് ജയിച്ചിരുന്നു. ജെയ്സന് ബെഹറന്ഡോഫായിരുന്നു അന്ന് വിജയശില്പി അഞ്ചു വര്‍ഷത്തിനു ശേഷം 458 റണ്‍സൊഴുകിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 16 റണ്‍സിന് തോല്പിച്ചു.






