തിരുവനന്തപുരം - ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് കിട്ടിയിട്ടും ബൗളിംഗ് തെരഞ്ഞെടുത്തത് ഓസ്‌ട്രേലിയക്ക് പറ്റിയ വന്‍ അബദ്ധമായി. 24 പന്തില്‍ യശസ്വി ജയ്‌സ്വാള്‍ അര്‍ധ ശതകം തികച്ചതോടെ പവര്‍പ്ലേയില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി തികച്ചയുടനെ ജയ്‌സ്വാളിനെ നാഥന്‍ എല്ലിസ് പുറത്താക്കുകയായിരുന്നു. പവര്‍പ്ലേയില്‍ ഓസ്‌ട്രേലിയ അഞ്ച് ബൗളര്‍മാരെ ഉപയോഗിച്ചു.
ആദ്യ ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെ ഇരട്ട ബൗണ്ടറി കടത്തിയാണ് ജയ്‌സ്വാള്‍ തുടങ്ങിയത്. മൂന്നാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ ജയ്‌സ്വാളും ഋതുരാജ് ഗെയ്കവാദും 15 റണ്‍സിന ശിക്ഷിച്ചു. നാലാം ഓവറില്‍ ഷോണ്‍ ആബട്ടിനെ ജയ്‌സ്വാള്‍ അക്ഷരാര്‍ഥത്തില്‍ പിച്ചിച്ചീന്തി. ആദ്യ മൂന്നു പന്തുകള്‍ ബൗണ്ടറിക്കും തുടര്‍ന്നുള്ള രണ്ടെണ്ണം സിക്‌സറിനുമുയര്‍ത്തി. 28 റണ്‍സാണ് ഒഴുകിയത്. എല്ലിസിനെ തുടര്‍ച്ചയായി മൂന്നു തവണ ബൗണ്ടറി കടത്തിയാണ് അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്.






