Sorry, you need to enable JavaScript to visit this website.

പാനൂരിലെ വെയിലിന് എന്തൊരു കുളിര്?

റിവ്യൂ ബോംബിങ്ങിൽ പ്രതികരിച്ച് നടൻ മെഗാസ്റ്റാർ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകൾ തിയേറ്ററിൽ എത്തേണ്ടത്. കാതലിന്റെ  റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.
''റിവ്യൂ നിർത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാനും  കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാർ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങൾ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മൾ പറഞ്ഞാൽ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം പോയി. അപ്പോൾ നമ്മുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്''. റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു.
സിനിമ കാണാൻ 150 രൂപ മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നാണ് നടൻ അജു വർഗീസ് പറഞ്ഞത്.  പുതിയ ചിത്രമായ ഫീനിക്‌സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു വർഗീസ് നിലപാട് വ്യക്തമാക്കിയത്.താൻ പലപ്പോഴും വാണിജ്യ സിനിമകളാണ് ചെയ്യാറെന്നും അതൊരു ഉൽപ്പന്നമാണെന്നും അജു പറഞ്ഞു. ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന നിയമമുള്ളിടത്തോളം കാലം നമ്മൾ അത് പറഞ്ഞിട്ട് കാര്യമില്ലെന്നും അജു വർഗീസ് പറഞ്ഞു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോൾ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു. ഒരു സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലതു പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഒരിക്കലും തനിക്കൊന്നും സിനിമ കിട്ടില്ലെന്നും താരം പറഞ്ഞു. ഒരിക്കലും മുൻവിധി വച്ച് ആരും സിനിമ കാണാൻ വരുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അജു വ്യക്തമാക്കി. ഇപ്പോഴത്തെ കോലാഹലങ്ങൾ കാണുമ്പോൾ കോഴിക്കോടനും സിനിക്കും എം. കൃഷ്ണൻ നായരുമൊക്കെ റിവ്യൂ ചെയ്തിരുന്ന സുവർണ കാലം ഏത് മലയാളിയും ഓർത്തു പോകും. ഇതിനിടയ്ക്ക് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തു വരുന്ന മറിമായത്തിൽ ഈ വാരത്തിൽ സംപ്രേഷണം ചെയ്ത പാരിയുടെ റിവ്യൂ ബോംബിംഗ് തകർത്തു. ഫുഡ് വ്‌ളോഗർമാരെ പെരുമാറിയ എപ്പിസോഡും ഗംഭീരമായി. 

                                ****            ****              ****
നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു.  ഇത്തരം പ്രതികരണങ്ങൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിസാരവത്കരിക്കുന്നതാണെന്നും കമ്മീഷൻ എക്സിൽ കുറിച്ചു. സെക്‌ഷൻ 509 ബി ചുമത്തി നിയമനടപടി സ്വീകരിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ വ്യക്തമാക്കി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാന്റെ വിവാദ പരാമർശം. വീഡിയോ വിവാദമായതോടെ പ്രതികരണവുമായി നടി തൃഷ തന്നെ രംഗത്തെത്തി. മൻസൂറിന്റേത് നീചവും വെറുപ്പുളവാക്കുന്നതുമായ പരാമർശമാണ്. ഇത്തരം മനസ്ഥിതിയുള്ള ഒരാളുമായി ഇനി അഭിനയിക്കില്ലെന്നും തൃഷ എക്സിൽ കുറിച്ചു. തൃഷയ്ക്ക് പിന്തുണയുമായി ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രംഗത്തുവന്നിരുന്നു. ഏറ്റവുമൊടുവിൽ മഞ്ഞുരുക്കത്തിന്റെ സൂചനയും കണ്ടു. ലിംഗ സമത്വമൊന്നുമില്ലെങ്കിലും ഒരുമിച്ച് അഭിനയിക്കുന്ന കലാകാരികളെ നിന്ദിക്കാതിരിക്കുകയെങ്കിലും ചെയ്തു കൂടെ? 

                                ****            ****              ****
തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞുനിന്ന നടി വിചിത്ര താൻ ഇരുപത് വർഷം മുമ്പ് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് നടിയുടെ  വെളിപ്പെടുത്തൽ. പ്രശസ്തനായ തെലുങ്ക് സൂപ്പർ നടനിൽ നിന്ന് നേരിട്ട ദുരനുഭവം കൊണ്ടാണ് ഇരുപത്  വർഷം മുമ്പ് അഭിനയരംഗം വിട്ടതെന്നും മടങ്ങി വരവിന് ഒരുങ്ങുകയാണെന്നും വിചിത്ര പറഞ്ഞു. 'മലമ്പുഴയിലാണ് ഷൂട്ട് നടന്നുകൊണ്ടിരുന്നത്. 
ആദ്യ ദിനം ഒരു പാർട്ടിക്കിടെ പ്രധാന നടൻ ഇതിൽ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ചു മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്റെ പേരു പോലും ചോദിച്ചില്ല. അത് ശരിക്കും ഷോക്കിംഗ് ആയിരുന്നു. ഞാൻ പോയില്ല. അടുത്ത ദിവസം മുതൽ ലൊക്കേഷനിൽ എനിക്ക് ഉപദ്രവമായിരുന്നു. 
നിരന്തരം മുറിയുടെ വാതിലിൽ മുട്ടലുകൾ. എന്റെ കഷ്ടപ്പാട് കണ്ട് ഭാവി ഭർത്താവായ ഹോട്ടൽ മാനേജർ മറ്റൊരു മുറി തരപ്പെടുത്തിത്തന്നു. ചിത്രത്തിനു വേണ്ടി ഒരു സംഘട്ടനരംഗം ചിത്രീകരിക്കുമ്പോൾ ആദിവാസികളായി വേഷമിട്ട ഞങ്ങളെ ഒരുകൂട്ടം ഉപദ്രവിക്കുന്ന രംഗമുണ്ട്. അതിൽ ഒരാൾ എന്നെ മോശമായി സ്പർശിച്ചു. ഇയാളെ പിടികൂടി സ്റ്റണ്ട് മാസ്റ്ററുടെ അടുത്ത് എത്തിച്ചപ്പോൾ സ്റ്റണ്ട് മാസ്റ്റർ മുഴുവൻ സെറ്റിനു മുന്നിൽവച്ച് എന്നെ തല്ലി. യൂണിയനിൽ പരാതി നൽകിയപ്പോൾ ഒരു സഹകരണവും ലഭിച്ചില്ല'. ഇത്തരം മോശം അനുഭവങ്ങളാണ് സിനിമാരംഗം ഉപേക്ഷിക്കാൻ കാരണമായത്- വിചിത്ര പറഞ്ഞു. 
                                ****            ****              ****
കാളിദാസ് ജയറാമിന്റെ വിവാഹക്കാര്യമാണ് വാർത്തകളിൽ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് താൻ പ്രണയത്തിലാണെന്ന് കാളിദാസ് ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ കാമുകിയുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു കാളിദാസ് പ്രണയം വെളിപ്പെടുത്തി വിവാഹിതരാകാൻ പോവുകയാണെന്ന് അറിയിച്ചത്. വിവാഹം അടുത്ത വർഷമായിരിക്കും നടക്കുക എന്നും നടൻ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ വിവാഹ നിശ്ചയവും നടത്തി. ഈ മാസം ആദ്യമാണ് ചെന്നൈയിൽ വെച്ച് ഇവരുടെ വിവാഹനിശ്ചയം നടന്നത്. നടിയും മോഡലുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് കാളിദാസിന്റെ കാമുകി തരിണി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. രണ്ടു വർഷം മുമ്പാണ് കാളിദാസും തരിണിയും കണ്ടുമുട്ടിയത്. എന്നാൽ പരസ്പരം മനസിലാക്കാൻ 10 ദിവസത്തോളം സമയം വേണ്ടിവന്നു. ഒടുവിൽ പരസ്പരം അനുയോജ്യരായ പങ്കാളികളാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞു.  ബെസ്റ്റ് ഫ്രണ്ട് ഇപ്പോൾ ഭാവിവരനായതിന്റെ ത്രില്ലിലുമാണ് താൻ -തരിണി  പറഞ്ഞു. ഒരു പൊതുസുഹൃത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ആദ്യം തന്നോട് സംസാരിക്കാതെ ഒഴിവാകുന്ന വ്യക്തിയാണ് കാളിദാസ് എന്ന് തരിണി തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ രണ്ടാമത് കൂടിക്കാഴ്ചയിൽ അത് മാറിയെന്നും, കാളിദാസ് തന്നോട് സംസാരിച്ചുവെന്നും തരിണി പറയുന്നു.
സെപ്റ്റംബർ മാസത്തിൽ പ്രൊപോസൽ നടന്നു. ഊട്ടിക്കടുത്തുള്ള കാട്ടിൽ വച്ചായിരുന്നു പ്രൊപോസൽ. തനിക്ക് ഇഷ്ടമുള്ള സ്ഥലമാണ് അതെന്ന് കാളിദാസിന് അറിയാമായിരുന്നു. തങ്ങളുടെ ബന്ധത്തിലെ ഏറ്റവും വിശിഷ്ട നിമിഷമാണതെന്നും തരിണി അഭിമുഖത്തിൽ പറഞ്ഞു. ഓരോരോ ആചാരങ്ങൾ.. 

                                ****            ****              ****
സിനിമാ നടന്മാരുടെ മക്കൾ അഭിനയിക്കാനെത്തുന്നത് മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിൽ പോലും പുതുമയല്ല. അഛന്റെ/ അമ്മയുടെ മകളോ മകനോ ആയതിന്റെ പേരിൽ സംവരണ സീറ്റിലൂടെ വെള്ളിത്തിരയിലെത്തുന്നവരല്ല ഇവരാരും തന്നെ. ശ്രീനിവാസന്റേയും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും മക്കൾ സ്വന്തം കഴിവ് തെളിയിച്ചാണ് ഈ രംഗത്ത് ചുവടുറപ്പിക്കുന്നത്. അല്ലാതെ രാഷ്ട്രീയക്കാരെ പോലെ പിൻഗാമിയെ ചുളുവിൽ ലോഞ്ച് ചെയ്യാൻ സിനിമയിൽ പറ്റില്ല. മരുമകനായാലും മകനായാലും പെർഫോം ചെയ്യാനാവില്ലെങ്കിൽ വേഗം ഫീൽഡ് ഔട്ടാവും. ഷാരൂഖ് ഖാനൊപ്പം മകൾ സുഹാന ഖാൻ അഭിനയിക്കുന്ന കിംഗ് എന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ആക്ഷന് ഏറെ പ്രാധാന്യമുണ്ട്. ഷാരൂഖ് ഖാൻ നായകനായ പത്താന്റെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ആണ് കിംഗിന്റെ ആക്ഷൻ രംഗങ്ങളുടെ മേൽനോട്ടം നിർവഹിക്കുക.  ജവാൻ ആണ് ഷാരൂഖ് ഖാൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം .നെറ്റ്ഫ്ലിക്‌സിലും കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡ് മുന്നേറ്റം നടത്തുകയാണ്. ആയിരം കോടി രൂപയധികം നേടി ജവാൻ ചരിത്ര നേട്ടം തന്നെ കൈവരിച്ചു. നയൻതാര ആയിരുന്നു നായിക. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാൻ അറ്റ്ലിയാണ് സംവിധാനം ചെയ്തത്. 

                                ****            ****              ****
കൈരളി ടിവിയ്ക്ക് നല്ല വ്യൂവർഷിപ്പുള്ള പ്രോഗ്രാമാണ് ലക്‌ഷ്മി നായരുടെ പാചകം. ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടാകുമ്പോൾ റിസൾറ്റ് ബുള്ളറ്റിനുകൾക്ക് പകരം ലക്ഷ്മി നായർ പാചക വിശേഷങ്ങളുമായെത്താറുണ്ടെന്നാണ് രാഷ്ട്രീയ എതിരാളികൾ പറയാറുള്ളത്. അവതാരകയും അധ്യാപികയുമായ ലക്ഷ്മി നായർ സോഷ്യൽ മീഡിയ ലോകത്തും സജീവമാണ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി യൂട്യൂബിലൂടെ അവർ പങ്കുവെക്കാറുണ്ട്. ലക്ഷ്മിയുടെ മരുമകളായ അനുരാധയുടെ പ്രസവം ഈ അടുത്തായിരുന്നു കഴിഞ്ഞത്. കുഞ്ഞിന് രണ്ടുമാസം പ്രായമേ ആയിട്ടുള്ളൂ. അനുക്കുട്ടിയും വാവയും അവിടെയും ഇവിടെയുമാണ് നിൽക്കുന്നത്. കുഞ്ഞുവാവ സുഖമായിരിക്കുന്നു. സരസ്വതിയെന്നാണ് പേരിട്ടതെന്ന് ലക്ഷ്മി പറയുന്നു. കുറച്ചുകാലമായി താൻ എന്തുകൊണ്ടാണ് ലൈവിൽ വരാത്തതെന്ന കാരണവും ലക്ഷ്മി വെളിപ്പെടുത്തിയിരിക്കുകയാണ്.
കുറച്ചുനാളുകൾക്ക് ശേഷമാണ് ലക്ഷ്മി യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. കൊച്ചുമക്കളെ കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നതെന്ന് ലക്ഷ്മി പറയുന്നു. അതേസമയം കുഞ്ഞിനെ കാണിക്കാൻ സമയമായിട്ടില്ല എന്നും പ്രൈവസി മാനിക്കുന്നത് കൊണ്ടാണ് വാവയെ ഞങ്ങൾ കാണിക്കാത്തതെന്നും കുഞ്ഞിന്റെ ശബ്ദം ഒക്കെ വീഡിയോയിൽ നിങ്ങൾക്ക് കേൾക്കാൻ ആവുമെന്നും ലക്ഷ്മി നായർ പുതിയ യൂട്യൂബ് വീഡിയോയിൽ പറയുന്നു.

                                ****            ****              ****
ഇടതുപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം തമാശക്കാരായി മാറിയത് മലയാളികൾക്ക് ഏറെ ആശ്വാസകരമാണ്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനായിരുന്നു ആദ്യം തിളങ്ങിയത്. ഏറെ വൈകാതെ കൂറ്റനാടിലെ അപ്പത്തിന്റെ കഥ പറഞ്ഞെത്തിയ ഗോവിന്ദൻ മാഷ് ടൈറ്റിൽ തട്ടിയെടുത്തു. കാസർകോട്ടു നിന്ന് 43 കെ- ട്രെയിനുകൾ അങ്ങോട്ടും ഇങ്ങോട്ടും കുതിക്കും. ഒന്ന് മിസ്സായാൽ പേടിക്കേണ്ട കാര്യമില്ല, ഇരുപത് മിനുറ്റു കൊണ്ട് അടുത്തത് വരും. മാഷുടെ സ്വപ്‌ന വിവരണത്തിൽ ആവേശം മൂത്ത ചിലർ സ്വർഗത്തെ പറ്റി വിവരിക്കുന്ന മൊയിലാരോട് മാഷുടെ ഡയലോഗുകൾ താരതമ്യം ചെയ്തിട്ടുണ്ട്. ഇതെല്ലാം കണ്ടും കേട്ടും മുൻ മന്ത്രി എ.കെ ബാലൻ മിണ്ടാതിരിക്കുന്നതെങ്ങിനെ? മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന ബസ് മ്യൂസിയത്തിൽ വെച്ചാൽ കാണാൻ ആളെത്തുമെന്നും അതൊരു വരുമാന മാർഗമായി മാറുമെന്നും മൂപ്പർ തട്ടിവിട്ടു. ഇപ്പോൾ തന്നെ ബസിന് ഇരട്ടി വില പറഞ്ഞ ആളുകൾ ഉണ്ട്. എന്ത് നല്ലൊരു ഐഡിയ. എങ്കിൽ ഇത്തരം കുറച്ച് ബസുകളിറക്കിയാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി നമുക്ക് എന്നെന്നേക്കുമായി മറക്കാമല്ലോ. റിപ്പോർട്ടർ ടിവിയിലെ എഡിറ്റേഴ്‌സ് ചാറ്റിൽ സുജ പാർവതി മ്യൂസിയം കാര്യമെടുത്തിട്ട് എം.വി നികേഷ് കുമാറിനെ കുടഞ്ഞിട്ടുണ്ട്. ബസ് അവിടെ നിൽക്കട്ടെ. ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ മുഖ്യമന്ത്രി ഇരുന്ന 1960കളിൽ കേരളത്തിലെ പയറ്റ്-കല്യാണ വേദികളിൽ കണ്ടിരുന്നത് പോലുള്ള കസേര ഏത് മ്യൂസിയത്തിലാണ് കൊണ്ടു പോയി സൂക്ഷിച്ചിട്ടുള്ളതെന്നാണ് സുജയുടെ ചോദ്യം. നവ കേരള യാത്ര പിന്നിട്ട വാരത്തിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഏറ്റവും ശക്തമായ അടിത്തറയുള്ള സ്ഥലങ്ങളിലൂടെയാണ് കടന്നു പോയത്. കല്യാശേരിയിലെ ജീവൻ രക്ഷാ പ്രവർത്തനവും കഴിഞ്ഞ് തലശേരി, നാദാപുരം, വടകര പോലുള്ള സി.പി.എം കേന്ദ്രങ്ങളിലായിരുന്നു പ്രയാണം. 
തലശേരിയിൽ വൻ വിജയമായിരുന്നുവെന്നതിൽ സംശയമില്ല. നാരങ്ങാപുറവും എം.ജി റോഡുമെല്ലാം ചൊവ്വാഴ്ച വൈകിട്ട് ശൂന്യമായി. ജനമത്രയും പിണറായിയേയും ഷംസീറിനേയും മറ്റും കാണാൻ കോണോർ വയലിലേക്ക് ഒഴുകി. തൊട്ടടുത്ത ദിവസം മന്ത്രിസഭാ യോഗം ചേർന്നത് തലശേരിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു.  കേരളത്തിന്റെ ചരിത്രത്തിലാദ്യമായി മന്ത്രിസഭായോഗം ബാർ ഹോട്ടലിൽ ചേർന്നുവെന്നാണ് കോൺഗ്രസുകാർ പറയുന്നത്. 
കണ്ണൂരിലും തലശേരിയിലും മികച്ച സർക്കാർ ഗസ്റ്റ് ഹൗസുകളുള്ളപ്പോഴാണ് മന്ത്രിസഭായോഗം ബാർഹോട്ടലിൽ ചേർന്നതെന്നുള്ള വിമർശനമാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഉയർത്തിയിരിക്കുന്നത്. എന്ത് കൊണ്ടാണ് സ്വകാര്യ ബാർ ഹോട്ടലിൽ മന്ത്രിസഭാ യോഗം ചെർന്നതെന്ന് വ്യക്തമാക്കണമെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. മുൻസർക്കാരുകളുടെ കാലത്തും തിരുവനന്തപുരത്തിന് പുറത്ത് മന്ത്രി സഭായോഗം ചേർന്നിട്ടുണ്ടെങ്കിലും അതെല്ലാം സർക്കാർ ഗസ്റ്റ് ഹൗസുകളിൽ ആയിരുന്നു. ഈ കോൺഗ്രസുകാർക്ക് എന്തറിയാം? എന്തിനും ഒരു വെറൈറ്റി വേണ്ടെ? 
പാനൂരിലെ സ്‌കൂൾ കുട്ടികൾ അയ്യോ അച്ചാ പോവല്ലേ സ്‌റ്റൈലിൽ മുദ്രാവാക്യം വിളിച്ച്  മുഖ്യമന്ത്രിയ്ക്ക് അഭിവാദ്യമർപ്പിക്കാൻ റോഡരികിൽ ഉച്ച വെയിൽ ഗൗനിക്കാതെ നിലയുറപ്പിച്ചിരുന്നു. നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ചീഫ്സെക്രട്ടറിയ്ക്ക് ബാലാവകാശ കമ്മിഷൻ നോട്ടിസ് അയച്ചിരിക്കുകയാണ്. അഞ്ച് ദിവസത്തിനുള്ളിൽ നടപടിയെടുത്ത് മറുപടി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കി.  കമ്മിഷൻ ചെയർമാർ പ്രിയങ്ക് കാനൂനഗോ ആണ് നോട്ടീസ് അയച്ചത്. കുട്ടികൾക്ക് നേരെയുണ്ടായത് മാനസിക പീഡനമാണെന്ന് കമ്മിഷൻ വിലയിരുത്തുന്നു. ഓരോരോ പുലിവാലുകൾ വരുന്ന വഴി. 

                                 ****            ****              ****
ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഡീപ് ഫേക് ഏർപ്പാടിൽ നിന്നാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോഡി. ഉടൻ തന്നെ ഐടി മന്ത്രി അശ്വിൻ വൈഷ്ണവ് ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചു ചേർത്തു. മാനം മര്യാദയായി കഴിയുന്നവരെ അപമാനിക്കാൻ കൂട്ടുനിൽക്കാനാണ് ഭാവമെങ്കിൽ വിവരമറിയുമെന്ന് ഐടി മന്ത്രി അശ്വിൻ വൈഷ്ണവ് ഗൂഗിളിനേയും മെറ്റിനേയും വിരട്ടുകയും ചെയ്തു. ഇതൊന്നുമല്ല രസം, മോഡിജി ഒരതിശയം പോലെ പറയുകയാണ്' താൻ പാടുന്ന വീഡിയോയും ഇത്തരക്കാർ ഒപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന്. മൂപ്പര് ഇപ്പോഴേ അറിയുന്നുള്ളു. മുഖ്യമന്ത്രി പിണറായിയും മോഡിജിയും ചേർന്ന് കച്ചാ ബദം പാടി രസിക്കുന്നത് രണ്ടു വർഷം മുമ്പെങ്കിലും മലയാളികളുടെ സോഷ്യൽ മീഡിയയിൽ ട്രെന്റിംഗായിരുന്നു. 

Latest News