Sorry, you need to enable JavaScript to visit this website.

ചരിത്രശേഷിപ്പുകളുമായി മലപ്പുറത്തെ പോലീസ് മ്യൂസിയം

'ഹലോ,ഹലോ...ബറ്റാലിയൻ റെഡി..'' 
നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങി കിടക്കുന്ന മലപ്പുറം എം.എസ്.പി പോലീസ് മ്യൂസിയത്തിലെ കൗതുകം നിറഞ്ഞ കാഴ്ചകളിൽ ഒന്നാണ് 1950 കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ടെലിഫോൺ.ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അക്കാലത്ത് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന ഉപാധികളിൽ പ്രധാനമായിരുന്നു ഈ ഉപകരണം.ഇത്തരത്തിൽ പോലീസ് സേനയുടെ ചരിത്രത്തിന്റെ ഭാഗമായിരുന്ന ഒട്ടേറെ വിശിഷ്ട വസ്തുക്കൾ മലപ്പുറം ജൂബിലി റോഡിലെ ഈ മ്യൂസിയത്തിൽ കാണാം.
1884 ൽ മലപ്പുറം സ്‌പെഷ്യൽ പോലീസ് എന്ന പേരിൽ ബ്രിട്ടീഷുകാർ സ്ഥാപിക്കുകയും പിന്നീട് മലബാർ സ്‌പെഷ്യൽ പോലീസ് ആയി മാറുകയും ചെയ്ത മലപ്പുറം എം.എസ്.പിയുടെ ചരിത്രത്തിന്റെ നേർ ചിത്രം ഈ മ്യൂസിയത്തിലുണ്ട്.2021 ൽ എം.എസ്.പിയുടെ നൂറാം വാർഷികത്തിലാണ് എം.എസ്.പി.സെന്ററിനറി പോലീസ് മ്യൂസിയത്തിന് മലപ്പുറത്ത് തുടക്കമായത്.
1921 കാലത്ത് മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്കെതിരെ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ മാതൃകകളും ഇവിടെ കാണാം.


വിവിധ തരം തോക്കുകൾ,മറ്റ് ആയുധങ്ങൾ,അമൂല്യമായ ചരിത്ര രേഖകൾ,പ്രമാണങ്ങൾ,പുരാവസ്തുക്കൾ,വിധി ന്യായങ്ങൾ തുടങ്ങി വിശിഷ്ടങ്ങളായി വസ്തുക്കളും ഇവിടെ പ്രദർശനത്തിലുണ്ട്.
200ൽ പരം ചരിത്രപ്രാധാന്യമുള്ള വസ്തുക്കളാണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്.നൂറ്റാണ്ടിന്റെ പഴക്കമുള്ള ഉപകരണങ്ങളും യന്ത്രങ്ങളുമാണ് ഏറെയും.ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, അമേരിക്ക,സ്വീഡൻ,ബെൽജിയം എന്നീ രാജ്യങ്ങളിൽ നിന്ന് പല കാലങ്ങളിൽ എം.എസ്.പിയിലേക്ക് കൊണ്ടു വന്ന ഉപകരണങ്ങൾ കാഴ്ചക്ക് മാറ്റുകൂട്ടുന്നു.
175 വർഷം വരെ പഴക്കമുള്ളതും ഇരുമ്പ്,ഗ്ലാസ്,മരം,സെറാമിക്,മെറ്റൽ തുടങ്ങിയവയിൽ നിർമിച്ചതുമായ വിദേശ വസ്തുക്കൾ ഇവിടെ കാണാം.പോലീസുകാരുടെ ചട്ടിത്തൊപ്പി മുതൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങൾ വരെ പ്രദർശനത്തിനുണ്ട്. വിവിധ കാലങ്ങളിൽ എം.എസ്.പിക്ക് ലഭിച്ച ഷീൽഡുകളും ഇവിടെയുണ്ട്.
മ്യൂസിയത്തിലെ കൗതുകകരമായ മറ്റൊരു ഉപകരണം 'ഉല'ആണ്.ഒരു കാലത്ത് മലബാറിന്റെ ഗ്രാമകാഴ്ചകളിലെ നിറസാന്നിധ്യമായിരുന്നു കൊല്ലന്റെ ആലയും ഉലയും.അക്കാലത്ത് ഗ്രാമങ്ങളിലെ കൃഷിപ്പണിക്കാർക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും നിർമിക്കാൻ കൊല്ലന്റെ ആലയിലെ ഉലയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.ഇരുമ്പും മറ്റു ലോഹങ്ങളും, ആയുധങ്ങളും ഉപകരണങ്ങളുമാക്കി മാറ്റാൻ ഉല ഉപയോഗിച്ച് തീ ജ്വലിപ്പിക്കുകയാണ് പതിവ്.


ആലയിലെ തീ കുഴിയിലേക്ക് ഉല ഉപയോഗിച്ച് ഊതി കൊടുക്കുമ്പോൾ കനലിന് ചൂടു കൂടും.എത്ര കട്ടിയുള്ള ഇരുമ്പും ഇതിൽ മയപ്പെടും.പിന്നീട് ആവശ്യമായ രൂപത്തിലേക്ക് അടിച്ച് പരത്തി മാറ്റിയെടുക്കും.എം.എസ്.പിയിൽ ആയുധങ്ങൾ മൂർച്ച കൂട്ടാനും പുതിയവ നിർമിക്കാനുമാണ് ഉല പ്രധാനമായും ഉപയോഗിച്ചിരുന്നത്. ലെതറും മരവും മെറ്റലും ഉപയോഗിച്ചു നിർമിക്കുന്ന ഉലക്ക് ആവശ്യമായ വസ്തുക്കൾ അക്കാലത്ത് ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടു വന്നതാണ്. 
1884 ൽ മലപ്പുറം സ്‌പെഷ്യൽ പോലീസ് എന്ന പേരിലാണ് ഇന്നത്തെ മലബാർ സ്‌പെഷ്യൽ പോലീസ് അറിയപ്പെട്ടിരുന്നത്.അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ട് റീച്ചാർഡ് ഹിച്ച് കോക്ക് ആണ് ആദ്യത്തെ എം.എസ്.പി കമാൻഡന്റ്.മലബാർ കലക്ടർ ആയിരുന്ന ഇ.എഫ് തോമസ് ആണ് മലപ്പുറത്ത് പ്രത്യേക പോലീസ് സേന വേണമെന്ന ഹിച്ച്‌കോക്കിന്റെ ആവശ്യം അംഗീകരിച്ചത്. 
1921 ൽ മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നിയന്ത്രിക്കാൻ ആറു ബ്രിട്ടീഷ് ഓഫീസർമാരെയും 60 ഹവിദാർമാരെയും അറുനൂറ് കോൺസ്റ്റബിൾമാരെയും ഉൾപ്പെടുത്തി പ്രത്യേക പോലീസ് സംഘത്തെയാണ് നിയോഗിച്ചത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ മദ്രാസ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എം.എസ്.പിയുടെ ബറ്റാലിയൻ തമിഴ്്‌നാടിന്റെ ഭാഗമായി.മലപ്പുറം ക്യാമ്പ് പോലീസുകാരുടെ പരിശീലനത്തിനുള്ള ഇടവുമായി. മലബാർ ചരിത്രത്തിന്റെ ഭാഗമായ എം.എസ്.പിയുടെ പിന്നിട്ട വഴികളിലേക്കുള്ള ജാലകമാണ് മലപ്പുറത്തെ പോലീസ് മ്യൂസിയം.
വിദ്യാർഥികളടക്കം നിരവധി പേർ ഇവിടെ ചരിത്രത്തിന്റെ ശേഷിപ്പുകൾ കാണാൻ എത്തുന്നു.പത്തു രൂപയാണ് പ്രവേശന ഫീസ്.തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം മ്യൂസിയം തുറന്നു പ്രവർത്തിക്കുന്നു. 

Latest News