Sorry, you need to enable JavaScript to visit this website.

നിറംമങ്ങിയ ട്രാക്കുകൾ

ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ രാജ്യത്തിന്റെ അഭിമാനമാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിനിയായ തോലാട്ട് സരോജിനി. അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ബാങ്കു വായ്പയെടുത്താണ് അവർ വിജയം കൊയ്തത്. ദാരിദ്ര്യത്തിലും അവഗണനയിലും തളരാതെ ട്രാക്കുകൾ കീഴടക്കുകയാണ് ഈ നാൽപത്തിയെട്ടുകാരി. എണ്ണിയാൽ തീരാത്ത വിജയങ്ങളാണ് പ്രായം വകവയ്ക്കാതെ സരോജിനി നേടിയെടുത്തത്. 


ട്രാക്കിലൂടെ ഒരു വശത്ത് വിജയങ്ങൾ കൊയ്തപ്പോൾ മറുവശത്ത് സ്വകാര്യജീവിതത്തിൽ നഷ്ടങ്ങളുടെ നീണ്ട നിരയാണ് ഈ കായികതാരത്തെ കാത്തിരുന്നത്. അച്ഛനെയും അമ്മയേയും സഹോദരനെയും മരണം തട്ടിയെടുത്തു. ഇവരുടെ ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന വീടും വിൽക്കേണ്ടിവന്നു. മറ്റൊരു സഹോദരനൊപ്പമാണ് ഇപ്പോഴത്തെ താമസം. ചൈന, ബ്രസീൽ, ജപ്പാൻ, സിംഗപ്പൂർ, ഓസ്‌ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ രാജ്യത്തിനുവേണ്ടി ട്രാക്കിലിറങ്ങി. നിരവധി തവണ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സരോജിനി അടുത്ത വർഷം സ്‌പെയിനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. കഴിഞ്ഞ മത്സരങ്ങളിൽ പങ്കെടുക്കാനായി എടുത്ത ബാങ്ക് വായ്പ ഇതുവരെ തിരിച്ചടയ്ക്കാനും കഴിഞ്ഞിട്ടില്ല. അമേരിക്കയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലേയ്ക്ക് സെലക്ഷൻ കിട്ടിയെങ്കിലും പങ്കെടുക്കാനായില്ല. കാരണം സാമ്പത്തികം തന്നെ. ബാങ്കിൽ ബാലൻസൊന്നുമില്ലാത്തതിനാൽ വായ്പയും തരപ്പെട്ടില്ല.

ചെന്നൈയിൽ നടന്ന സെലക്ഷനിൽ പങ്കെടുത്ത എട്ടുപേരിൽ മൂന്നു പേർക്ക് സെലക്ഷൻ ലഭിച്ചു. അഞ്ചുപേർക്ക് തിരിച്ചുപോരേണ്ടിവന്നു. സാമ്പത്തികബുദ്ധിമുട്ടുതന്നെ കാരണം. അൻപത് മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, റിലേ, 5000, 3000, 10000  മീറ്റർ നടത്തം, 1500 മീറ്റർ ഓട്ടം, സ്റ്റീപ്പിൾ ചേയ്‌സ്, നീന്തൽ... എന്നിങ്ങനെ നീളുന്നു സരോജിനിയുടെ കായികപ്രേമം. ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചിട്ടും ഒരു സ്ഥിരം ജോലി എന്ന സ്വപ്‌നം മാത്രം യാഥാർഥ്യമാകാത്ത സങ്കടത്തിലാണ് ഈ കായികതാരം.
തായിലെ വീട്ടിൽ അമ്പുവിന്റെയും തോലാട്ട് ലക്ഷ്മിയമ്മയുടെയും ഇളയ മകളായി ജനിച്ച സരോജിനിക്ക് കുട്ടിക്കാലംതൊട്ടേ തുടങ്ങിയതാണ് കായികപ്രേമം. കൃഷിക്കാരനായിരുന്ന അച്ഛൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മരണപ്പെട്ടു. തുടർന്ന് സഹോദരന്റെ തണലിലായിരുന്നു ജീവിതം. സ്‌കൂൾ പഠനകാലത്ത് കലാ കായിക മേഖലകളിൽ എന്നും മുൻപന്തിയിലുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ കുലപതിയെന്നു വിശേഷിപ്പിക്കുന്ന അസീസ് തായിനേരിയുടെ ശിഷ്യ കൂടിയായ സരോജിനി കുട്ടിക്കാലംതൊട്ടേ മാപ്പിളപ്പാട്ടു വേദികളിലെയും സ്ഥിരസാന്നിധ്യമാണ്. മുസ്ലിം വീടുകളിലെ കല്യാണങ്ങൾക്കും കാതുകുത്തിനുമെല്ലാം ഗാനമേള ട്രൂപ്പിനൊപ്പം സരോജിനിയുമുണ്ടായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നിരവധി വേദികളിൽ ആ ശബ്ദം മുഴങ്ങിയിരുന്നു. എന്നാൽ ജീവിതായോധനത്തിനായി കായികമേഖലയിൽ ചുവടുറപ്പിച്ചിരിക്കുകയാണ് ഈ കലാകാരി.


സ്‌കൂൾ പഠനകാലംതൊട്ടേ കായികരംഗത്ത് ഒട്ടേറെ വിജയങ്ങൾ കരസ്ഥമാക്കിയ സരോജിനി ഇപ്പോഴും തന്റെ തേരോട്ടം തുടരുകയാണ്. ദേശീയ മത്സരങ്ങളിലും അന്തർദേശീയ മത്സരങ്ങളിലും നിരവധി സുവർണ്ണ നേട്ടങ്ങൾക്ക് ഉടമയായ ഈ കായികതാരം കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിൽ താൽക്കാലിക ജോലിക്കാരിയാണിപ്പോൾ. വാർഡൻ കം ഇൻ്‌സ്ട്രക്ടർ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുമ്പോഴും പുതിയ പ്രതിഭകളെ വാർത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണവർ.
പയ്യന്നൂർ ബോയ്‌സ് ഹൈസ്‌കൂളിൽ നടന്ന മത്സരത്തിൽ അഞ്ചു കിലോമീറ്റർ നടത്ത മത്സരത്തിൽ സ്വർണ്ണമെഡൽ നേടിക്കൊണ്ട് തുടങ്ങിയ ഈ കായികയാത്ര ഇക്കഴിഞ്ഞ ഒക്‌ടോബറിൽ ദുബായിൽ നടന്ന ഓപ്പൺ ഇന്റർനാഷണൽ മീറ്റിൽ വരെ എത്തിനിൽക്കുന്നു. കായിക മത്സരങ്ങളിൽ മികവിന്റെ ചരിത്രം കുറിക്കുമ്പോഴും ജീവിതത്തിന്റെ ട്രാക്കിൽ ഈ ദേശീയതാരത്തിന്റെ കാലിടറുകയാണ്. വിദഗ്ദ്ധ കോച്ചിന്റെ പരിശീലനമോ മറ്റു പ്രോത്സാഹനമോ സരോജിനിക്കില്ല.
എസ്.എസ്.എൽ.സിക്കുശേഷം കൂലിപ്പണിക്കിറങ്ങിയ സരോജിനി ചെയ്യാത്ത ജോലികളില്ല. കല്ലെടുത്തും മണ്ണു ചുമന്നും പാടത്ത് ഞാറ് നട്ടും ജീവിതം പുലർത്തുന്നതിനിടയിൽ പ്രഭാതത്തിൽ പയ്യന്നൂർ ഹൈസ്‌കൂർ സ്‌റ്റേഡിയത്തിൽ സ്വയം നടത്തുന്ന കായിക പരിശീലനമായിരുന്നു സരോജിനിയുടെ കരുത്ത്. ആ കരുത്തിലാണ് പിന്നീട്  ജീവിതം മുന്നോട്ടു നീങ്ങിയത്. ഇന്നിപ്പോൾ സ്വർണ്ണവും വെള്ളിയും വെങ്കലവുമായി തായിനേരിയിലെ വീട് നിറയുമ്പോഴും സ്വന്തമായി ഒന്നും നേടിയില്ല എന്ന ചിന്തയാണ് ഈ കായികതാരത്തിന് വേദനയാകുന്നത്.
ലോക കായിക ചരിത്രത്തിൽ സരോജിനിയുടെ നാമം ആദ്യമായി മുഴങ്ങിക്കേട്ടത് 2012ൽ ചൈനയിൽ നടന്ന പതിനേഴാമത്  ഏഷ്യൻ അതിലറ്റിക് ചാമ്പ്യൻഷിപ്പിൽ 2000 മീറ്റർ സ്റ്റിപ്പിൾ ചെയ്‌സിൽ ആറാം സ്ഥാനം നേടിക്കൊണ്ടായിരുന്നു. 2013 ൽ ബ്രസീലിലെ പോർട്ട് അലേഗ്രിയിൽ നടന്ന ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ 5000 മീറ്റർ നടത്തത്തിലും റിലേയിലും പങ്കെടുത്ത് നാലാം സ്ഥാനത്തെത്തി. 2014 ൽ ജപ്പാനിൽ വച്ച് നടന്ന ഏഷ്യൻ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നടത്തത്തിലും സ്റ്റിപ്പിൾ ചെയ്‌സിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും റിലേയിൽ വെള്ളിമെഡൽ കരസ്ഥമാക്കി.
പാരീസിലെ ലിയോണിൽവച്ച് 2015 ൽ നടന്ന ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ നടത്തത്തിൽ പതിനായിരം മീറ്ററിലും അയ്യായിരം മീറ്ററിലും പങ്കെടുത്തു. ഓസ്‌ട്രേലിയയിലെ പെർത്തിൽ 2016ൽ നടന്ന മാസ്‌റ്റേഴ്‌സ് മീറ്റിലും 5000 മീറ്റർ നടത്തത്തിലും 2000 മീറ്റർ സ്റ്റിപ്പിൾ ചെയ്‌സിലും നാലാം സ്ഥാനത്തെത്തി. ചൈനയിലെ റുഗാവേയിൽ വച്ച് 2017ൽ നടന്ന ഏഷ്യൻ മാസ്‌റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ റിലേയിൽ വെങ്കല മെഡൽ സ്വന്തമാക്കി. 
2018 ൽ സ്‌പെയിനിൽവച്ച് നടന്ന ലോക മാസ്‌റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിലേയ്ക്കും യോഗ്യത നേടിയിരുന്നു. അതേവർഷംതന്നെ ബ്രൂണയിൽ വച്ച് നടന്ന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ഇൻവിറ്റേഷൻ മീറ്റിൽ 3000 മീറ്റർ നടത്തത്തിൽ സ്വർണ്ണമെഡലും 800 മീറ്റർ ഓട്ടത്തിൽ വെങ്കലമെഡലും സ്വന്തമാക്കിയിരുന്നു.
അച്ഛന്റെ മരണശേഷം ആശ്രയമായിരുന്ന ജ്യേഷ്ഠനും കാൻസർ മൂലം മരണത്തിന് കീഴടങ്ങി. മറ്റൊരു സഹോദരന് കാൻസർ ബാധിച്ച് കാല് മുറിക്കേണ്ടിവന്നു. ജപ്പാനിൽ മത്സരിക്കാൻ പോയ സമയത്തായിരുന്നു അമ്മയുടെ വിയോഗം. എങ്കിലും റിലേയിൽ വെള്ളിമെഡൽ നേടിയായിരുന്നു ജപ്പാനിൽനിന്നും മടങ്ങിയത്. മറ്റൊരു സഹോദരനാകട്ടെ അന്നനാളത്തിൽ കാൻസർ ബാധിച്ച് ചികിത്സയിലാണ്. രാജ്യത്തിനുവേണ്ടി ഇത്രയും മെഡലുകൾ നേടിയിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നവും സരോജിനിക്ക് സാർഥകമായിട്ടില്ല. അസുഖബാധിതനായ സഹോദരനൊപ്പമാണ് താമസം.
അവഗണനകൾ ഏറെ നേരിടേണ്ടിവരുന്നുണ്ടെങ്കിലും നാട്ടുകാരുടെയും സംഘടനകളുടെയും പിന്തുണയാണ് തനിക്ക് ശക്തി പകരുന്നതെന്ന് സരോജിനി പറയുന്നു. പ്രവാസി മലയാളികളുടെയും സന്നദ്ധ സംഘടനകളുടെയും പയ്യന്നൂരിലെ പൗരാവലിയുടെയും വാട്ട്‌സ് അപ്പ് കൂട്ടായ്മയുടെയും, ഡോക്ടർമാരുടെയും സഹപാഠികളുടെയുമെല്ലാം സഹായംകൊണ്ടാണ് ഇത്രയും രാജ്യങ്ങളിൽ മത്സരത്തിനായി പോകാനും രാജ്യത്തിനുവേണ്ടി മെഡലുകൾ നേടാനും സാധിച്ചത്. ഒടുവിലായി ദുബായിലെത്തിയപ്പോഴും പ്രവാസികളുടെ സഹായംകൊണ്ടാണ് മടക്കയാത്ര സാധ്യമായത്.
്ഫ്രാൻസിൽ നടന്ന ലോക മാസ്‌റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കാൻ സാമ്പത്തികമായി വിഷമിച്ചപ്പോൾ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സഹായവുമായെത്തിയതും സരോജിനിക്ക് മറക്കാനാവില്ല. ആവശ്യമായ പണം കണ്ടെത്താനാകാതെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുമെന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ സാന്ത്വനം തുണയായത്. അതിനു ഫലമുണ്ടായി. 5000 മീറ്റർ നടത്തത്തിലും 2000 മീറ്റർ സ്റ്റീപ്പിൽ ചെയ്‌സിലും റിലേ മത്സരങ്ങളിലും മെഡൽ വാരിക്കൂട്ടിയായിരുന്നു സരോജിനിയുടെ തിരിച്ചുവരവ്.
നിരവധി രാജ്യങ്ങളിൽ നടന്ന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റുകളിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക വഹിക്കാനുള്ള ഭാഗ്യവും ഈ കായികതാരത്തിനുണ്ടായിട്ടുണ്ട്. എട്ടുവർഷത്തോളം പയ്യന്നൂർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള പി.എസ്.സി കോച്ചിംഗ് സെന്ററിൽ താൽക്കാലിക സ്വീപ്പറായി ജോലി നോക്കിയിരുന്നു. ഒടുവിൽ ആ ജോലി നഷ്ടപ്പെട്ടപ്പോഴാണ് ലോട്ടറി ടിക്കറ്റ് വില്പനയ്ക്കിറങ്ങിയത്. കഴിഞ്ഞ മന്ത്രിസഭയിൽ കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള ജോലി തരപ്പെട്ടത്. അടിയന്തര നടപടി കൈക്കൊള്ളാൻ കായിക വകുപ്പിന് മന്ത്രി നിർദ്ദേശം നൽകിയതുവഴിയാണ് കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിൽ സ്‌പെഷ്യൽ ഓർഡർ പ്രകാരം ജോലി ലഭിച്ചത്. 
കൊറോണ കാലത്ത് ഹോസ്റ്റൽ അടച്ചുപൂട്ടിയപ്പോൾ ശമ്പളമില്ലാത്ത അവസ്ഥയുണ്ടായി. വീണ്ടും ബാങ്കിൽനിന്നും ലോണെടുക്കേണ്ടിവന്നു. അതുതന്നെ വലിയൊരു ബാധ്യതയായി. ജോലി ചെയ്തു കിട്ടുന്ന പണം വായ്പയുടെ തിരിച്ചടവിന് തന്നെ തികയുന്നില്ലെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എങ്കിലും ഇപ്പോഴത്തെ താൽക്കാലിക ജോലിയിൽനിന്നും ഒരു സ്ഥിരം ജോലി എന്ന സ്വപ്‌നമാണ് ഈ കായികതാരത്തെ മുന്നോട്ടു നയിക്കുന്നത്. സരോജിനിയുടെ ഫോൺ നമ്പർ- 9846291899.
 

Latest News