സിറ്റിയെ കടന്ന് ആഴ്‌സനല്‍, ചെല്‍സിയെ തകര്‍ത്ത് ന്യൂകാസില്‍

മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ആഴ്‌സനല്‍ ഒന്നാം ്സ്ഥാനം തിരിച്ചുപിടിച്ചു. സിറ്റിയുടെ നെടുങ്കോട്ടയായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ അവര്‍ ലിവര്‍പൂളുമായി 1-1 സമനില വഴങ്ങിയിരുന്നു. ഇതോടെ ബ്രെന്റ്ഫഡിനെ 1-0 ന് തോല്‍പിച്ച് ആഴ്‌സനല്‍ ഒന്നാം സ്ഥാനത്തെത്തി. ചെല്‍സിയെ 4-1 ന് ന്യൂകാസില്‍ തകര്‍ത്തു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് ചെല്‍സി നാലു ഗോള്‍ വഴങ്ങുന്നത്. കഴിഞ്ഞ മത്സരം സിറ്റിയുമായി 4-4 ഡ്രോ ആയിരുന്നു. 
ഇത്തിഹാദിലെ കഴിഞ്ഞ 23 മത്സരങ്ങളും സിറ്റി ജയിച്ചിരുന്നു. എന്നാല്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ലിവര്‍പൂള്‍ ഒരു പോയന്റുമായി മടങ്ങി. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ മാഞ്ചസ്റ്റര്‍ സിറ്റി ഇരുപത്തേഴാം മിനിറ്റ് മുതല്‍ ലീഡ് ചെയ്യുകയായിരുന്നു. എര്‍ലിംഗ് ഹാളന്റാണ് സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ സിറ്റി ആഞ്ഞടിക്കുന്നതിനിടയിലാണ് മുഹമ്മദ് സലാഹിന്റെ പാസില്‍ നിന്ന് കളി തീരാന്‍ 10 മിനിറ്റ് ശേഷിക്കെ ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍ണള്‍ഡ് ഗോള്‍ മടക്കിയത്. 
ബ്രന്റ്ഫഡിനെതിരെ ആഴ്‌സനലും അവസാന വേളയിലാണ് ഗോളടിച്ചത്. 89ാം മിനിറ്റില്‍ കായ് ഹാവേട്‌സ് സ്‌കോര്‍ ചെയ്തു. ലിവര്‍പൂളിന്റെ യൂര്‍ഗന്‍ ക്ലോപ്പും ആഴ്‌സനല്‍ മൈക്കിള്‍ ആര്‍ടേറ്റയും സിറ്റി കോച്ച് പെപ് ഗാഡിയോളക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ മൂന്നു തവണയും സിറ്റിയായിരുന്നു പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍. ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്താണ്. 
ഹാളന്റ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 50 ഗോളടിക്കുന്ന കളിക്കാരനായി. ഹാളന്റിന്റെ നാല്‍പത്തെട്ടാം മത്സരമാണ് ഇത്. 65 കളികളില്‍ 50 ഗോളിലെത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ന്യൂകാസിലിന്റെയും മുന്‍ കളിക്കാരന്‍ ആന്‍ഡി കോളിന്റെ പേരിലുള്ള റെക്കോര്‍ഡാണ് നോര്‍വെക്കാരന്‍ തകര്‍ത്തത്. ഈ സീസണില്‍ 20 കളികളില്‍ പതിനെട്ടാം ഗോളാണ്. സിറ്റിയിലെ ആദ്യ സീസണില്‍ എല്ലാ ടൂര്‍ണമെന്റിലുമായി 52 ഗോളടിച്ചു. സിറ്റി ഹാട്രിക് കിരീടം സ്വന്തമാക്കി 


 

Latest News