കൊച്ചി - കുസാറ്റ് ദുരന്തത്തിൽ അനുശോചിച്ച് ബോളിവുഡ് ഗായിക നിഖിത ഗാന്ധി. ഹൃദയം നുറുങ്ങുകയാണെന്നും അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തോടൊപ്പമാണ് തന്റെ പ്രാർത്ഥനയെന്നും അവർ പ്രതികരിച്ചു.
'ഹൃദയഭേദകമാണ്, കൊച്ചിയിൽ ഇന്ന് വൈകീട്ടുണ്ടായ സംഭവം എന്നെ തകർത്തു. ഗാനനിശയ്ക്കായി ഞാൻ സംഭവസ്ഥലത്ത് എത്തും മുമ്പേ അപകടമുണ്ടായിരുന്നു. അത്യന്തം ദുഃഖകരമായ ഈ അവസ്ഥയെ പറഞ്ഞറിയിക്കാൻ സാധിക്കില്ല. അപകടത്തിലകപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തോടൊപ്പമാണ് എന്റെ പ്രാർത്ഥന - എന്നാണവർ ഇൻസ്റ്റയിൽ കുറിച്ചത്.
സംഭവത്തിൽ വിദ്യാർത്ഥികൾ മരിക്കുകയും 72 പേർ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്. പരുക്കേറ്റവരിൽ നാലുപേർക്ക് ഗുരുതരമാണെന്നാണ് റിപോർട്ട്.
മഴ പെയ്തപ്പോൾ വിദ്യാർത്ഥികൾ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയപ്പോൾ പ്രവേശന കവാടത്തിലുള്ള ചവിട്ടുപടിയിൽ വീണുപോവുകയായിരുന്നു. ചവിട്ടുപടികളിൽ വീണവരുടെ മേൽക്കുമേൽ കൂടുതൽ പേർ വീണാണ് അപകടമുണ്ടായത്.