ക്രിക്കറ്റിലും പ്ലയര്‍ ട്രാന്‍സ്ഫര്‍, കോളടിച്ചത് ഹാര്‍ദിക്കിന് 

മുംബൈ - ഫുട്‌ബോളിലെ പോലെ കളിക്കാരുടെ ട്രാന്‍സ്ഫറിന് ഐ.പി.എല്‍ തുടക്കമിടുന്നു. ഹാര്‍ദിക് പാണ്ഡ്യയെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ട്രാന്‍സ്ഫര്‍ തുക വാങ്ങി മുംബൈ ഇന്ത്യന്‍സിന് കൈമാറാനൊരുങ്ങുന്നത്. ഫുട്‌ബോളിലെ പോലെ ക്രിക്കറ്റിലും ട്രാന്‍സ്ഫര്‍ തുകയുടെ തുടക്കമാണ് ഇതെന്ന് മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ മൈക്കിള്‍ വോണ്‍ പറഞ്ഞു. ഹാര്‍ദിക്കിനെ കൊണ്ടുവരാന്‍ തുക കണ്ടെത്താനയി മുംബൈ ഇന്ത്യന്‍സ് ജോഫ്ര ആര്‍ച്ചറെയും കാമറൂണ്‍ ഗ്രീനിനെയും ഒഴിവാക്കി. ആര്‍ച്ചറെ പതിനേഴരക്കോടി രൂപക്കും ഗ്രീനിനെ എട്ട് കോടി രൂപക്കുമാണ് മുംബൈ ലേലത്തിലെടുത്തത്. 
തങ്ങളുടെ ആദ്യ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കുകയും രണ്ടാം സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യ 2015 ല്‍ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച മുംബൈ ഇന്ത്യന്‍സിലേക്കാണ് തിരിച്ചുപോവാനൊരുങ്ങുന്നത്. ഹാര്‍ദിക്കിന് മുംബൈ 15 കോടി രൂപ പ്രതിഫലം നല്‍കും. കൂടാതെ ഗുജറാത്തിന് വെളിപ്പെടുത്താത്ത അത്രയും ഭീമമായ തുക ട്രാന്‍സ്ഫര്‍ തുക ലഭിക്കും. ഇതിന്റെ 50 ശതമാനം ഹാര്‍ദിക്കിനായിരിക്കും. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറായി മാറും ഇത്. 
ഇത്രയും തുക കണ്ടെത്താന്‍ ഏതാനും കളിക്കാരെ മുംബൈ ബലി കഴിക്കും. കഴിഞ്ഞ ലേലത്തിനു ശേഷം അഞ്ച് ലക്ഷം രൂപ മാത്രമേ അവരുടെ സഞ്ചിത നിധിയില്‍ ബാക്കിയുള്ളൂ. പുതിയ ലേലത്തിന് മുമ്പ് അഞ്ച് കോടി രൂപ കൂടി അവര്‍ക്ക് ചെലവഴിക്കാം. 2022 ല്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് ഫൈനലില്‍ പ്ലയര്‍ ഓഫ് ദ മാച്ചായിരുന്നു. 2023 ലും ഗുജറാത്ത് ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റു. രണ്ട് സീസണിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഗുജറാത്തായിരുന്നു ഒന്നാം സ്ഥാനത്ത്. ലോകകപ്പില്‍ നിന്ന് പരിക്കു കാരണം പിന്മാറിയ ഹാര്‍ദിക് ഇപ്പോള്‍ ചികിത്സയിലാണ്. 
കരാര്‍ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഫ്രാഞ്ചൈസി മാറുന്ന മൂന്നാമത്തെ ക്യാപ്റ്റനാവും ഹാര്‍ദിക്. പഞ്ചാബ് കിംഗ്‌സില്‍ നിന്ന് ആര്‍. അശ്വിന്‍ ദല്‍ഹി കാപിറ്റല്‍സിലേക്കും രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് അജിന്‍ക്യ രഹാനെ ദല്‍ഹി കാപിറ്റല്‍സിലേക്കും ചേക്കേറിയിരുന്നു. രണ്ടും 2020 ലാണ്. ഹാര്‍ദിക്കില്‍ നിന്ന് വ്യത്യസ്തമായി രണ്ടു പേരെയും ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയതാണ്. 
ഗുജറാത്ത് ടൈറ്റന്‍സ് നിലവില്‍ വന്നപ്പോള്‍ അവര്‍ ആദ്യം ടീമിലെടുത്ത മൂന്നു പേര്‍ ഹാര്‍ദിക്കും സ്പിന്നര്‍ റാഷിദ് ഖാനും ശുഭ്മന്‍ ഗില്ലുമായിരുന്നു. ഹാര്‍ദിക്കിന് 15 കോടി രൂപയായിരുന്നു പ്രതിഫലം. 2015 ല്‍ വെറും 10 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍സിലെത്തിയ ഹാര്‍ദിക് അവിടെയാണ് തന്റെ ഓള്‍റൗണ്ട് കഴിവ് തേച്ചുമിനുക്കിയത്. 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. 2021 വരെയുള്ള എല്ലാ ലേലത്തിന് മുമ്പും ഹാര്‍ദിക്കിനെ മുംബൈ നിലനിര്‍ത്തിയിരുന്നു. 2022 ല്‍ ലേലത്തിന് മുമ്പ് ഒഴിവാക്കിയത് വലിയ അമ്പരപ്പ് സൃഷ്ടിച്ചു. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, കീരന്‍ പോളാഡ് എന്നിവരെ മാത്രമേ മുംബൈക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞുള്ളൂ. അതോടെയാണ് ഹാര്‍ദിക് ഗുജറാത്തിലേക്ക് പോയത്. 

Latest News