മഴയും 'തണുപ്പും', കളി കാര്യവട്ടത്ത് ചൂടാവുമോ?

ഇന്ത്യ x ഓസ്‌ട്രേലിയ
രണ്ടാം ട്വന്റി20
തിരുവനന്തപരും
നാളെ വൈകു: 4.30


കാര്യവട്ടം - മഴ മേഘങ്ങള്‍ മാറിനില്‍ക്കുകയാണെങ്കില്‍ ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി20 മത്സരത്തിന് നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും. രാജ്യത്തിന്റെ ഏറ്റവും തെക്കുഭാഗത്തുള്ള ക്രിക്കറ്റ് വേദിയായ കാര്യവട്ടത്ത് നടക്കുന്ന ആറാമത്തെ ഇന്റര്‍നാഷനല്‍ മത്സരമാണ് ഇത്. 2017 ല്‍ ഗ്രീന്‍ഫീല്‍ഡിലെ ആദ്യ മത്സരത്തിനെത്തിയ അന്നത്തെ നായകന്‍ വിരാട് കോലി സ്‌റ്റേഡിയത്തിലെ സൗകര്യങ്ങളിലും സജ്ജീകരണങ്ങളിലും കാണികളുടെ സാന്നിധ്യത്തിലും നിറഞ്ഞ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. 
രാജ്യത്തിന്റെ മറ്റ് സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് കാര്യവട്ടത്തെ പിച്ച് വേഗം കുറഞ്ഞതും ബൗണ്‍സ് അധികമില്ലാത്തതുമാണ്. അതിനാല്‍ തന്നെ ബൗളിംഗായിരിക്കും വിജയം നിര്‍ണയിക്കുക. ആദ്യ കളിയില്‍ മുകേഷ്‌കുമാര്‍ ഒഴികെ ഇന്ത്യന്‍ ബൗളിംഗ് നിര പരാജയപ്പെട്ടിരുന്നു. ബാറ്റര്‍മാരാണ് കളി ജയിപ്പിച്ചത്. കാര്യവട്ടത്തെ അവസാന ട്വന്റി20യില്‍ അര്‍ഷദീപ് സിംഗും ദീപക് ചഹറും ദക്ഷിണാഫ്രിക്കയെ 2.3 ഓവറില്‍ അഞ്ച് വിക്കറ്റിന് ഒമ്പത് റണ്‍സിലേക്ക് തള്ളിവിട്ടിരുന്നു. നെതര്‍ലാന്റ്‌സിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് ഹാട്രിക് നേടി. 
തിരുവനന്തപുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മഴ തുടരുന്നതിനാല്‍ ടിക്കറ്റ് വില്‍പന മന്ദഗതിയിലാണ്. പ്രമുഖ കളിക്കാരും മലയാളി താരം സഞ്ജു സാംസണും ഇല്ലാത്തതിനാല്‍ പൊതുവെ ആവേശം കുറവാണ്. മഴ നിന്നാല്‍ ഒരു മണിക്കൂറിനം ഗ്രൗണ്ട് മത്സരത്തിന് സജ്ജമാക്കാന്‍ കഴിയുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ്കുമാര്‍ അറിയിച്ചു. 

നാല് പതിറ്റാണ്ടിനു ശേഷം
39 വര്‍ഷത്തിനു ശേഷമാണ് ഓസ്‌ട്രേലിയന്‍ ടീം തിരുവനന്തപുരത്ത് കളിക്കുന്നത്. 1984 ല്‍ കിം ഹ്യൂസ് നയിച്ച ഓസീസ് ടീം സുനില്‍ ഗവാസ്‌കറുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെതിരെയാണ് ഇവിടെ ഏകദിനം് കളിച്ചത്. ആ മത്സരവും മഴ കാരണം പൂര്‍ത്തിയാക്കാനായില്ല. 32 ഓവറില്‍ ഇന്ത്യ 146 റണ്‍സിന് പുറത്തായെങ്കിലും ഓസ്‌ട്രേലിയ 7.4 ഓവറില്‍ ഒന്നിന് 29 ല്‍ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തി. 
ലോകകപ്പിലെ മൂന്നു പേര്‍ മാത്രമുള്‍പ്പെടുന്ന ഇന്ത്യന്‍ ടീം ആദ്യ ട്വന്റി20യില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് വരുന്നത്. വിശാഖപട്ടണത്തേതു പോലെ ആവേശകരമായ പോരാട്ടമാണ് കാര്യവട്ടം പ്രതീക്ഷിക്കുന്നത്. അവസാന പന്തില്‍ ഇന്ത്യ രണ്ട് വിക്കറ്റിന് ജയിക്കുകയായിരുന്നു. ട്വന്റി20യില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ചെയ്‌സായിരുന്നു ഇത്, എട്ടിന് 209 റണ്‍സ്. 
ഗ്രീന്‍ഫീല്‍ഡ് ഇതുവരെ മൂന്നു ട്വന്റി20 മത്സരങ്ങള്‍ക്കും രണ്ട് ഏകദിനങ്ങള്‍ക്കും വേദിയൊരുക്കിയിട്ടുണ്ട്. ഇന്ത്യ രണ്ട് ട്വന്റി20 മത്സരങ്ങള്‍ ജയിച്ചു, അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.
ഈ വര്‍ഷം ഗ്രീന്‍ഫീല്‍ഡ് ആതിഥ്യമരുളുന്ന രണ്ടാമത്തെ ഇന്റര്‍നാഷനല്‍ മത്സരമാണ് ഇത്. ജനുവരി മൂന്നിന് നടന്ന ഏകദിനത്തില്‍ ശ്രീലങ്കയെ റെക്കോര്‍ഡായ 317 റണ്‍സിന് ഇന്ത്യ തകര്‍ത്തിരുന്നു. 

Latest News