Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഭിമാനത്തിന്റെ ലിബാസ് -താരമായി മലയാളി വീട്ടമ്മ

ലിബാസ് പി. ബാവ

ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമെല്ലാം മാറ്റിവെച്ച്  വിവാഹത്തിന് ശേഷം ഭർത്താവും കുട്ടികളുമായി ഒതുങ്ങിക്കൂടേണ്ടി വരുന്ന വനിതകൾക്ക് പ്രചോദനമാകുകയാണ് കൊച്ചി സ്വദേശി ലിബാസ് പി. ബാവ എന്ന വീട്ടമ്മ. ഈ മാസമാദ്യം ഗ്രീസിലെ മാർക്കോപോളോയിൽ നടന്ന മെഡിറ്ററേനിയൻ ഇന്റർനാഷണൽ ഓപൺ മാസ്റ്റേഴ്‌സ് വെയ്റ്റ്‌ലിഫ്റ്റിംഗ് ടൂർണമെന്റിൽ വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യക്കായി സ്വർണ മെഡൽ നേടിയത് ലിബാസായിരുന്നു.
തൊടുപുഴ ന്യൂമാൻ കോളേജിൽ പഠിക്കുമ്പോൾ പവർലിഫ്റ്റിംഗ് ചാമ്പ്യനായിരുന്നു. പിന്നീടാണ് വെയ്റ്റ്‌ലിഫ്റ്റിംഗിലേക്ക് ചുവടുമാറിയത്. സംസ്ഥാന, ദേശീയ തലങ്ങളിലെല്ലാം നേട്ടം കൊയ്‌തെങ്കിലും വീട്ടമ്മയായ ശേഷം കുടുംബം നോക്കുന്ന തിരക്കിലായി, കരിയർ മറന്നു. 11 വർഷത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയാണ് ലിബാസ് അനവധി പേർക്ക് പ്രചോദനമാകുന്നത്. അതിനു ശേഷം സ്വന്തമാക്കിയത് അഞ്ച് അന്താരാഷ്ട്ര അംഗീകാരങ്ങളാണ്.
കഴിഞ്ഞ വർഷമായിരുന്നു ലിബാസ് വെയ്റ്റ്‌ലിഫ്റ്റിംഗിലേക്ക് തിരിച്ചെത്താൻ തീരുമാനിച്ചത്. എറണാകുളം എൻ.ഐ.എസ് കോച്ച് ഗോപാലകൃഷ്ണന്റെ കീഴിൽ നടത്തിയ കഠിന പരിശീലനമാണ് വിജയക്കുതിപ്പിന് ഇന്ധനമായത്. മാസ്റ്റേഴ്‌സ് കോമൺവെൽത്ത്, മാസ്റ്റേഴ്‌സ് വേൾഡ് കപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഏഷ്യാ പസഫിക് തുടങ്ങിയ പ്രധാനപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങളിലും രാജ്യത്തിനായി പങ്കെടുക്കാനും അംഗീകാരങ്ങൾ നേടാനും കഴിഞ്ഞു.  വ്യവസായിയും സിനിമാ നിർമാതാവുമായ ഭർത്താവ് സാദിഖ് അലിയും കുടുംബവുമായിരുന്നു പ്രോത്സാഹനങ്ങളുമായി കൂടെ നിന്നത്.
ഭർത്താവിന് ന്യൂമോണിയയും പിതാവ് ലിവർ സിറോസിസും കിഡ്‌നി തകരാറും മൂലം ചികിത്സ തേടുന്നതിനിടെയായിരുന്നു മെഡിറ്ററേനിയൻ ഇന്റർനാഷണൽ ടൂർണമെന്റ് നടന്നതെന്ന് ലിബാസ് പറഞ്ഞു. മത്സരത്തിന് ആഴ്ചകൾക്ക് മുൻപ് വരെ അവരോടൊപ്പമായിരുന്നു. പ്രതികൂല  സാഹചര്യങ്ങളും ശരിയായ പരിശീലനത്തിന്റെ അഭാവവും ഉണ്ടായിരുന്നിട്ടും ഇവരുടെ നിർബന്ധം കൊണ്ടാണ് മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ഈ വിജയം അവർക്കായി സമർപ്പിക്കുന്നു എന്നും ലിബാസ് കൂട്ടിച്ചേർത്തു.
കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കാനുള്ള യാത്ര തുടരുകയാണ് നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായ ലിബാസ്. ജൂണിൽ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഓഷ്യാനിക് ചാമ്പ്യൻഷിപ്പിന്റെ തയാറെടുപ്പുകളിലാണ് ഈ വീട്ടമ്മ.

Latest News