തിരുവനന്തപുരത്ത് ഓസീസ് കളിക്കുന്നത് 39 വര്‍ഷത്തിനു ശേഷം, മഴ ഭീഷണി

കാര്യവട്ടം - ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരം മഴയെടുത്തേക്കുമോയെന്ന് ആശങ്ക. ഞായറാഴ്ചയിലെ മത്സരത്തിനായി ടീമുകള്‍ തിരുവനന്തപുരത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്യുന്നതും തിരുവനന്തപുരത്തുകാരനായ സഞ്ജു സാംസണ്‍ ടീമിലില്ലാത്തതും ടിക്കറ്റ് വില്‍പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ നിന്നാല്‍ ഒരു മണിക്കൂറിനം ഗ്രൗണ്ട് മത്സരത്തിന് സജ്ജമാക്കാന്‍ കഴിയുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ്കുമാര്‍ അറിയിച്ചു. 
39 വര്‍ഷത്തിനു ശേഷമാണ് ഓസ്‌ട്രേലിയന്‍ ടീം തിരുവനന്തപുരത്ത് കളിക്കുന്നത്. 1984 ല്‍ കിം ഹ്യൂസ് നയിച്ച ഓസീസ് ടീം സുനില്‍ ഗവാസ്‌കറുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെതിരെയാണ് ഇവിടെ ഏകദിനം് കളിച്ചത്. ആ മത്സരവും മഴ കാരണം പൂര്‍ത്തിയാക്കാനായില്ല. 32 ഓവറില്‍ ഇന്ത്യ 146 റണ്‍സിന് പുറത്തായെങ്കിലും ഓസ്‌ട്രേലിയ 7.4 ഓവറില്‍ ഒന്നിന് 29 ല്‍ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തി. 
ലോകകപ്പില്‍ ഏതാനും മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് വേദിയാവുമെന്നാണ് കരുതിയത്. എന്നാല്‍ അനുവദിച്ചു കിട്ടിയത് നാല് സന്നാഹ മത്സരങ്ങള്‍ മാത്രം. അതില്‍ തന്നെ ഒരെണ്ണത്തില്‍ മാത്രമാണ് ഫലമുണ്ടായത്. എല്ലാ കളികളും മഴ അലങ്കോലപ്പെടുത്തി. ഇന്ത്യന്‍ ടീമിന്റെ അവസാന മത്സരം തിരുവനന്തപുരത്തായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ നെതര്‍ലാന്റ്‌സിനെതിരായ മത്സരത്തിനായി ഇന്ത്യന്‍ ടീം ഗ്രൗണ്ടില്‍ പോലും എത്തിയില്ല. ഒരു പന്ത് പോലുമെറിയാതെ മത്സരം ഉപേക്ഷിച്ചു. ഇത്തവണ മഴ മാറി നില്‍ക്കുമെന്നാണ് പ്രവചനം. എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് മഴ പെയ്യുന്നുണ്ട്.
ലോകകപ്പിലെ മൂന്നു പേര്‍ മാത്രമുള്‍പ്പെടുന്ന ഇന്ത്യന്‍ ടീം ആദ്യ ട്വന്റി20യില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് വരുന്നത്. വിശാഖപട്ടണത്തേതു പോലെ ആവേശകരമായ പോരാട്ടമാണ് കാര്യവട്ടം പ്രതീക്ഷിക്കുന്നത്. അവസാന പന്തില്‍ ഇന്ത്യ രണ്ട് വിക്കറ്റിന് ജയിക്കുകയായിരുന്നു. ട്വന്റി20യില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ചെയ്‌സായിരുന്നു ഇത്, എട്ടിന് 209 റണ്‍സ്. 
ഗ്രീന്‍ഫീല്‍ഡ് ഇതുവരെ മൂന്നു ട്വന്റി20 മത്സരങ്ങള്‍ക്കും രണ്ട് ഏകദിനങ്ങള്‍ക്കും വേദിയൊരുക്കിയിട്ടുണ്ട്. ഇന്ത്യ രണ്ട് ട്വന്റി20 മത്സരങ്ങള്‍ ജയിച്ചു, അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.

റണ്ണൊഴുകുമോ?
താരതമ്യേന ബൗളിംഗനുകൂലമാണ് ഗ്രീന്‍ഫീല്‍ഡിലെ പിച്ച്. മൂന്ന് ട്വന്റി20കളില്‍ ശരാശരി സ്‌കോര്‍ 114 മാത്രമാണ്. മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിനെ ബാധിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ മഞ്ഞിന് സാധ്യതയില്ല. മൂടിക്കെട്ടിയ അന്തരീക്ഷം ബൗളര്‍മാര്‍ക്ക് അനുകൂലമാവും. 
2019 ല്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസ് നേടിയ രണ്ടിന് 173 ആണ് ഉയര്‍ന്ന സ്‌കോര്‍. ആ മത്സരത്തില്‍ ലെന്‍ഡല്‍ സിമണ്‍സ് നേടിയ 67 നോട്ടൗട്ടാണ് മികച്ച വ്യക്തിഗത സ്‌കോര്‍. 2022 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ അര്‍ഷദീപ് സിംഗ് 32 റണ്‍സിന് മൂന്നു വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ്. മൂന്ന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇവിടെ അര്‍ധ ശതകം നേടിയിട്ടുണ്ട് -ഇപ്പോഴത്തെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍, ശിവം ദൂബെ എന്നിവര്‍. ഇന്ത്യയും ഓസ്‌ട്രേലിയയും 27 ട്വന്റി20കളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ പതിനാറെണ്ണം ജയിച്ചു, ഓസീസ് പത്തും. 
ഈ വര്‍ഷം ഗ്രീന്‍ഫീല്‍ഡ് ആതിഥ്യമരുളുന്ന രണ്ടാമത്തെ ഇന്റര്‍നാഷനല്‍ മത്സരമാണ് ഇത്. ജനുവരി മൂന്നിന് നടന്ന ഏകദിനത്തില്‍ ശ്രീലങ്കയെ റെക്കോര്‍ഡായ 317 റണ്‍സിന് ഇന്ത്യ തകര്‍ത്തിരുന്നു. 2013 ലാണ് മുമ്പ് ഒരേയൊരിക്കല്‍ ഒരു കലണ്ടര്‍ വര്‍ഷം കേരളത്തില്‍ രണ്ട് ഇന്റര്‍നാഷനല്‍ മത്സരങ്ങള്‍ നടന്നത്. ആ വര്‍ഷം ഇംഗ്ലണ്ടിനും വെസ്റ്റിന്‍ഡീസിനുമെതിരായ ഏകദിനങ്ങള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു.
 

Latest News