സാന്‍ഡിയേഗൊ - ഗസയുടെ ഓര്‍മയില്‍ വിതുമ്പി ചിലിയിലെ ഒരു ഫുട്ബോള്‍ ക്ലബ്ബ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഫലസ്തീനില്‍ നിന്ന് കുടിയേറിയവര്‍ സ്ഥാപിച്ച ക്ലബ്ബ് ഡിപോര്‍ടിവൊ പലസ്തീനൊ വ്യാഴാഴ്ച ഗസയില്‍ ഇസ്രായില്‍ നരമേധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി സ്റ്റേഡിയത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. കടന്നുപോയവരുടെ ഓര്‍മയില്‍ എന്ന വലിയ ബാനര്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചു. കൊല്ലപ്പെട്ടവരെ പ്രതീകാത്മകമായി അനുസ്മരിച്ച് നിരവധി സീറ്റുകള്‍ ഒഴിച്ചിട്ടു.
അറബ് ലോകത്തിന് പുറത്ത് ഏറ്റവും വലിയ ഫലസ്തീന് കമ്യൂണിറ്റിയുള്ളത് ചിലിയിലാണ്. ബെത്ലഹേമില്‍ നിന്നും ബെയ്ത് ജാലയില്‍ നിന്നും ബെയ്ത് സഹൂറില്‍ നിന്നുമൊക്കെ കുടിയേറിയവര്‍ 1920 ല്‍ സ്ഥാപിച്ചതാണ് ഈ ക്ലബ്ബ്. ഇപ്പോള്‍ അഞ്ചു ലക്ഷത്തോളം ഫലസ്തീനികള്‍ ചിലിയിലുണ്ടെന്നാണ് കണക്ക്.
ഫലസ്തീന് പതാകയുടെ പച്ചയും വെള്ളയും ചുവപ്പും നിറത്തിലാണ് ക്ലബ്ബ് ജഴ്സി. കഫിയ്യയണിഞ്ഞാണ് അവര്‍ ടീം ഫോട്ടോക്ക് പോസ് ചെയ്തത്. ഇസ്രായില്‍ സ്ഥാപിതമാവുന്നതിന് മുമ്പുള്ള ഫലസ്തീന് ഭൂപടമാണ് ക്ലബ്ബിന്റെ പതാകയിലുള്ളത്. ഫലസ്തീനികളുടെ ദുരിതത്തില്‍ അവര്‍ക്കൊപ്പം നില്ക്കാന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മനുഷ്യരുണ്ടെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജെ ഉവോയ് പറഞ്ഞു.
ഗസ ചെറുക്കുന്നു, ഫലസ്തീന് ജീവിക്കുന്നു എന്ന് ഗാലറിയില്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചു. 11ാം മിനിറ്റില്‍ എല്ലാ വാദ്യഘോഷങ്ങളും നിശ്ശബ്ദമാവുകയും സംസ്കാരച്ചടങ്ങിന്റെ ഒരു കുഴല്‍നാദം മാത്രം മുഴങ്ങുകയും ചെയ്തു. പലസ്തീനൊ തങ്ങള്‍ക്ക് ഒരു ടീം മാത്രമല്ലെന്നും ഫലസ്തീന് ജനതയുടെ പ്രതീകമാണെന്നും ആരാധകരിലൊരാളായ ജേണലിസം വിദ്യാര്‍ഥി ബെഞ്ചമിന്‍ കോണ്ടാര്ഡൊ പറഞ്ഞു.






