ബ്ലാസ്റ്റേഴ്സ് x ഹൈദരാബാദ്
കൊച്ചി, ശനി വൈകു: 5.30
കൊച്ചി - ഐ.എസ്.എല്ലില്‍ ഈ സീസണിലെ അഞ്ചാമത്തെ ഹോം മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ശനിയാഴ്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയുമായി ഏറ്റുമുട്ടും. കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെ പത്തു പേരുമായി കളിച്ച് തോല്‍പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.
2021-22 സീസണിലെ ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും. അന്ന് ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നം തകര്‍ത്ത് നൈസാംസ് കിരീടത്തിലേക്ക് ചുവട് വെച്ചു. ഫൈനലില്‍ കെ.പി രാഹുലിന്റെ ഗോളില്‍ 88ാം മിനിറ്റ് വരെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലായിരുന്നു. 88ാം മിനിറ്റില്‍ ഗോള്‍ മടക്കിയ ഹൈദരാബാദ് ഷൂട്ടൗട്ടില്‍ 3-1 ന് ജയിച്ചു. അതിന് പകരം ചോദിക്കാന്‍ മഞ്ഞപ്പട ആഗ്രഹിക്കുന്നുണ്ടാവും.
പോയന്റ് പട്ടികയില്‍ എഫ്.സി ഗോവക്കും (5 കളിയില്‍ 13) ബ്ലാസ്‌റ്റേഴ്‌സിനും (6 കളിയില്‍ 13) തുല്യ പോയന്റാണ്. ഗോള്‍വ്യത്യാസത്തില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. ആറു കളി പിന്നിട്ടപ്പോഴും ഒരു ജയം പോലും നേടാനാവാത്ത ഹൈദരാബാദ് 12 ടീമുകളില്‍ പതിനൊന്നാമതാണ്.
ഈസ്റ്റ്ബംഗാളിനെതിരായ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട ദിമിത്രിസ് ദിയാമന്താകോസിന് ഹൈദരാബാദിനെതിരെ കളിക്കാനാവില്ല. ഈ ടീമുകള്‍ തമ്മിലുള്ള ഒമ്പത് കളികളില്‍ ഇതുവരെ സമനിലയുണ്ടായിട്ടില്ല. അഞ്ച് കളികള്‍ ഹൈദരാബാദും നാല് മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സും ജയിച്ചു.






