മലപ്പുറം-കേരള പ്രീമിയര്‍ ലീഗ് (കെ.പി.എല്‍) ഫുട്‌ബോളിന് ശനിയാഴ്ച മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ തുടക്കം. വൈകിട്ട് ഏഴിന് നിലവിലെ ചാമ്പ്യന്‍മാരായ കേരള യുണൈറ്റഡ് എഫ്.സി.യും റണ്ണേഴ്സ്അപ്പ് ഗോകുലം കേരള എഫ്.സി.യും ഏറ്റുമുട്ടും. രണ്ടു ഗ്രൂപ്പുകളിലായി 20 ടീമുകളാണ് പങ്കെടുക്കുന്നത്. ഫൈനല്‍ ഉള്‍പ്പെടെ ആകെ 108 മത്സരങ്ങളുണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ട് നാലിനും ഏഴിനുമാണ് മത്സരം. മലപ്പുറത്തു 25 ദിവസങ്ങളിലായി 53 മത്സരങ്ങളും ശേഷം കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ 55 മത്സരങ്ങളും നടക്കും. കണ്ണൂരിലാണ് സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍.
ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, ലൂക്ക സോക്കര്‍ ക്ലബ്, എഫ്.സി കേരള എന്നിവയാണ് ഈ സീസണിലെ പുതിയ ടീമുകള്‍. കോവളം എഫ്.സി., കേരള പോലീസ്, കെ.എസ്.ഇ.ബി., ഗോള്‍ഡന്‍ ത്രഡ്സ് എഫ്.സി., കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി., എം.കെ സ്പോര്‍ട്ടിംഗ് ക്ലബ്, സാറ്റ് തിരൂര്‍, ബാസ്‌കോ ഒതുക്കുങ്ങല്‍, ഗോകുലം കേരള എഫ്.സി., കേരള യുണൈറ്റഡ് എഫ്.സി., സായി എല്‍.എന്‍.സി.പി.ഇ., പറപ്പൂര്‍ എഫ്.സി., മുത്തൂറ്റ് എഫ്.സി., എഫ്.സി അരീക്കോട്, റിയല്‍ മലബാര്‍ കൊണ്ടോട്ടി, വയനാട് യുണൈറ്റഡ് എഫ്.സി., ലിഫ തിരുവനന്തപുരം എന്നിവയാണ് മറ്റു ടീമുകള്‍.
സിംഗിള്‍ ലെഗ് ഫോര്‍മാറ്റിലായിരിക്കും പ്രിലിമിനറി റൗണ്ട് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും മികച്ച മൂന്നു ടീമുകള്‍ സൂപ്പര്‍ സിക്സില്‍ പ്രവേശിക്കും. സിംഗിള്‍ ലെഗ് മത്സരങ്ങള്‍ക്ക് ശേഷം മികച്ച നാല് ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിക്കും. 2024 ജനുവരിയോടെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കെ.പി.എല്‍ ചാമ്പ്യന്‍മാരെ ഐ-ലീഗിന്റെ മൂന്നാം ഡിവിഷനിലേക്ക് കെ.എഫ്.എ നോമിനേറ്റ് ചെയ്യും. ജേതാക്കള്‍ക്കു അഞ്ചു ലക്ഷം രൂപയാണ് സമ്മാനം. റണ്ണേഴ്‌സപ്പിനു മൂന്നു ലക്ഷം ലഭിക്കും. ഒരു ദിവസം രണ്ടു മത്സരം കാണാന്‍ 50 രൂപയാണ് ടിക്കറ്റ് നിരക്ക്.






