ക്യാപ്റ്റന്റെ ഹാട്രിക്കില്‍ ബ്രസീല്‍ തരിപ്പണം, അര്‍ജന്റീന സെമിയില്‍

ജക്കാര്‍ത്ത - അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ അര്‍ജന്റീന മറുപടിയില്ലാത്ത മൂന്നു ഗോളില്‍ മുക്കി. ക്യാപ്റ്റന്‍ ക്ലോഡിയൊ എച്ചേവറിയുടെ ഹാട്രിക്കാണ് അര്‍ജന്റീനക്ക് സെമിഫൈനലില്‍ സ്ഥാനമുറപ്പിച്ചത്. ജര്‍മനിയുമായി അവര്‍ സെമിഫൈനലില്‍ ഏറ്റുമുട്ടും. പാരിസ് ബ്രണ്ണറുടെ പെനാല്‍ട്ടിയില്‍ ജര്‍മനി 1-0 ന് സ്‌പെയിനിനെ തോല്‍പിച്ചു. ഇന്ന് മറ്റു ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഫ്രാന്‍സ് ഉസ്‌ബെക്കിസ്ഥാനെയും മാലി മൊറോക്കോയെയും നേരിടും. 
പതിനേഴുകാരനായ എച്ചേവറി മിന്നുന്ന ഫോമില്‍ ചരട് വലിച്ചതോടെ അര്‍ജന്റീന കളം വാണു. ഇരുപത്തെട്ടാം മിനിറ്റില്‍ റിവര്‍പ്ലേറ്റ് താരം ഒറ്റയാന്‍ മുന്നേറ്റത്തില്‍ ബ്രസീലിന് ആദ്യ പ്രഹരമേല്‍പിച്ചു. നിരവധി എതിരാളികളെ വെട്ടിച്ചുകടന്ന് എച്ചേവറി തൊടുത്തുവിട്ട ഷോട്ട് എതിരാളിയുടെ കാലില്‍ തട്ടിയുയര്‍ന്ന് ഗോളിയെ നിസ്സഹായനാക്കി. 
അതോടെ ഞെട്ടിയുണര്‍ന്ന ബ്രസീല്‍ ഇരമ്പിക്കയറി. പലതവണ അവസരം ലഭിച്ചെങ്കിലും അവര്‍ക്ക് സമനില ഗോളടിക്കാനായില്ല. 59ാം മിനിറ്റില്‍ മനോഹരമായ ഗോളോടെ എച്ചേവറി അര്‍ജന്റീനയെ സുരക്ഷിതത്വത്തിലേക്ക് നയിച്ചു. ബോക്‌സിന് മുന്നില്‍ പന്ത് സ്വീകരിച്ച ശേഷം ഒരുപിടി ഡിഫന്റര്‍മാരെ വെട്ടിയൊഴിഞ്ഞ് എച്ചേവറി അസാധ്യ കോണില്‍ നിന്ന് വലയിലേക്ക് കാഞ്ചി വലിച്ചു. 
എഴുപത്തിമൂന്നാം മിനിറ്റിലാണ് പത്താം നമ്പറുകാരന്‍ ഹാട്രിക് തികച്ചത്. മിന്നല്‍ പ്രത്യാക്രമണത്തിനു ശേഷം ഗോളിയെ വെട്ടിച്ച് എച്ചേവറി പന്ത് വലയില്‍ നിക്ഷേപിച്ചു. അര്‍ജന്റീന ഇതുവരെ അണ്ടര്‍-17 ലോകകപ്പ് ചാമ്പ്യന്മാരായിട്ടില്ല. 
യൂറോപ്യന്‍ ചാമ്പ്യന്മാരായ ജര്‍മനി പെനാല്‍ട്ടി ഗോളിലാണ് സ്‌പെയിനിനെ തോല്‍പിച്ചത്. സ്‌പെയിനിനായിരുന്നു ആധിപത്യമെങ്കിലും ഡിഫന്റര്‍ ഹെക്ടര്‍ ഫോര്‍ടിന്റെ ഫൗള്‍ തിരിച്ചടിയായി. പെനാല്‍ട്ടി ബ്രണ്ണര്‍ ലക്ഷ്യത്തിലെത്തിച്ചു. 13 മിനിറ്റ് ഇഞ്ചുറി ടൈം ജര്‍മനി ഒരുവിധം അതിജീവിച്ചു. ഇഞ്ചുറി ടൈമില്‍ സ്‌പെയിന്‍ ഗോള്‍കീപ്പര്‍ റൗള്‍ ജിമിനെസ് ചുവപ്പ് കാര്‍ഡ് കണ്ടു. ജര്‍മനിയും ഇതുവരെ ചാമ്പ്യന്മാരായിട്ടില്ല. 1985 ലെ പ്രഥമ അണ്ടര്‍-17 ലോകകപ്പില്‍ നൈജീരിയയോട് ഫൈനല്‍ തോറ്റ അവര്‍ 2007 ലും 2011 ലും മൂന്നാം സ്ഥാനത്തെത്തി.
 

Latest News