ദുബായ് - മുന്‍ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ മാര്‍ലണ്‍ സാമുവേല്‍സിനെ ഐ.സി.സി ആറു വര്‍ഷത്തേക്ക് വിലക്കി. ഐ.സി.സിയുടെ ഒത്തുകളിയുമായി ബന്ധപ്പെട്ട നാലു ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി. 2018 നു ശേഷം സാമുവേല്‍സ് വെസ്റ്റിന്‍ഡീസിന് കളിച്ചിട്ടില്ല. അബുദാബി ടി10 ലീഗുമായി ബന്ധപ്പെട്ട് 2021 ലാണ് സാമുവേല്‍സിനെതിരെ ഐ.സി.സി കുറ്റം ചുമത്തിയത്.
ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് സമ്മാനങ്ങളും തുകയും ആനുകൂല്യങ്ങളും സ്വീകരിച്ചത് സാമുവേല്‌സ് വെളിപ്പെടുത്തിയില്ലെന്ന് ഐ.സി.സി പറഞ്ഞു. പിന്നീട് അന്വേഷണവുമായി സഹകരിച്ചതില്ലെന്നതിന് പുറമെ വിവരങ്ങള്‍ മറച്ചുവെച്ചു. രണ്ടു പതിറ്റാണ്ടോളം ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കളിച്ച സാമുവേല്‍സ് ഒത്തുകളിയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്ന നൂറു കണക്കിന് ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഐ.സി.സി ചൂണ്ടിക്കാട്ടി.
2008 ല്‍ ഇന്ത്യക്കതിരായ പരമ്പരക്കിടയില്‍ ഇന്ത്യന്‍ പന്തയക്കാരന് മത്സരവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് സാമുവേല്‍സ് രണ്ടു വര്‍ഷം വിലക്കനുഭവിച്ചിരുന്നു. 2000 ല്‍ പത്തൊമ്പതാം വയസ്സിലാണ് വിന്‍ഡീസിനു വേണ്ടി അരങ്ങേറിയത്. 2011 ല്‍ ശക്തമായി തിരിച്ചുവന്നു. 2016 വരെ ടെസ്റ്റ് ക്രിക്കറ്റും 2018 വരെ നിശ്ചിത ഓവര്‍ ക്രിക്കറ്റും കളിച്ചു. 71 ടെസ്റ്റിലും 207 ഏകദിനങ്ങളിലും 67 ട്വന്റി20 കളിലും പങ്കെടുത്തു. 2012 ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായിരുന്നു.






