ഐ.പി.എല്ലില്‍  സ്റ്റോക്‌സ് കളിക്കില്ല, കാരണമിതാണ്‌

ചെന്നൈ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അടുത്ത ഐ.പി.എല്ലില്‍ കളിക്കില്ല. ഫിറ്റ്‌നസും മത്സരഭാരവും നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇതെന്ന ഓള്‍റൗണ്ടര്‍ പറഞ്ഞു. ഇടതു കാല്‍മുട്ടിലെ ശസ്ത്രക്രിയ നടത്തി ജനുവരി അവസാനം തുടങ്ങുന്ന ഇന്ത്യയിലെ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങാനാണ് സ്റ്റോക്‌സിന്റെ പദ്ധതി. ജൂണില്‍ ട്വന്റി20 ലോകകപ്പില്‍ കളിക്കണമെന്നും സ്റ്റോക്‌സിന് ആഗ്രഹമുണ്ട്. 
സ്‌റ്റോക്‌സ് ഇപ്പോള്‍ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിലാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സ്‌റ്റോക്‌സിനെ സ്വന്തമാക്കിയത് ധോണിയുടെ പിന്‍ഗാമിയായി ടീമിന്റെ ക്യാപ്റ്റനാക്കാനാണെന്ന് ശ്രുതിയുണ്ടായിരുന്നു. 2023 ല്‍ സ്റ്റോക്‌സിനായി ചെന്നൈ റെക്കോര്‍ഡ് തുകയാണ് ലേലത്തില്‍ ചെലവിട്ടത്. എന്നാല്‍ രണ്ട് മത്സരം കളിച്ച ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ആഷസ് പരമ്പരയില്‍ എല്ലാ ടെസ്റ്റും കളിച്ചിരുന്നു. 
കാല്‍മുട്ടിലെ പരിക്കു കാരണം സ്റ്റോക്‌സിന് ബൗള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഓള്‍റൗണ്ടറായി തിരിച്ചുവരാനാണ് ശസ്ത്രക്രിയയെന്ന് സ്‌റ്റോക്‌സ് പറഞ്ഞു. 

Latest News