ആളൂര്‍ - ബൗളിംഗില്‍ അരങ്ങേറ്റക്കാരന്‍ അഖിന്‍ സത്താറും ബാറ്റിംഗില്‍ പുതുമുഖം അബ്ദുല്‍ ബാസിതും മിന്നുന്ന പ്രകടനം കാഴ്ചവെച്ചതോടെ വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ കേരളം കരുത്തരായ സൗരാഷ്ട്രയെ ഞെട്ടിച്ചു. സ്‌കോര്‍: സൗരാഷ്ട്ര 49.1 ഓവറില്‍ 185, കേരളം 47.4 ഓവറില്‍ ഏഴിന് 188.
ഓപണിംഗ് ബൗളര്‍മാരായ ബെയ്‌സില്‍ തമ്പിയും (9-42-2) സത്താറും (10-1-39-4) സൗരാഷ്ട്ര ബാറ്റിംഗ് നിരയെ മുട്ടുകുത്തിച്ചിരുന്നു. ഏഴിന് 65 ലേക്ക് തകര്‍ന്ന അവരെ 49.1 ഓവറില്‍ 185 ലെത്താന്‍ സഹായിച്ചത് വിശ്വരാജ് ജദേജയും (121 പന്തില്‍ 98) ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനാദ്കത്തുമാണ് (54 പന്തില്‍ 37). മറ്റൊരു ബാറ്ററും രണ്ടക്കം കണ്ടില്ല. കേരളത്തിന്റെ അതിഥി താരം ശ്രേയസ് ഗോപാല്‍ രണ്ടു വിക്കറ്റെടുത്തു.
കേരളത്തിന് ഓപണര്‍മാരായ വിഷ്ണു വിനോദിനെയും (4) രോഹന്‍ കുന്നുമ്മലിനെയും (4) എളുപ്പം നഷ്ടപ്പെട്ടു. പിന്നീട് സഞ്ജു സാംസണും (47 പന്തില്‍ 30) സചിന്‍ ബേബിയും (27 പന്തില്‍ 16) ഇഴഞ്ഞു. അഖില്‍ സ്‌കറിയയും (54 പന്തില്‍ 28) ബാസിത്തുമാണ് (76 പന്തില്‍ 60) 88 റണ്‍സ് കൂട്ടുകെട്ടിലൂടെ കേരളത്തിന് മേല്‍ക്കൈ നല്‍കിയത്. ശ്രേയസ് (33 പന്തില്‍ 21 നോട്ടൗട്ട്) ടീമിനെ ലക്ഷ്യം കടത്തുന്നതു വരെ ക്രീസില്‍ തുടര്‍ന്നു. സിക്‌സറോടെ ബെയ്‌സില്‍ തമ്പിയാണ് വിജയം പൂര്‍ത്തിയാക്കിയത്.
.






