അണ്ടര്‍-17 ലോകകപ്പില്‍ അര്‍ജന്റീന x ബ്രസീല്‍

ജക്കാര്‍ത്ത - അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്റീനയും ബ്രസീലും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഇംഗ്ലണ്ടും അമേരിക്കയും രണ്ടാം റൗണ്ടില്‍ പുറത്തായി. 2017 ല്‍ ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഉസ്‌ബെക്കിസ്ഥാനാണ് 2-1 ന് അട്ടിമറിച്ചത്. ജര്‍മനി അഞ്ചു ഗോള്‍ ത്രില്ലറില്‍ അമേരിക്കയെ 3-2 ന് തോല്‍പിച്ചു. 
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനി സ്‌പെയിനുമായി ഏറ്റുമുട്ടും. അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ക്വാര്‍ട്ടറും വെള്ളിയാഴ്ചയാണ്. ഫ്രാന്‍സ്-ഉസ്‌ബെക്കിസ്ഥാന്‍, മാലി-മൊറോക്കൊ ക്വാര്‍ട്ടറുകള്‍ ശനിയാഴ്ച അരങ്ങേറും. 
നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ഇറാനോട് 2-3 ന് തോറ്റിരുന്നു. എന്നാല്‍ ന്യൂ കാലിഡോണിയയെ 9-0 നും ഇംഗ്ലണ്ടിനെ 2-1 നും തോല്‍പിച്ച് അവര്‍ പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറി. 2019 ലെ ചാമ്പ്യന്മാരായ ബ്രസീല്‍ പ്രി ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ 3-1 ന് തോല്‍പിച്ചു. എസ്റ്റവായൊ രണ്ടു ഗോളടിച്ചു. ലൂയിജിയുടെ വകയായിരുന്നു ഒരു ഗോള്‍. അര്‍ജന്റീന പ്രി ക്വാര്‍ട്ടറില്‍ വെനിസ്വേലയെ 5-0 ന് തകര്‍ത്തു. ലാറ്റിനമേരിക്കന്‍ ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍ 32 മിനിറ്റാവുമ്പോഴേക്കും അര്‍ജന്റീന 3-0 ന് മുന്നിലെത്തിയിരുന്നു. അഞ്ച് ഗോളുമായി അര്‍ജന്റീനയുടെ അഗസ്റ്റിന്‍ റൂബര്‍ടോയാണ് മുന്നില്‍. 
ലസീസ്‌ബെക് മിര്‍സായേവിന്റെ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് ഇംഗ്ലണ്ടിനെ ഉസ്‌ബെക്കിസ്ഥാന്‍ ഞെട്ടിച്ചത്. അമീര്‍ബെക് സയ്‌ദോവിലൂടെ ഉസ്‌ബെക്കിസ്ഥാന്‍ ലീഡ് നേടിയെങ്കിലും ജോയല്‍ എന്‍ദാലയിലൂടെ ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു. ഫ്രാന്‍സ് ഷൂട്ടൗട്ടില്‍ 5-3 ന് സെനഗാലിനെ മറികടന്നു. അമേരിക്കക്കെതിരെ ഇഞ്ചുറി ടൈമനില്‍ ബിലാല്‍ യാല്‍സിന്‍കായയാണ് ജര്‍മനിയുടെ വിജയ ഗോള്‍ കണ്ടെത്തിയത്. സ്‌പെയിന്‍ 2-1 ന് ജപ്പാനെ തോല്‍പിച്ചു. രണ്ടു തവണ ചാമ്പ്യന്മാരായ മെക്‌സിക്കോയെ മാലി 5-0 ന് തരിപ്പണമാക്കി. മൊറോക്കോയും ഇറാനും 1-1 സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ മൊറോക്കൊ 4-1 ന് ജയിച്ചു. 
 

Latest News