ഓഖാ എക്‌സ്പ്രസ്

അവധി ദിവസമാണ്. എന്നും നേരത്തെ കുളിക്കാറുള്ള സദാനന്ദൻ അന്ന്, സുനന്ദയുടെ നീരാട്ടിനു ശേഷമാക്കാം തന്റേതെന്ന് വെച്ചു. ആഴ്ചയിലൊരിക്കൽ നടത്തിവരാറുള്ള വിശദമായ കുളിക്കായി ശരീരമാസകലം എണ്ണ തേച്ചു പിടിപ്പിച്ച് അയാൾ കാത്തിരുന്നു. തോർത്തു മുണ്ടിന്റെ മാത്രം കാരുണ്യത്തിൽ, ഡൈനിംഗ് ഹാളിലൂടെ വെറുതെ ഉലാത്തി കാത്തിരിപ്പിന്റെ വിരസത കുറച്ചു .ബാത്ത് റൂമിൽ നിന്ന് വെള്ളം വീഴുന്നതിന്റെ ഒച്ച കേൾക്കുന്നുണ്ട്. അവളുടെ കുളി കഴിയാൻ ഏറ്റവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും എടുക്കും. അയാൾ കണക്കു കൂട്ടി 
സോഫയിൽ മടക്കുകൾ നിവരാതെ കിടന്ന അന്നത്തെ പത്രമെടുത്ത് നിവർത്തി. തലക്കെട്ടുകൾ മാത്രം ഓടിച്ചു നോക്കുന്നതിനിടെയാണ് ഒരു ഫോട്ടോയിൽ കണ്ണുകൾ ഉടക്കിയത്.
പടം വലുതാണ്. വാർത്ത ചെറുതും.
ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി 12:45 നു എറണാകുളം സൗത്ത് സ്‌റ്റേഷനിലെത്തിയ ഓഖാ എക്‌സ്പ്രസ്സിന്റെ എസ്9 ബോഗിയിലാണ് ഉറങ്ങിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത് . ജനറൽ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം അമ്മത്തൊട്ടിലിൽ എത്തിക്കുകയായിരുന്നു. ദീർഘമായ ഒരു നെടുവീർപ്പിനു ശേഷം അയാൾ വായന മതിയാക്കി പത്രം മടക്കി വെച്ചു.
കുളിമുറിയിൽ നിന്ന് കേൾക്കുന്ന ജലതാളങ്ങൾക്കനുസരിച്ച് അവളിപ്പോൾ എന്ത് ചെയ്യുന്നു എന്ന് സങ്കൽപിച്ചു സദാനന്ദൻ.
സുനന്ദ പൂത്തുലഞ്ഞ് കുളികഴിഞ്ഞിറങ്ങി. ഈറനണിഞ്ഞ സൗന്ദര്യം എന്നൊക്കെ വായിച്ചറിയുന്നതിനേക്കാൾ എത്രയോ മനോഹരമാണ് നേരിട്ട് കാണുന്നത് എന്ന് അയാൾ കണ്ടുപിടിച്ചു. ഉലയാത്ത മാറ് മറച്ച് മുട്ടോളമെത്തുന്ന ടവ്വലിനകത്തെ അല്പം പോലും ഉടയാത്ത സുനന്ദയെ അയാൾ ആദ്യമായി കാണുന്ന പോലെ നോക്കിനിന്നു.
എങ്ങനെ ഉലയാനാണ് ?
അപ്പോഴാണ് സുനന്ദ ഒരു കാര്യം പറഞ്ഞത്. 
'ഇന്നലെ നിങ്ങളുണ്ടോ എന്ന് ചോദിച്ച് ലാന്റ് ഫോണിലേക്ക് ഒരു സ്ത്രീ വിളിച്ചിരുന്നു. പേര് വിശാലാക്ഷിയെന്നോ മീനാക്ഷിയെന്നോ ആണ് പറഞ്ഞത്. ഏതായാലും പേരിലൊരു 'ക്ഷി' ഉണ്ട്. ഓഫീസിൽ പോയതാണെന്നും രാത്രിയെ വരൂ എന്നും പറഞ്ഞപ്പോ മൊബൈൽ നമ്പർ തരാമോ എന്ന് ചോദിച്ചു. ഞാൻ നമ്പർ കൊടുത്ത് കാര്യമെന്താണ് എന്ന് ചോദിച്ചപ്പോൾ നേരിട്ട് പറയാനുള്ളതാ എന്ന് പറഞ്ഞു. ഇതിന്നലെ പറയാനിരുന്നതാ, മറന്നു പോയി. അങ്ങ് ക്ഷമിച്ചേര് ...!!
ഏതായിരിക്കും ഈ ക്ഷി ?
ജിവിതത്തിന്റെ നിറം മങ്ങിയ ഓട്ടോ ഗ്രാഫിലെ ഓരോ പേജും അയാൾ സാവധാനം മറിച്ചു. 
മീനാക്ഷി അല്ലെങ്കിൽ വിശാലാക്ഷി.
ഒരു വൈദ്യുതി ബോർഡ് ഓഫീസർ എന്ന നിലക്ക് വല്ല ആവശ്യങ്ങൾക്കും വേണ്ടി ആരെങ്കിലും വിളിച്ചതാവും. അയാൾ സമാധാനിച്ചു. എന്നാലും ലാന്റ് ഫോണിലേക്ക് വിളിച്ചത് ആരാവും.
മൊബൈൽ ഫോണിലേക്കല്ലേ വിളിക്കേണ്ടത്? 
ബാത്ത് റൂമിൽ കേറിയിട്ടും അയാളുടെ മനസ്സിൽ സുനന്ദ പറഞ്ഞ, ഇന്നലെ വിളിച്ച പെണ്ണ് തന്നെയായിരുന്നു.
രോമക്കാടുകളിൽ സോപ്പുപതകൾ ചിത്രം വരക്കുന്നതിനിടെ, അയാളുടെ കയ്യിൽ നിന്ന് സോപ്പ് വഴുതി താഴെ വീണു . അത് കുനിഞ്ഞെടുക്കുമ്പോൾ പൊടുന്നനെ, ഓർമ്മയുടെ ഏറ്റവും അവസാനത്തെ അറയിൽ നിന്നെന്നോണം മെലിഞ്ഞ വിരലുകളുള്ള ഒരു കൈ നീണ്ടു വരുന്നത് അയാളറിഞ്ഞു. ജീവിതത്തിൽ ആദ്യമായി അനുഭവപ്പെട്ട ഒരു മണം ചൂടുള്ള നിശ്വാസം 
അയാളെ ആകെ കോരിത്തരിപ്പിച്ചു.
ദൂരെ, ലിറ്റിൽ ലോട്ടസ് കണ്ണാശുപത്രിയുടെ വലിയ പ്രവേശന കവാടം അയാൾക്ക് മുമ്പിൽ തുറക്കപ്പെട്ടു. 
ഒരു വേനലവധിക്ക് വല്യേച്ചിയുടെ കൈപിടിച്ച് നഗരത്തിലെ പേരു കേട്ട ആ വലിയ ഹോസ്പിറ്റലിലേക്ക് കയറിപ്പോവുന്ന ഒരു പ്രീഡിഗ്രിക്കാരൻ പയ്യന്റെ കൗമാര ഭാവം ഒരു നമ്പൂതിരി ചിത്രം പോലെ അയാളുടെ മനസ്സിൽ തെളിഞ്ഞു .
ചേച്ചിക്ക് ചെറുപ്പത്തിലെ കാഴ്ചക്കുറവുണ്ടായിരുന്നു. അന്നേ വേണ്ടവണ്ണം ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇത്രമാത്രം വഷളാവില്ലായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ , പട്ടിണിയില്ലാതെ ജീവിക്കാൻ തന്നെ പ്രയാസപ്പെടുമ്പോൾ ചികിത്സിക്കാനൊന്നും കഴിയില്ലായിരുന്നു . അതുകൊണ്ട് എന്തുണ്ടായി? ഒരു 'കുട്ട്യേടത്തി'യായി മൂത്ത് നരച്ച്...
കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം കൗതുകമായിരുന്നു . മണിക്കൂറുകളോളം നീണ്ട യാത്ര വലിയ ഹോസ്പിറ്റൽ , ഡോക്ടർ മാരുടെ മാറിമാറിയുള്ള പരിശോധന, അക്ഷരങ്ങൾ വായിപ്പിക്കൽ , ഋ എന്ന അക്ഷരത്തിന്റെ വ്യത്യസ്തമായ കിടപ്പുകൾ, ചൂണ്ടു വിരൽ കൊണ്ടുള്ള ദിശ നിർണ്ണയിക്കൽ ..
എല്ലാവിധ പരിശോധനകൾക്കുമൊടുവിൽ ഡോക്ടർ വെട്ടിത്തുറന്നു പറഞ്ഞു . പ്രതീക്ഷ അമ്പത് ശതമാനമേയുള്ളൂ. കുറച്ചു നേരത്തെയായിരുന്നെങ്കിൽ .. 
ആ അഭിപ്രായ പ്രകടനം സദാനന്ദന് ഇഷ്ടമായില്ല. ഇത് തന്നോട് മാത്രം പറഞ്ഞാൽ പോരായിരുന്നോ ? വല്യേച്ചിയെ കേൾപ്പിച്ച്..
ഒടുവിൽ ചേച്ചി പറഞ്ഞു : ന്നാലും വേണ്ടില്യ . അമ്പതേങ്കി അമ്പത് ..
ചേച്ചി സമ്മതിച്ചു .
കുളി കഴിഞ്ഞതും തല തോർത്തിയതും ഒന്നും സദാനന്ദൻ അറിയുന്നുണ്ടായിരുന്നില്ല. തികച്ചും യാന്ത്രികമായി ബാത്ത് റൂമിൽ നിന്നിറങ്ങുമ്പോൾ സുനന്ദ പത്രത്തിലാണ്. 
'ദൈവത്തിന്റെ ഓരോ വികൃതികളേയ്..'
'എന്ത് പറ്റി ? നിന്റെ സൗന്ദര്യത്തിൽ ഭ്രമിച്ച് കക്ഷി വന്നു നിന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നോ ? 
'ഈ വാർത്ത നോക്കൂ'
അവളും അത് കണ്ടിരിക്കുന്നു.
'വേണ്ടോർക്ക് കൊടുക്കില്യ .. വേണ്ടാത്തോർക്ക് അങ്ങനെ കൊടുക്കുകയും ചെയ്യും ..'
സുനന്ദ അമർത്തിച്ചവിട്ടി അടുക്കളയിലേക്ക് പോയി. അവളുടെ കണ്ണുകൾ നനഞ്ഞിരിക്കുന്നു എന്ന് സദാനന്ദന് മനസ്സിലായി.
രണ്ടു രോഗികൾക്ക് കിടക്കാവുന്ന ഒറ്റ മുറിയായിരുന്നു അത്. റൂമൊക്കെ ശരിയായപ്പോഴേക്കും ഉച്ചയ്ക്ക് ഒന്നൊന്നര കഴിഞ്ഞു. കൂടെ വന്ന അളിയനും കൊച്ചേച്ചിയും തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്. മക്കൾ ഒറ്റയ്ക്കാണ് വീട്ടില് . 
'ഒറ്റയ്ക്ക് നിക്കാൻ പേടിയൊന്നും ല്ലല്ലോ കുട്ടാ ' ? കൊച്ചേച്ചി ചോദിച്ചു.
'ഞാനൊരു ആങ്കുട്ടിയല്ലേ ചേച്ചീ .. എന്ന ഭാവത്തോടെ ഹേയ് അങ്ങനെയൊന്നുമില്ലെന്ന് പറയാതെ പറഞ്ഞു. 
അവരിറങ്ങും മുമ്പ് മറ്റൊരു രോഗിയുമായി നഴ്‌സും കൂട്ടരും എത്തി . ഒരു അമ്മയാണ് രോഗി . കൂടെ അവരുടെ മകളാണ് എന്ന് തോന്നുന്നു ഒരു ചേച്ചിയുമുണ്ട് 
ഹോ സമാധാനമായി ..
റൂമൊക്കെ ശരിപ്പെടുത്തി ഹാവൂ എന്ന് ആശ്വസിച്ച് ആ ചേച്ചി വല്യേച്ചിയോട് കുശലം പറയാനെത്തി .
'നിങ്ങളെവിടുന്നാ' ? 
ചേച്ചി സ്ഥലം പറഞ്ഞു 
'എന്ത് പറ്റി' ? 
'കൊറച്ച് പഴക്കള്ള കൊഴപ്പാ .. ഓപ്പറേഷൻ ചെയ്താ ശരിയാവും ന്നു പറഞ്ഞു'
'അമ്മയാണ് ല്ലേ ' ?.
'ഉവ്വ് , ഭർത്താവിന്റെ അമ്മയാണ് . തിമിരത്തിന്റെ പ്രശ്‌നാ .. ഓപ്പറേഷൻ വേണം'
'ഇതാരാ ? '
'ചെറിയ ആങ്ങളേണ്...'പ്രീഡിഗ്രിക്ക് പഠിക്കുവാ വെക്കേഷൻ ആയതോണ്ട് അവനെയും കൂട്ടി ..
അത് കേട്ടപ്പോൾ ആ ചേച്ചി സദാനന്ദനും കൊടുത്തു കാണാൻ ചേലുള്ള ഒരു ചിരി.
'എന്നാ ഓപ്പറേഷൻ ? 
'അടുത്ത ബുധനാഴ്ച '
'അന്നന്നെ ആണല്ലോ അമ്മേടെതും ..'
'അത് നന്നായി ..'
ചേച്ചിക്ക് ചായേ കാപ്പിയോ ച്ചാ പറഞ്ഞോളൂ. ഞാൻ കൊണ്ട് വരാം ..
തൂക്കു പാത്ര മെടുത്ത് ചായ കൊണ്ടുവരാനിറങ്ങുമ്പോൾ ആ ചേച്ചിയോടും ചോദിച്ചു .
'എന്തെങ്കിലും കൊണ്ടാരണോ ? '
ആ ചോദ്യം അവർക്ക് ഇഷ്ടായി എന്ന് തോന്നി.
'മോന്റെ പേരെന്താ ? '
'സദാനന്ദൻ . എല്ലാരും നന്ദൂ ന്നു വിളിക്കും'..!
സുനന്ദ ചൂടുള്ള ചായുമായി വന്ന് സദാനന്ദന്റെ ഓർമ്മ തടസ്സപ്പെടുത്തി.
ചായ കുടിച്ച് സദാനന്ദൻ ബെഡ് റൂമിലേക്ക് നടന്നു. സുനന്ദ അടുക്കളയിലേക്കും.
പതുക്കെ സ്റ്റയർ കേസുകൾ കയറി, മാസ്റ്റർ ബെഡ് റൂമിലെ അലമാരയിൽ നിന്ന് പൊടിപിടിച്ച് ചിതറിക്കിടന്നിരുന്ന പുസ്തകങ്ങൾക്കിടയിൽ നിന്ന്, വളരെ നേരത്തെ തിരച്ചിലിന് ശേഷം ഒരു നോട്ടു ബുക്ക് പുറത്തെടുത്തു. 
അതിൽ നിന്ന് നിറം മങ്ങിയ രണ്ട് ഇൻലന്റുകളും ..!
മുമ്പ് വായിച്ചതാണ് . എന്നിട്ടും വല്ലാത്തൊരു വെപ്രാളത്തോടെ അതിലൊന്ന് തുറന്നു. മഷി പടർന്നു പോയിട്ടുണ്ട് . എങ്കിലും അക്ഷരങ്ങൾ കൃത്യമായി വായിക്കാം. 
'നന്ദൂ അത് സക്‌സസ് ആയി . ചേട്ടനും ഭയങ്കര സന്തോഷത്തിലാണ്. പ്രാർത്ഥന ദൈവം കേട്ടെന്ന് .. പാവം ..!!
കൂടുതലൊന്നും അതിലെഴുതിയിട്ടില്ലായിരുന്നു. 
സദാനന്ദന് വല്ലാതെ വിയർത്തു. ഫാൻ ഹൈ സ്പീഡിൽ കറങ്ങുന്നുണ്ട്. എന്നിട്ടും ..!!
രണ്ടാമത്തെ ഇൻലന്റ് സദാനന്ദൻ തുറന്നില്ല. അതിലെന്താണ് ഉള്ളത് എന്ന് അറിയാമായിരുന്നു.
അത് കിട്ടാൻ തന്നെ ഒരു പാട് വൈകി. വൈറൽ പനി ബാധിച്ച് ഒരു മാസം ഹോസ്പിറ്റലിൽ ആയിരുന്നു. ഡിസ്ചാർജായി വന്നതിന്റെ പിറ്റേന്ന് അമ്മ പറഞ്ഞു. നിനക്കൊരു കത്തുണ്ട്. ഫ്രം ഒന്നും എഴുതിയിട്ടില്ല. 
തുറന്നു വായിച്ചപ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയി. 
പിന്നീട് ഒരു ചാറ്റൽ മഴ പെയ്തു. പൊടുന്നനെ അതൊരു പേമാരിയായി. 
സദാനന്ദൻ കണ്ണാടിക്കു മുമ്പിൽ പോയി നിന്ന് അയാളെ തന്നെ നോക്കി നിന്നു. 
ശാലു ചേച്ചി നന്ദുവിനോട് വല്ലാത്ത ഒരിഷ്ടം കാണിച്ചു തുടങ്ങിയിരുന്നു. ഒന്ന് രണ്ടു ദിവസം കൊണ്ട് തന്നെ അവരുമായി കൂടുതൽ അടുത്തു. അവർ കൂടിയില്ലായിരുന്നു എങ്കിൽ ബോറടിച്ചു ചത്തേനെ. 
ഒരിക്കൽ റൂമിന് വെളിയിലൂടെ വെറുതെ നടക്കാനിറങ്ങുമ്പോൾ ശാലു ചേച്ചിയും ഒപ്പം വന്നു. ചേച്ചിയും അവരുടെ അമ്മയും നല്ല ഉറക്കത്തിലാണ്. 
വാർഡുകളിലേക്ക് തിരിഞ്ഞു മറിഞ്ഞു പോകുന്ന ടേണിംഗ് പോയിന്റിലൊക്കെ ചില്ലു പെട്ടകത്തിൽ ബൈബിൾ നിവർത്തി വെച്ചത് കാണാം. ഓരോ ദിവസവും ഓരോ പേജ് വീതം തുറന്നു വെച്ചിട്ടുണ്ടാവും. 
കൂട്ടിരിപ്പുകാർ വല്ലാതെ മുഷിഞ്ഞ് പുറത്തിറങ്ങുമ്പോൾ വായിക്കാനുള്ള സൗകര്യത്തിനാവും അങ്ങനെ ചെയ്തിരിക്കുന്നത്.
ബൈബിൾ അന്നാണ് ആദ്യമായി കാണുന്നത്. വായിക്കുന്നതും.
ഹോസ്പിറ്റലിനോട് ചേർന്ന് ഒരു ചർച്ച് ഉണ്ടെന്നു മനസ്സിലായി.
പള്ളിയിലെ ആരാധനാ ചടങ്ങുകളൊക്കെ ഓരോ വാർഡിലും റൂമിലിരുന്നു കേൾക്കാം. സൗണ്ട് ബോക്‌സ് ഫിറ്റ് ചെയ്തിരിക്കുകയാണ്.
ശാലു ചേച്ചി നന്ദുവിന്റെ ഒപ്പം നടന്നു. കുറച്ചങ്ങെത്തിയപ്പോൾ അവർ പറഞ്ഞു. നമുക്കിവിടെ ഇരിക്കാം. നിരത്തിയിട്ട കസേരകളിൽ അവരിരുന്നു.
കണ്ണ് രോഗികളുമായി സ്‌ട്രെച്ചറുകൾ തലങ്ങും വിലങ്ങും നീങ്ങുന്നു. അന്ധർക്ക് കാഴ്ച നൽകിയിരുന്ന കരുണാമയനായ യേശുദേവന്റെ സ്മരണാർത്ഥമാണ് ഈ ഹോസ്പിറ്റലെന്നു നന്ദു വായിച്ചെടുത്തു.
വെളിച്ചമില്ലാത്ത കണ്ണുകൾക്ക് വെളിച്ചമേകുക. 
വല്ലാത്തൊരു പുണ്യം തന്നെ.. ഇല്ലാത്തത് ഉണ്ടാക്കി കൊടുക്കുക. നഷടപ്പെട്ടത് വീണ്ടെടുത്തു കൊടുക്കുക. കണ്ണിന്റെ കാര്യം മാത്രമല്ല എല്ലാം അങ്ങനെ തന്നെ. അന്നേരം നന്ദു ഓർത്തു.
ശാലു ചേച്ചി നിർത്താതെ വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു. 
ഇടയ്ക്ക് ചോദിച്ചു : 'ചേച്ചിക്ക് കുട്ടികളൊന്നും ഇല്ലേ'? 
അതുകേട്ടപ്പോൾ ചേച്ചിയുടെ മുഖം വാടി . കണ്ണുകൾ നിറഞ്ഞു.
വേണ്ടായിരുന്നു അങ്ങനെയൊരു ചോദ്യം . വെറുതെ അവരെ വിഷമിപ്പിച്ചു നന്ദു അവനെ തന്നെ കുറ്റപ്പെടുത്തി.
ചേച്ചി കണ്ണ് തുടച്ചു. എന്നിട്ട് പറഞ്ഞു : 'എട്ടു പത്തു വർഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. എന്ത് ചെയ്യാനാ? വിധി തീരുമാനിച്ചതല്ലേ നടക്കൂ. ഒരു പാട് ചികിത്സ നടത്തി. നേർച്ചകൾ, വഴിപാടുകൾ.. ഇപ്പോഴും ട്രീറ്റ്‌മെന്റുകൾ നടക്കുന്നു. ഒരു കുട്ടീനെ ദത്തെടുക്കാം ന്നൊക്കെ ഏട്ടൻ പറയുന്നുണ്ട്. ഞാൻ സമ്മതിക്കാഞ്ഞിട്ടാ .. അവനാന്റെതല്ലേ അവനാന്റെത് ആവൂ .. ഒരു രക്ഷയുമില്ലെങ്കിൽ ... !!
ചേച്ചി നെടുവീർപ്പിട്ടു. 
അവസാനം പറഞ്ഞു: എനിക്കല്ല കുമാരേട്ടനാണ് കുഴപ്പം !!!
ആ പറഞ്ഞത് പൂർണ്ണമായും അവന് മനസ്സിലായില്ല..
ഓപ്പറേഷൻ നടക്കുന്ന അന്ന് ശാലു ചേച്ചി വളരെ പ്രസന്നവതിയായിരുന്നു.
മുമ്പൊന്നുമില്ലാത്ത വിധം ഒരു സൗന്ദര്യം അവർക്ക് അന്ന് വന്നു ചേർന്ന പോലെ..
തലേന്ന് തന്നെ ഓപ്പറേഷനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചിരുന്നു. 
രണ്ടു പേരുടെയും മുടിയും പുരികവുമൊക്കെ വടിച്ചു കളഞ്ഞിരുന്നു.
രാവിലെ എട്ടു മണിയോടെ ഓപ്പറേഷൻ തിയ്യേറ്ററിലേക്ക്. ഇനി മണിക്കൂറുകൾ കഴിഞ്ഞേ അവരെ തിരിച്ചു കൊണ്ട് വരൂ.. 
സദാനന്ദൻ ചേച്ചിയുടെ കട്ടിലിൽ കിടന്ന് എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്.
പെട്ടെന്നാണ് ഒരു ചുടു നിശ്വാസം അവന്റെ ചുണ്ടുകളിൽ പതിഞ്ഞത് ...!!
പുറത്ത് ആശുപത്രി കോമ്പൗണ്ടിൽ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. 
അതിശക്തായ വേനൽ മഴ !!!
ഡിസ്ചാർജ് ആയ അന്ന് ശാലു ചേച്ചി അവന്റെ പക്കൽ നിന്ന് അഡ്രസ്സും വീട്ടിലെ ലാന്റ് നമ്പറും വാങ്ങി. പേടിക്കാനൊന്നുമില്ലെന്നും ആരും ഒന്നും അറിയില്ലെന്നും ഇനി നമ്മൾ ഒരിക്കലും കാണില്ലെന്നുമൊക്കെ പറഞ്ഞ് അവരിറങ്ങി. അവരുടെ തിളങ്ങുന്ന കണ്ണുകളിൽ നന്ദിയുടെയും സംതൃപ്തിയുടെയും ഒരു തടാകം ശാന്തമായി ഓളമിടുന്നുണ്ടായിരുന്നു.
സുനന്ദ ജീവിതത്തിലേക്ക് കടന്നു വരും വരെ വല്ലാത്ത ആധിയായിരുന്നു. 
ശാലു ചേച്ചി ഒരിക്കലും ഫോൺ വിളിച്ചിട്ടില്ലായിരുന്നു . രണ്ടേ രണ്ടു കത്തുകൾ.
ഒന്ന് പ്രഗ്‌നന്റ് ആയെന്ന് അറിയിക്കാൻ 
രണ്ട് മകളുണ്ടായത് അറിയിക്കാൻ ..!!
പിന്നെന്തേ വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഇങ്ങനെ ഒരു വിളി? 
ഓരോന്ന് ചിന്തിച്ചു കിടക്കുമ്പോൾ ആണ് മൊബൈൽ ശബ്ദിക്കുന്നത്. ഓടിച്ചെന്ന് എടുത്തു 
'ഹലോ ..'
'നന്ദുവല്ലേ '?
'അതേ .. ആരാ? 
ശാലു ചേച്ചിയാണ്. മറന്നോ ? ലിറ്റിൽ ലോട്ടസ് .. ഞാനിന്നലെ വീട്ടിലേക്കു 
വിളിച്ചിരുന്നു. 
ഭാര്യയാണ് മൊബൈൽ നമ്പർ തന്നത്.
ആകാംക്ഷയുടെ ആഴങ്ങളിൽ നിന്ന് വളരെ പ്രയാസപ്പെട്ട് പുറത്തു വന്ന നെഞ്ചിടിപ്പോടെ സദാനന്ദൻ ചോദിച്ചു .. 
'എന്ത് പറ്റി ? വല്ല പ്രശ്‌നവും ? 
'ഒന്നുമില്ല ; പേടിക്കേണ്ട, അത്യാവശ്യമായി ഒന്നിവിടം വരെ വരണം..
കുമാരേട്ടൻ ഹോസ്പിറ്റലിലാണ്. നിന്നെയൊന്നു കാണണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടുന്നുണ്ട്.
'എന്നെയോ .. ? അപ്പോൾ ചേച്ചി എല്ലാം പറഞ്ഞോ? 
എല്ലാം പറയാം .. .. 'എറണാകുളം ജനറൽ ഹോസ്പിറ്റൽ .. എത്തിയിട്ട് ഈ നമ്പറിൽ വിളിച്ചാൽ മതി. 
പറ്റുമെങ്കിൽ ഇന്ന് തന്നെ ഒന്ന് വരൂ .. പിന്നീട് ഒരിക്കലും ഉപദ്രവിക്കില്ല പ്ലീസ് ..
ട്രെയിൻ യാത്രയിലുടനീളം സദാനന്ദൻ അസ്വസ്ഥനായിരുന്നു. ജനറൽ കമ്പാർട്ട് മെന്റിലെ വിന്റോക്കരികിലുള്ള സീറ്റിൽ ചിന്താവിഷ്ടനായി ഇരുന്നു. നല്ല തിരക്കുണ്ട്. സീറ്റ് കിട്ടിയത് ഭാഗ്യം.
കുമാരേട്ടൻ തന്നെ കാണണം എന്ന് പറഞ്ഞത് എന്തിനാവും? 
എറണാകുളം സൗത്ത് റയിൽവേ സ്‌റ്റേഷനിൽനിന്ന് ഓട്ടോയിൽ കേറുമ്പോൾ സദാനന്ദൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.
ഹോസ്പിറ്റലിന് മുമ്പിൽ ഓട്ടോയിൽ നിന്നിറങ്ങി ചേച്ചിക്ക് വിളിച്ചു.
കാത്തിരുന്ന പോലെ മൊബൈൽ അറ്റന്റ് ചെയ്തു ശാലു ചേച്ചി പറഞ്ഞു .
'ദാ ഞാനെത്തി'.
വർഷങ്ങൾക്കു ശേഷമുള്ള ആ പുനഃസമാഗമം ആയിരം നാക്കുള്ള മൗനത്തിൽ ഒളിപ്പിച്ച് ചേച്ചി മുമ്പിലും അവൻ പിന്നിലുമായി നടന്നു. 
അവൻ ഒരു കൊച്ചു കുട്ടിയെ പോലെ അവരെ അനുഗമിച്ചു.
നിരവധി ട്യൂബുകളുടെയും യന്ത്ര സാമഗ്രികളുടെയും സംരക്ഷണയിൽ തളർന്നു കിടക്കുന്ന കുമാരേട്ടനെ അവൻ ദയനീയമായി നോക്കി. 
ആ കണ്ണുകൾ എന്തോ പറയാൻ ഭാവിക്കുന്നുണ്ടെന്ന് അവനു തോന്നി. അടുത്തു ചെന്നു.
കുമാരേട്ടൻ അവന്റെ കൈകൾ മുകർന്നു. ചുണ്ടുകളിൽ പെയ്യാൻ മുറ്റിനിൽക്കുന്ന വാക്കുകൾ. കുമാരേട്ടൻ ഒന്നും പറഞ്ഞില്ലെങ്കിലും അവൻ ആ മുഖത്തുനിന്ന് എല്ലാം വായിച്ചെടുത്തു.
ഒടുവിൽ യാത്ര പറഞ്ഞ് ചേച്ചിയോടൊപ്പം ആശുപത്രിയുടെ സ്‌റ്റെപ്പുകൾ തിരക്കിട്ട് ഇറങ്ങുമ്പോൾ പിറകിൽനിന്ന് മെലിഞ്ഞ വിരലുകളുള്ള ഒരു കൈ അയാളിലേക്ക് നീണ്ടു വരുന്നുണ്ടായിരുന്നു.

Latest News